കൊക്കോ വില പറക്കുന്നു
text_fieldsകൊക്കോ കർഷകരെ രോമാഞ്ചം കൊള്ളിച്ച് ഉൽപന്ന വില നാലക്കത്തിലേക്ക് പ്രവേശിച്ചു. ഇന്ത്യൻ വിപണിയുടെ ചരിത്രത്തിൽ ആദ്യമായി കൊക്കോ വില കിലോ 1000 രൂപയിലേക്ക് ചുവടുവെച്ചത് സംസ്ഥാനത്തെ കർഷകരെ തോട്ടങ്ങളിൽ സജീവമാക്കി. ആഗോളതലത്തിൽ കൊക്കോ ക്ഷാമം രൂക്ഷമായതാണ് വില ഉയർത്തി ചരക്ക് സംഭരിക്കാൻ ചോക്ലറ്റ് നിർമാതാക്കളെയും ബേക്കറി വ്യവസായികളെയും പ്രേരിപ്പിച്ചത്.
ചോക്ലറ്റ് നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്ത വിഭവമെന്നനിലക്ക് എന്തു വിലക്കും കൊക്കോ ശേഖരിക്കാൻ ബഹുരാഷ്‌ട്ര കമ്പനികൾ ആഗോളതലത്തിൽ വില ഉയർത്തി ചരക്ക് സംഭരിക്കുകയാണ്. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ ഉൽപാദനം കുത്തനെ കുറഞ്ഞതിനാൽ ആറുമാസം കൊണ്ട് നിരക്ക് ടണ്ണിന് 4000 ഡോളറിൽനിന്ന് 12,000 ഡോളർവരെ ചുവടുവെച്ചു.
കേരളത്തിൽ നിരക്ക് 220 രൂപയിൽനിന്നുള്ള കുതിച്ചു ചാട്ടത്തിൽ ഇതിനകം 1020 രൂപവരെ ഉയർന്ന് ഇടപാടുകൾ നടന്നു. അടുത്ത മാസം ഹൈറേഞ്ചിൽ പുതിയ കൊക്കോ വിൽപനക്ക് സജ്ജമാകുന്നതോടെ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. വിപണിയിൽ ലഭ്യത ഉയർന്നാൽ 900-840 റേഞ്ചിൽ ഉൽപന്നത്തിന് താങ്ങ് പ്രതീക്ഷിക്കാം. തമിഴ്‌നാട്, കർണാടകം, ആന്ധ്ര സംസ്ഥാനങ്ങളിൽ കൊക്കോ വിളയുന്നുണ്ടെങ്കിലും ഹൈറേഞ്ച് കൊക്കോക്കാണ് ഏറ്റവും ഉയർന്ന വില.
റബറിന് തിരിച്ചടി
ഏറെ പ്രതീക്ഷകളോടെയാണ് റബർ ഉൽപാദകർ ഏപ്രിലിൽ വിപണിയിലെ ഓരോ ചലനങ്ങളെയും നിരീക്ഷിച്ചത്. മാർച്ച് അവസാനം കിലോ 190 രൂപ വരെ ഉയർന്ന നാലാം ഗ്രേഡ് റബർ വില 200ലേക്ക് ചുവടുവെക്കുമെന്ന് കണക്ക് കൂട്ടലിൽ വൻകിട തോട്ടങ്ങളും ചെറുകിട കർഷകരും ചരക്ക് പിടിച്ചെങ്കിലും ടയർ ലോബിയുടെ സംഘടിത നീക്കം മൂലം നിരക്ക് 179ലേക്ക് ഇടിഞ്ഞു.
പ്രതികൂല കാലാവസ്ഥയിൽ ടാപ്പിങ് സ്‌തംഭിച്ചതിനാൽ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. അഞ്ചാം ഗ്രേഡ് 176 രൂപയായി താഴ്‌ന്നു. വിദേശ മാർക്കറ്റുകളിലും റബറിന് തിരിച്ചടി നേരിട്ടു. ജപ്പാൻ, ചൈനീസ് റബർ അവധി വിലകളിൽ അനുഭവപ്പെട്ട വിൽപന തരംഗം മുഖ്യ കയറ്റുമതി രാജ്യങ്ങളായ തായ്‌ലന്റിലും മലേഷ്യയിലും റബറിന് തിരിച്ചടിയായി.
ഏഷ്യൻടയർ ഭീമൻമാർ ഷീറ്റ് സംഭരണത്തിൽ കാണിച്ച തണുപ്പൻ മനോഭാവം വിലത്തകർച്ചക്ക് ഇടയാക്കി. മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ നാലാം ഗ്രേഡിന് തുല്യമായ ഷീറ്റ് വില കിലോ 000 രൂപയാണ്.
കുരുമുളക് വില വീണ്ടും ഉയർന്നു
അന്തർസംസ്ഥാന ഡിമാൻറിൽ കുരുമുളക് വില വീണ്ടും ഉയർന്നു. വരൾച്ച രൂക്ഷമായതോടെ കാർഷിക മേഖല കൈവശമുള്ള മുളക് വിൽപനക്ക് ഇറക്കുന്നതിൽ വരുത്തിയ നിയന്ത്രണം വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. നിരക്ക് ഉയർത്തി സ്‌റ്റോക്കിസ്‌റ്റുകളെ ആകർഷിക്കാൻ അവർ ശ്രമം നടത്തിയെങ്കിലും കാർഷിക മേഖലയിൽനിന്ന് വിൽപനക്കാർ എത്താഞ്ഞത് തിരിച്ചടിയായി.
പല തോട്ടങ്ങളിലും കുരുമുളക് കൊടികൾ കരിഞ്ഞ് ഉണങ്ങിയത് കണക്കിലെടുത്താൽ അടുത്ത സീസണിലും ഉൽപാദനം കുറയുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. ഇതിനിടയിൽ വിനിമയ വിപണിയിൽ രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് വ്യവസായികൾ ഇറക്കുമതിയിൽനിന്നും പിൻതിരിഞ്ഞതും വിലക്കയറ്റത്തിന് വേഗം പകരും.
മുഖ്യ കയറ്റുമതി രാജ്യമായ വിയറ്റ്നാമിൽ കുരുമുളക് ക്ഷാമം രൂക്ഷമായതിനാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും കുരുമുളകിനായി ഇതര ഉൽപാദന രാജ്യങ്ങളെ സമീപിക്കാനുള്ള നീക്കത്തിലാണ്.
ചാഞ്ചാടി സ്വർണം
കേരളത്തിലെ ആഭരണ വിപണികളിൽ സ്വർണ വിലയിൽ ചാഞ്ചാട്ടം. പവൻ 54,440 രൂപയിൽനിന്ന് 52,920ലേക്ക് താഴ്‌ന്ന ശേഷമുള്ള തിരിച്ചുവരവിൽ പവൻ 53,320 രൂപയായി ഉയർന്നു. ന്യൂയോർക്കിൽ സ്വർണവില ട്രോയ് ഔൺസിന് 2336 ഡോളർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.