ആയിരക്കണക്കിനാളുകളുടെ തൊഴിൽനഷ്ടമാകും; സ്ഥാപനം പൂട്ടേണ്ടി വരും, പാപ്പർ നടപടിക്കെതിരെ ബൈജൂസ്
text_fieldsന്യൂഡൽഹി: പാപ്പർ നടപടികൾ മൂലം ബൈജൂസിൽ ആയിരക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടമാകുമെന്ന് സി.ഇ.ഒ ബൈജു രവീന്ദ്രൻ. പാപ്പർ നടപടികളുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടേണ്ട ഗതിയുണ്ടാകുമെന്നും ബൈജു രവീന്ദ്രൻ കർണാടക ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നു. റോയിട്ടേഴ്സാണ് ബൈജുവിന്റെ ഹരജിയിലെ വിവരങ്ങൾ പുറത്ത് വിട്ടത്.
ബൈജൂസിനെ പിന്തുണക്കുന്ന നിക്ഷേപകരായ പ്രോസുസ്, ജനറൽ അറ്റ്ലാന്റിക് എന്നിവർക്ക് കഴിഞ്ഞ ഏതാനം മാസങ്ങളായി തിരിച്ചടിയേറ്റിയിരുന്നു. ഇതുമൂലം തൊഴിൽ വെട്ടിക്കുറക്കാൻ കമ്പനികൾ നിർബന്ധിതമായിരുന്നു. ഇതും ബൈജൂസിലെ പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. ഇതിനിടെ ബൈജൂസിലെ പ്രശ്നങ്ങൾക്ക് കാരണം സി.ഇ.ഒ ബൈജു രവീന്ദ്രന്റെ കോർപ്പറേറ്റ് ഭരണത്തിലെ പ്രശ്നങ്ങളാണെന്നും ഈ കമ്പനികൾ ആരോപിച്ചിരുന്നു. എന്നാൽ, താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു ബൈജു രവീന്ദ്രന്റെ വിശദീകരണം.
നേരത്തെ ബൈജൂസിൽ പാപ്പർ നടപടികൾക്ക് തുടക്കം കുറിക്കാമെന്ന് ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച ട്രിബ്യൂണൽ വ്യക്തമാക്കിയിരുന്നു. ബി.സി.സി.ഐ നൽകിയ ഹരജിയിലായിരുന്നു ഉത്തരവ്. സ്പോൺസർഷിപ്പ് ഇനത്തിൽ 19 മില്യൺ ഡോളർ നൽകാനുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി.
എന്നാൽ, പാപ്പർ നടപടികളുമായി മുന്നോട്ട് പോയാൽ സ്ഥാപനം പൂട്ടേണ്ടി വരുമെന്നാണ് 452 പേജുള്ള ഹരജിയിൽ ബൈജു രവീന്ദ്രൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 21ലേറെ രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയാണ് ബൈജൂസ്. കോവിഡുകാലത്താണ് ബൈജൂസ് പ്രശസ്തമായത്. നിലവിൽ 27,000 ജീവനക്കാരാണ് ബൈജൂസിലുള്ളത്. ഇതിൽ 16,000 പേരും അധ്യാപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.