ബൈജൂസ് ആപ്പിലേക്ക് 3000 കോടിയുടെ നിക്ഷേപം; ഇനി രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പ്
text_fields
മലയാളിയായ ബൈജു രവീന്ദ്രെൻറ എഡ്യൂ-ടെക് സ്റ്റാർട്ട്അപ്പായ ബൈജൂസ് ആപ്പിലേക്ക് വീണ്ടും കോടികളുടെ നിക്ഷേപം. റഷ്യ- ഇസ്രയേലി സംരംഭകനും ശതകോടീശ്വരനുമായ യൂറി മില്നെറിെൻറ നിക്ഷേപ സ്ഥാപനമായ ഡി.എസ്.ടി ഗ്ലോബലാണ് 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നത്. കൊറോണ കാലത്ത് കമ്പനിയിലേക്കെത്തുന്ന രണ്ടാമത്തെ വന്‍ നിക്ഷേപമാണിത്. പേടിഎമ്മിന് ശേഷം രാജ്യത്തെ വലിയ രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായ ബൈജൂസ് 10.5 ബില്യണ്‍ ഡോളർ മൂല്യമുള്ള കമ്പനിയാണ്. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുടെ പിന്തുണയുള്ള പേടിഎമ്മിെൻറ മൂല്യം 16 ബില്യൺ ഡോളറാണ്.
ലോകത്തെ ഏറ്റവും മൂല്യമേറിയ എഡ്യൂ-ടെക് സ്ഥാപനമെന്ന പേരും നിലവിൽ ബൈജൂസിനാണ്. ആഗോള ടെക്നോളജി നിക്ഷേപ സ്ഥാപനമായ മേരീ മീക്കേഴ്‌സ് ബോണ്ടില്‍നിന്ന് വമ്പൻ നിക്ഷേപമെത്തിയതോടെയാണ് കഴിഞ്ഞ ജൂണിൽ 10.5 ബില്യണ്‍ ഡോളർ മൂല്യമുള്ള സ്ഥാപനമായി ബൈജൂസ് മാറിയത്. അമേരിക്കൻ കമ്പനിയായ ടൈഗര്‍ ഗ്ലോബല്‍ കഴിഞ്ഞ ജനുവരിയില്‍ മലയാളി സംരംഭകെൻറ ആപ്പിൽ 20 കോടി ഡോളര്‍ നിക്ഷേപം നടത്തുകയുണ്ടായി.
നാലാം ക്ലാസുമുതൽ 12ാം ക്ലാസുവരെയുള്ള വിദ്യാർഥികളെ ലക്ഷ്യംവെച്ച് 2015ലായിരുന്നു ബൈജൂസ് ലേണിംഗ് ആപ്പിന് തുടക്കമിട്ടത്. 2011ൽ ബൈജു രവീന്ദ്രൻ ബെംഗളൂരുവിൽ സ്ഥാപിച്ച എഡ്യൂക്കേഷണൽ ടെക്നോളജി ആൻഡ് ഒാൺലൈൻ ട്യൂട്ടറിങ് കമ്പനിയുടെ കീഴിലുള്ളതായിരുന്നു ബൈജൂസ് ആപ്പ്. നിലവിൽ 4.2 കോടി രജസ്റ്റർ ചെയ്ത ഉപയോക്താക്കളുള്ള ബൈജൂസ് ആപ്പിന് 30 ലക്ഷത്തിലധികം പേയ്ഡ് സബ്സ്ക്രൈബർമാരുമുണ്ട്. ലോക്ഡൗൺ കാലത്ത് ആപ്പിന് കൂടുതൽ ഉപയോക്താക്കളുണ്ടായതായി കമ്പനി അവകാശപ്പെടുന്നുണ്ട്. മൊബൈല്‍ ആപ്പിെൻറ സഹായത്തോടെ വീട്ടിലിരുന്ന് കുട്ടികളെ സ്വന്തമായി പഠിക്കാന്‍ പ്രാപ്തരാക്കുകയാണ് ബൈജൂസ് ആപ്പിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.