അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര അന്വേഷണം; ഇടപാടുകളുടെ രേഖകളും അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും
text_fieldsന്യൂഡൽഹി: ഓഹരി വിലയിൽ വൻ കൃത്രിമം നടത്തിയെന്ന ആരോപണത്തിൽ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് അന്വേഷണം നടത്തുക. അദാനി ഗ്രൂപ്പ് സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിവരങ്ങളുമാണ് മന്ത്രാലയം പരിശോധിക്കുക.
കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരമാണ് പ്രാഥമിക നടപടി. പരിശോധനയുടെ ഭാഗമായി കൂടുതൽ രേഖകൾ ആവശ്യപ്പെടാൻ ഈ സെക്ഷൻ പ്രകാരം അധികാരമുണ്ട്. ഓഹരി വിലയിൽ വൻ കൃത്രിമം കാണിച്ചെന്ന ആരോപണം ഉയർന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ നടക്കുന്ന ആദ്യ അന്വേഷണമാണിത്.
ആദാനി ഗ്രൂപ്പിനെതിരെയുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഒരാഴ്ചക്ക് ശേഷമാണ് കേന്ദ്ര സർക്കാറിന്‍റെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം പ്രതികരണമുണ്ടായത്. വിഷയം അദാനി ഗ്രൂപ്പിൽ മാത്രം ഒതുങ്ങി നിൽക്കുന്നതാണെന്നും ബാങ്കിങ് മേഖലയെ പ്രതികൂലമായി ബാധിക്കില്ലെന്നുമാണ് ആർ.ബി.ഐ പ്രതികരിച്ചത്. അദാനി ഗ്രൂപ്പിനുണ്ടാകുന്ന ഇടിവ് ഓഹരി വിപണിയെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ചൂണ്ടിക്കാട്ടിയിരുന്നു.
ഓഹരി വിലയിൽ അദാനി ഗ്രൂപ് വൻ കൃത്രിമം നടത്തിയെന്നതടക്കം ചൂണ്ടിക്കാട്ടിയുള്ളതാണ് ഹിൻഡൻബർഗ് റിപ്പോർട്ട്. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുകയാണ്. അദാനി എന്റർപ്രൈസസ് 35 ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ടോട്ടൽ ഗ്യാസ്, അദാനി വിൽമാർ, അദാനി ട്രാൻസ്മിഷൻ, എൻഡിടിവി എന്നിവയുടെ ഓഹരികൾ ലോവർ സർക്യൂട്ടിലെത്തി.
ഇതിനിടെ, ഹിൻഡൻബർഗിനും സ്ഥാപകൻ ആൻഡേഴ്സനുമെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയിൽ ഹരജി നൽകി. അഡ്വ. എം.എൽ. ശർമ്മ മുഖേന പൊതുതാൽപര്യ ഹരജിയാണ് നൽകിയത്. ആൻഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ നിക്ഷേപം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.