ഷാരൂഖ് അഭിനയിച്ച പരസ്യങ്ങളുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെച്ച് ബൈജൂസ്
text_fieldsന്യൂഡൽഹി: ബോളിവുഡ് താരം ഷാരൂഖ് ഖാൻ അഭിനയിക്കുന്ന പരസ്യങ്ങളുടെ സംപ്രേഷണം താൽകാലികമായി പിൻവലിച്ച് ബൈജൂസ് ആപ്. ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ട് മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞദിവസങ്ങളിൽ ഷാരൂഖ് ഖാൻ അഭിനയിച്ച ബൈജൂസ് ആപിന്‍റെ പരസ്യങ്ങൾ നിർത്തിവെച്ചതായി ദേശീയ മാധ്യമമായ ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്റർ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രതിേഷധം ഉയർന്നതോടെയാണ് പരസ്യത്തിന്‍റെ സംപ്രേഷണം നിർത്തിവെച്ചതെന്നാണ് വിവരം.
ബൈജൂസ് ആപിന്‍റെ കേരളത്തിന് പുറത്തുള്ള ബ്രാൻഡ് അംബാസിഡറാണ് ഷാരൂഖ് ഖാൻ. ഷാരൂഖിന്‍റെ വൻ സ്പോൺസർഷിപ്പ് ഡീലുകളിലൊന്നാണ് ബൈജൂസ് ആപ്പുമായുള്ളത്. കൂടാതെ ഹ്യൂണ്ടായ്, എൽ.ജി, ദുബൈ ടൂറിസം, ഐ.സി.ഐ.സി.ഐ, റിലയൻസ് ജിയോ എന്നിവയെയും ഷാരൂഖ് ഖാൻ പ്രതിനിധീകരിക്കുന്നു.
ഷാരൂഖ് ഖാന്‍റെ ബ്രാൻഡ് നിലനിർത്താൻ വർഷം മൂന്നുമുതൽ നാലുകോടി രൂപയാണ് ബൈജൂസ് നൽകുന്നതെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്‍റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഏറ്റെടുക്കുന്നത്.
ആര്യൻ ഖാനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷാരൂഖ് ഖാനെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്തുനിന്ന് ഒഴിവാക്കുമോയെന്ന കാര്യം വ്യക്തമല്ല.
മുംബൈയിലെ കോർഡെലിയ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യൻ ഖാനെയും ഏഴുപേരെയും അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ആര്യൻ ഖാനെ മുംബൈയിലെ ആർതുർ റോഡ് ജയിലിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.