സിയാൽ: 35 ശതമാനം ലാഭവിഹിതത്തിന് അംഗീകാരം; 1000 കോടി മൊത്ത വരുമാനം ലക്ഷ്യമെന്ന് മുഖ്യമന്ത്രി
text_fieldsനെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപ മൊത്തവരുമാനം ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിന്റെ ഓഹരിയുടമകളുടെ 29-ാം വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മൊത്തവരുമാനവും ഏറ്റവും വലിയ ലാഭവും രേഖപ്പെടുത്തപ്പെട്ട വർഷമാണ് കടന്നുപോയത്. 770.91 കോടി രൂപയാണ് സിയാലിന്റെ മൊത്തവരുമാനം. അറ്റാദായം 265.08 കോടി രൂപയും. അവകാശ ഓഹരി വിതരണത്തിലൂടെ 478.22 കോടി രൂപ സിയാൽ സമാഹരിച്ചിട്ടുണ്ട്.
കേരള സർക്കാരിന് സിയാലിലുള്ള ഓഹരി പങ്കാളിത്തം 33.38 ശതമാനമായി ഉയരുകയുണ്ടായി. നടപ്പുസാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ മൊത്തവരുമാനം നേടുകയാണ് ലക്ഷ്യം- മുഖ്യമന്ത്രി പറഞ്ഞു. ഓഹരിയുടമകൾക്ക് 35 ശതമാനം ലാഭവിഹിതം നൽകണമെന്നുള്ള ഡയറക്ടർ ബോർഡ് ശിപാർശ യോഗം അംഗീകരിച്ചു. ലാഭവിഹിതം നൽകുന്നതിനായുള്ള ആവശ്യതുക 167.38 കോടി രൂപയാണ്.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ്, ഡയറക്ടർമാരായ ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം. ബാബു, പി. മുഹമ്മദലി, കമ്പനി സെക്രട്ടറി സജി കെ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.