കർഷകർക്ക് നിരാശ; ഏലം വില കുതിപ്പ് നിന്നു
text_fieldsഏലം കർഷകർ ഓഫ് സീസണിലെ ഉയർന്ന വിലയെ ഉറ്റുനോക്കിയെങ്കിലും ആഭ്യന്തര വിദേശ വാങ്ങലുകാർ സംഘടിതരായി കുതിപ്പിനെ തടഞ്ഞു. കിലോ 2000-2400 ന് മുകളിൽ കടത്തിവിടാൻ അവർ തയാറായില്ല. ജനുവരി-മാർച്ചിൽ കിലോ 1500-1600 റേഞ്ചിൽ നീങ്ങിയ ഉൽപന്നത്തെ ഏപ്രിലിൽ അവർ 1800 - 2000 ലേക്ക് ഉയർത്തി. എന്നാൽ, കഴിഞ്ഞ മാസം കാലാവസ്ഥ പാടെ മാറിമറിഞ്ഞതും ഉഷ്‌ണ തരംഗത്തിൽ ഏലതോട്ടങ്ങളിൽ ശരങ്ങൾ കരിഞ്ഞ് ഉണങ്ങിയതും കനത്ത കൃഷിനാശത്തിന് ഇടയാക്കി.
ഇത് ആഭ്യന്തര വാങ്ങലുകാരെയും കയറ്റുമതിക്കാരെയും അക്ഷരാർഥത്തിൽ പ്രതിസന്ധിലാക്കി. ഹൈറേഞ്ചിലെ കൃഷിനാശം സംബന്ധിച്ച കണക്കുകൾ പുറത്തുവന്നതും അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന് വ്യക്തമായതും മേയ് അവസാനം ലേല കേന്ദ്രങ്ങളിൽ ഏലക്കയെ 2400 വരെ എത്തിച്ചു. ഇതിനിടയിൽ കാലവർഷത്തിന്റെ വരവ് കാർഷിക മേഖലക്ക് ആശ്വാസം പകരും. കൃഷിനാശം സംഭവിച്ച തോട്ടങ്ങളിൽ പുതിയവ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് ഉൽപാദകർ.
ആഗോള സുഗന്ധവ്യജ്ഞന വിപണിയിൽ വിയറ്റ്‌നാം കുരുമുളകിന് ആധിപത്യം നഷ്‌ടപ്പെടുന്നു. നാല് വർഷമായി വില ഇടിച്ച് വിപണി പിടിക്കാൻ മത്സരിച്ച അവർ നിലവിൽ ചരക്ക് ക്ഷാമത്തന്റെ പിടിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിൽ വിയറ്റ്‌നാമിൽ ഉൽപാദനം കുറഞ്ഞ വിവരം യൂറോപ്യൻ ഇറക്കുമതിക്കാരെയും ഞെട്ടിച്ചു. ക്രിസ്‌മസ് ആവശ്യങ്ങൾക്ക് വേണ്ട ചരക്കിന് അവർ ഇതര ഉൽപാദന രാജ്യങ്ങളിലെ കയറ്റുമതിക്കാരെ സമീപിച്ചു.
ബ്രസീലും ഇന്തോനേഷ്യയും അടക്കമുള്ള കുരുമുളക് ഉൽപാദന രാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും നിരക്ക് അടിക്കടി ഉയർത്തുകയാണവർ. ബ്രസീൽ ടണ്ണിന് 5500 ഡോളറും ഇന്തോനേഷ്യ 6000 ഡോളറുമാണ് ആവശ്യപ്പെടുന്നത്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 62,900 രൂപ. റബർ കർഷകരെ ആവേശം കൊള്ളിച്ച് ഷീറ്റ് വില മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. ടാപ്പിങ് സീസണിന് തുടക്കം കുറിക്കും മുന്നേ വിപണിയിലുണ്ടായ മുന്നേറ്റം കർഷകരെ തോട്ടങ്ങളിലേക്ക് അടുപ്പിക്കും. 2021 ന് ശേഷം ആദ്യമായി കിലോ 193 രൂപയിൽ തുടർച്ചയായി മൂന്ന് ദിവസം നാലാം ഗ്രേഡ് റബർ വ്യാപാരം നടന്നു.
മഴയിൽ ടാപ്പിങ് പുനരാരംഭിക്കാൻ കാലതാമസം നേരിടുമെന്നത് വിപണിയിലെ ഷീറ്റ് ക്ഷാമം രൂക്ഷമാക്കും. മേയ് രണ്ടാം പകുതിയിൽ വേനൽമഴ ശക്തമായത് മരങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കുന്നതിനും തടസ്സമുളവാക്കി. മുഖ്യ വിപണികളിൽ ലഭ്യത ചുരുങ്ങിയത് നിരക്ക് ഉയർത്തി റബർ ശേഖരിക്കാൻ ടയർ നിർമാതാക്കളെ പ്രേരിപ്പിച്ചു. ഏഷ്യയിലെ പ്രമുഖ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ തുടർച്ചയായ നാലാം വാരത്തിലും നിരക്ക് ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.