ഡീസലിന് ഒറ്റയടിക്ക് 6.73 രൂപ കൂട്ടി; കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടി, പൊതുവിപണിയിലും നിരക്ക് കുത്തനെ ഉയരും
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയായി ബൾക്ക് പർച്ചേസർ വിഭാഗത്തിലുള്ള വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില കുത്തനെ കൂട്ടി ഇന്ത്യൻ ഓയിൽ കോർപറേഷൻ. പ്രതിദിനം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്നവരെയാണ് ബൾക്ക് പർച്ചേസറായി പരിഗണിക്കുന്നത്.
പൊതുപമ്പുകളെ അപേക്ഷിച്ച് മൂന്ന് മുതൽ നാല് രൂപ വരെ കുറവിലാണ് കെ.എസ്.ആർ.ടി.സിക്കടക്കം ഡീസൽ ലഭിച്ചിരുന്നത്. പൊതു പമ്പുകളിലേതുപോലെ വൻകിട ഉപഭോക്താക്കൾക്ക് നിരക്ക് വർധിപ്പിക്കാറില്ല. ഈ പതിവ് തെറ്റിച്ചാണ് ഒറ്റയടിക്ക് 6.73 രൂപ വർധിപ്പിച്ചത്.
ഇതോടെ കെ.എസ്.ആർ.ടി.സിക്ക് ഒരു ലിറ്റർ ഡീസലിന് പൊതു പമ്പുകളിലേതിനെക്കാൾ 4.5 രൂപ അധികം നൽകണം. ഡീലർ കമീഷൻ കൂടിയാകുന്നതോടെ ഇത് ആറ് രൂപയാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊതു പമ്പുകളെ ഒഴിവാക്കി ബൾക്ക് പർച്ചേസർ വിഭാഗങ്ങളിൽ കൈവെച്ചതെന്നാണ് വിവരം.
അധിക തുക നൽകി ഐ.ഒ.സി ഡീസൽ വാങ്ങേണ്ടതില്ലെന്നാണ് പ്രാഥമിക ധാരണ. പ്രതിസന്ധി മറികടക്കുന്നതിന് വിവിധ മാർഗങ്ങൾ ആലോചിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിക്ക് എട്ട് ഔട്ട്ലെറ്റ് പമ്പുകളുണ്ട്. പരമാവധി ബസുകൾ ഇവിടെനിന്ന് ഇന്ധനം നിറക്കാനാണ് തീരുമാനം. സ്വകാര്യപമ്പുകളിൽ നിന്ന് എണ്ണയടിക്കാനും നീക്കമുണ്ട്.
പൊതുവിപണിയിലും ബൾക്ക് പർച്ചേസ് വിഭാഗത്തിനും നാല് രൂപ വരെ നികുതിയിളവുള്ള കർണാടകയിൽനിന്ന് ഇന്ധനമെത്തിക്കാനും ഇവ വടക്കൻ ജില്ലകളിൽ വിതരണം ചെയ്യാനും ആലോചനയുണ്ട്.
2013ൽ പൊതുവിപണിയെ അപേക്ഷിച്ച് ബൾക്ക് പർച്ചേസ് വിഭാഗത്തിന്റെ നിരക്ക് വർധിപ്പിച്ചിരുന്നു. ഇത് കുറക്കാതെ പൊതുവിപണിയിലെ വില ഉയർത്തിയാണ് അന്ന് നിരക്ക് ഒപ്പത്തിനൊപ്പമെത്തിച്ചത്. ഈ അനുഭവം മുൻനിർത്തി പൊതുവിപണിയിൽ എണ്ണ വില വർധിക്കുന്നതിന്റെ സൂചനകൂടിയാണ് ബൾക്ക് പർച്ചേസ് വിഭാഗത്തിന് വരുത്തിയ വർധനയെന്ന് വിലയിരുത്തലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.