വിലക്കയറ്റം തടയാൻ പഞ്ചസാര കയറ്റുമതി നിയന്ത്രിച്ച് കേന്ദ്രം; സൺഫ്ലവർ ഓയിലിന് വിലകുറയും
text_fieldsന്യൂഡൽഹി: ഗോതമ്പ് കയറ്റുമതി നിരോധനത്തിനു പിറകെ പഞ്ചസാര കയറ്റുമതിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്രം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ജൂൺ ഒന്നു മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.
അസംസ്കൃതവും ശുദ്ധീകരിച്ചതുമായ പഞ്ചസാര ഉൾപ്പെടെയുള്ളവക്ക് കയറ്റുമതി നിയന്ത്രണമുണ്ട്.
2022 ജൂൺ ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയോ പുതിയ ഉത്തരവ് നിലവിൽ വരുന്നതുവരെയോ ഭക്ഷ്യ -പൊതുവിതരണ മന്ത്രാലയത്തിലെ പഞ്ചസാര ഡയറക്ടറേറ്റിന്റെ അനുമതി വാങ്ങി മാത്രമേ പഞ്ചസാരയുടെ കയറ്റുമതി അനുവദിക്കുകയുള്ളുവെന്ന് വിദേശ വാണിജ്യ ഡയറക്ടറേറ്റ് ജനറൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
പഞ്ചസാരയുടെ ആഭ്യന്തര ലഭ്യതയും വില സ്ഥിരതയും ഉറപ്പുവരുത്തിന്നതിനാണ് നടപടിയെന്ന് കേന്ദ്രം അറിയിച്ചു. നിലവിലെ പഞ്ചസാര സീസണിൽ (2021 ഒക്ടോബർ മുതൽ 2022 സെപ്തംബർ വരെ) 100 ലക്ഷം മെട്രിക് ടൺ പഞ്ചസാര കയറ്റുമതി ചെയ്യാൻ അനുവദിക്കും.
ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ. ബ്രസീൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി നടത്തുന്നതും ഇന്ത്യയാണ്. ഏറ്റവും കൂടുതൽ പഞ്ചസാര കയറ്റുമതി ഈ സീസണിലാണ് നടന്നത്. അതിനു പിറകെയാണ് കയററുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വർഷം 20 ലക്ഷം മെട്രിക് ടൺ അസംസ്കൃത സോയാബീൻ ഓയിലും അസംസ്കൃത സൺഫ്ലവർ ഓയിലും വീതം രണ്ടു സാമ്പത്തിക വർഷത്തേക്ക് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാനും തീരുമാനമായി.
സോയാബീൻ ഓയിലിന്റെയും സൺഫ്ലവർ ഓയിലിന്റെയും തീരുവ രഹിത ഇറക്കുമതി ഉപഭോക്താക്കൾക്ക് ആശ്വാസമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ് ആന്റ് കസ്റ്റംസ് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.