സിമന്റിനും കമ്പിക്കും വില കുറഞ്ഞു; നിർമാണ മേഖലക്ക് ആശ്വാസം
text_fieldsകോഴിക്കോട്: ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില താഴ്ന്നു. ഇത് നിർമാണ മേഖലക്ക് വലിയ ആശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370 ലെത്തി. 80 രൂപ വരെ എത്തിയ കമ്പി വില 63ലേക്ക് താഴ്ന്നു. കമ്പനികൾക്കിടയിലെ മത്സരവും വില കുറച്ചുകിട്ടാൻ നിർമാണമേഖലയിലുള്ളവർ നടത്തിയ ഇടപെടലും വിലയിടിയാൻ കാരണമായി എന്നാണ് വിലയിരുത്തൽ.
അതേസമയം, ജനുവരി മുതൽ സിമന്റിനും കമ്പിക്കും വീണ്ടും വിലകൂട്ടാൻ നീക്കമുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെ കേരളത്തിൽ നിർമാണമേഖല സജീവമാവും. നിർമാണ സാമഗ്രികൾക്കുള്ള ഡിമാന്റ് മുന്നിൽ കണ്ടാണ് വിലവർധനക്ക് നീക്കം നടക്കുന്നതെന്ന് കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സുബൈർ കൊളക്കാടൻ പറഞ്ഞു. വലിയ നിർമാണക്കമ്പനികൾ ഇത് മുൻകൂട്ടികണ്ട് മെറ്റീരിയലുകൾ ശേഖരിച്ചു.
ഡിസംബർ മാസത്തിലാണ് വില പരമാവധി താഴോട്ട് വന്നത്. പെന്ന സിമന്റിന് 420ൽ നിന്ന് 300 രൂപയായും എ.സി.സിക്ക് 490ൽനിന്ന് 370 ആയും കുറഞ്ഞു. എല്ലാ ബ്രാൻഡുകൾക്കും 100 മുതൽ 120 രൂപ വരെ കുറഞ്ഞു. സൂര്യദേവ് ബ്രാൻഡ് കമ്പിക്ക് കിലോക്ക് 80ൽ നിന്ന് 63 രൂപയായി കുറഞ്ഞു. ടാറ്റ 81.50, വൈശാഖ് 83, പി.കെ. 78.50 എന്നിങ്ങനെയാണ് മറ്റു ബ്രാൻഡുകളുടെ വിലനിലവാരം. വിലക്കയറ്റം കാരണം വലിയ നിർമാണ പ്രവർത്തനങ്ങൾ പലയിടത്തും നിർത്തിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.