രജതജൂബിലി നിറവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളം
text_fieldsനെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമായിട്ട് ശനിയാഴ്ച 25 വർഷം പൂർത്തിയാകുന്നു. കുഗ്രാമമായിരുന്ന നെടുമ്പാശ്ശേരിയെ ആഗോള ഭൂപടത്തിലേക്ക് കൈപിടിച്ചുയർത്തി 1999 മേയ് 25നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്.
പ്രതിസന്ധികൾ തരണം ചെയ്ത് 25 വർഷത്തിനുള്ളിൽ കൊച്ചി വിമാനത്താവള കമ്പനി (സിയാൽ) കൈവരിച്ച നേട്ടങ്ങൾ നിരവധി. 4.96 ലക്ഷം യാത്രക്കാരാണ് ആദ്യ വർഷം പറന്നത്. ഇന്നത് ഒരു കോടിയിലേറെയായി. ആദ്യവർഷം 6473 വിമാന സർവിസാണ് നടന്നതെങ്കിൽ 70,203 സർവിസായി ഉയർന്നു. ഒരു ദിവസം 200ഓളം സർവിസാണ് സിയാൽ മുഖേന നടക്കുന്നത്. നിത്യേന 35,000 യാത്രക്കാർ കടന്നുപോകുന്നു. 31 നഗരങ്ങളിലേക്ക് കൊച്ചിയിൽനിന്ന് ഇപ്പോൾ സർവിസുണ്ട്. സംസ്ഥാനത്തെ വ്യോമ ഗതാഗതത്തിന്റെ 62 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളമാണിത്.
25 വർഷത്തിനുള്ളിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കി. ജെറ്റ് ടെർമിനൽ ഉൾപ്പെടെ മൂന്ന് ടെർമിനൽ ഇവിടെയുണ്ട്. രണ്ടുലക്ഷം മെട്രിക് ടൺ വാർഷികശേഷിയുള്ള കാർഗോ ടെർമിനൽ സജ്ജം. കഴിഞ്ഞ വർഷം 63,642 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. നടപ്പുവർഷം 75,000 മെട്രിക് ടൺ ആണ് പ്രതീക്ഷിക്കുന്നത്. ഡിജി യാത്ര ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളും ഒരുക്കുകയാണ്. യൂറോപ്പിലേക്കുൾപ്പെടെ കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനും ശ്രമം നടത്തുന്നുണ്ട്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമെന്ന നേട്ടവും കൈവരിച്ചു. ബി.പി.സി.എല്ലുമായി ചേർന്ന് ഹൈഡ്രജൻ പ്ലാന്റും ആരംഭിക്കുന്നുണ്ട്.
സിൽവർ ജൂബിലി വർഷം 1000 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന്റെ സിവിൽ ജോലികൾ പുരോഗമിക്കുന്നു. മൊത്തം ചെലവ് 650 കോടിയാണ്. ഏപ്രൺ സൗകര്യം 35 ലക്ഷം ചതുരശ്ര അടിയായി വർധിക്കും. ടെർമിനൽ സംവിധാനം 20 ലക്ഷം ചതുരശ്ര അടിയായി ഉയരും. അനുബന്ധ സൗകര്യങ്ങളും കൂടും. 44 വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനാകും. ഒരു ഏപ്രൺ അധികമായി വരും. എട്ട് പാർക്കിങ് ബേ കൂടി അധികമായി വരും. ലക്ഷ്വറി എയ്റോ ലോഞ്ച് വിമാനയാത്രക്കാർക്ക് ടെർമിനലിൽ താമസസൗകര്യം ഒരുക്കും. ഒന്നാംഘട്ടം ഉടൻ പൂർത്തിയാകും. ചെലവ് 45 കോടി. ചുറ്റുമതിൽ ഇലക്ട്രോണിക് സുരക്ഷാവലയം ആഗസ്റ്റിൽ പൂർത്തിയാകും. ചെലവ് 23 കോടിയാണ്. വിമാനത്താവളത്തിന് മുന്നിലെ നാല് ഏക്കറിൽ പഞ്ചനക്ഷത്ര ഹോട്ടൽ നിർമിക്കും. 112 മുറികളുണ്ടാകും. സിവിൽ ജോലികൾ പൂർത്തിയായി. അടുത്ത വർഷം ആദ്യം പ്രവർത്തനം തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.