Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതേങ്ങയുടെ കാലം

തേങ്ങയുടെ കാലം

text_fields
bookmark_border
coconut
cancel
camera_alt

കോഴിക്കോട് സൗത്ത് ബീച്ചിലെ വിപണിയിൽ തൊഴിലാളികൾ നാളികേരം തരംതിരിക്കുന്നു

–കെ. വിശ്വജിത്ത്

പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വില സർവകാല റെക്കോഡിലേക്ക് കുതിച്ചതിന്റെ ആശ്വാസത്തിലാണ് നാളികേര കർഷകർ. സർക്കാർ നിശ്ചയിച്ച താങ്ങുവിലയായ 34 രൂപക്കും താഴെ പോയ പച്ചത്തേങ്ങക്കിപ്പോൾ കിലോക്ക് 45 രൂപവരെയാണ് മലബാർ മേഖലയിലെ പ്രാദേശിക വിപണികളിലെ വില. കൊച്ചിയിൽ ഓണത്തിന് ശേഷം പച്ചത്തേങ്ങക്ക് ചില്ലറ വിപണിയിൽ വില 70 രൂപ കടന്നത് വാർത്തയായിരുന്നു. ഇതിന് സമാനമായി കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയും ഉയർന്നു.

സാമാന്യം നല്ല വില ലഭിക്കുമ്പോൾ തേങ്ങയില്ലെന്നാണ് കർഷകരെയും കച്ചവടക്കാരെയും തൊഴിലാളികളെയുമെല്ലാം ഒരുപോലെ പ്രതിസന്ധിയിലാക്കുന്നത്. മുമ്പ് പച്ചത്തേങ്ങ വില 40ന് മുകളിലെത്തിയത് 2017ൽ കുറച്ചുമാസം മാത്രമാണ്. അന്ന് കിലോക്ക് പരമാവധി 43 രൂപവരെ ലഭിച്ചിരുന്നു. 2021ലാണെങ്കിൽ വില കുത്തനെ ഇടിഞ്ഞ് 20ന് താഴെയാവുകയും ചെയ്തു.

ഓണ സീസണിലെ വെളിച്ചെണ്ണ ഡിമാൻഡ് മുന്നിൽകണ്ട് ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നാളികേരം വലിയതോതിൽ കയറ്റിപ്പോയിരുന്നു. ഇതോടെയാണ് സെപ്റ്റംബറിൽ നാളികേരത്തിന് വിപണിയിലെത്തുന്നതിൽ കുറവുണ്ടായത്. കാലാവസ്ഥ വ്യതിയാനമടക്കമുള്ള കാരണങ്ങളാൽ ഉൽപാദനവും ഗണ്യമായി കുറഞ്ഞു.

കേന്ദ്ര സർക്കാർ ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി നികുതി വർധിപ്പിച്ചതും തേങ്ങവില കൂടാൻ അനുഗ്രഹമായെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ കൊപ്ര മൊത്ത വ്യാപാരിയും മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റുമായ പി.കെ.വി. അബ്ദുൽ അസീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. സെപ്റ്റംബർ 14നാണ് കേന്ദ്ര സർക്കാർ പാമോയിൽ, സൂര്യകാന്തി, സോയാബീൻ എണ്ണകളുടെ ഇറക്കുമതി നിയന്ത്രിക്കാനായി ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ ഉയർത്തിയത്. 20 ശതമാനം മുതൽ നികുതി ഉയർത്തിയതോടെ ഈ ഇനങ്ങളുടെ വില വർധിച്ചു. പിന്നാലെയാണ് വെളിച്ചെണ്ണ ഉപഭോഗം കൂടി നാളികേര വിപണി ഉണർന്നത്. വെളിച്ചെണ്ണ കമ്പനികൾക്ക് തമിഴ്നാട്ടിൽനിന്നു ലഭിക്കുന്ന കൊപ്രയുടെ അളവിലും സമീപ കാലത്തായി കുറവുണ്ടായതും വില കൂടാൻ കാരണമായി.

നവരാത്രി ആഘോഷം മുൻനിർത്തി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയതോതിലാണ് തേങ്ങ കയറ്റിപ്പോയത്. ഇതും നേട്ടമായി. വരും മാസങ്ങളിൽ നാളികേര ഉൽപാദനം കൂടില്ലെന്നും ശബരിമല സീസണിൽ ഡിമാൻഡ് കൂടുമെന്നുമാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. വിലക്കയറ്റത്തിനിടയിൽ വിളവെടുപ്പിന്‌ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിലെയും കർഷകർ ഉത്സാഹിക്കുന്നുണ്ട്‌.

കുതിച്ചുയർന്ന് കൊപ്ര; തിളച്ചുപൊന്തി വെളിച്ചെണ്ണ

പച്ചത്തേങ്ങക്കു പിന്നാലെ കൊപ്രയുടെയും വെളിച്ചെണ്ണയുടെയും വിലയിൽ വലിയ കുതിപ്പാണ്. ജൂലൈ ആദ്യം ക്വിന്റലിന് 16,000 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണക്ക് സെപ്റ്റംബർ അവസാനമെത്തുമ്പോൾ 20,800 രൂപയാണ് വില. ചില്ലറ വിപണിയിലെ വിവിധ ബ്രാൻഡുകളും ഇതിനൊത്ത് വില കൂട്ടി.

സമാനമാണ് കൊപ്രയുടെയും നില. എല്ലാ ഇനങ്ങൾക്കും വലിയതോതിലാണ് വില ഉയർന്നത്. ഉള്ള് നിറമുള്ള നല്ലയിനം കൊപ്രയായ ദിൽപസന്തിന് ജൂലൈയിൽ ക്വിന്റലിന് 10,500 രൂപയുണ്ടായിരുന്നതിപ്പോൾ 13,600 ആയാണ് ഉയർന്നത്.

ആട്ടി വെളിച്ചെണ്ണയാക്കാൻ മാത്രം ഉപയോഗിക്കുന്ന കേരളത്തിന്റെ തനത് ഇനമായ മിൽകൊപ്രക്ക് മൂന്നുമാസത്തിനുള്ളിൽ 3000 മുതൽ 4000 വരെ രൂപ വില ഉയർന്നു. ജൂലൈയിൽ ശരാശരി 9500 വിലയുണ്ടായിരുന്നത് ഇപ്പോൾ 13,500 രൂപയായി. മിൽ കൊപ്രയിലെ ഉള്ള് നിറമില്ലാത്ത വകഭേദമായ റാസിന് ജനുവരിയിൽ ക്വിന്റലിന് 10,300 രൂപവരെ ലഭിച്ചെങ്കിലും പിന്നീട് കുറഞ്ഞിരുന്നു. ഇപ്പോൾ വില 13,000 രൂപയിലെത്തി. പച്ചത്തേങ്ങ മാസങ്ങളോളം തട്ടിൻപുറത്തിട്ട് ഉണ്ടാക്കുന്ന ഉണ്ടക്കൊപ്ര ക്വിന്റലിന് 10,500 വരെ ജനുവരിയിൽ ലഭിച്ചെങ്കിൽ ഇപ്പോൾ 18,000 രൂപയിലെത്തി. ഉണ്ടയുടെ വില ഇതിനിടെ 20,000 രൂപയിലെത്തുകയും ചെയ്തിരുന്നു. ഉണ്ടക്കൊപ്ര മുറിച്ചെടുത്തുള്ള രാജാപൂരിന്റെ വിലയാണ് ഏറ്റവും ഉയർന്നത്. ജനുവരിയിൽ 11,500 രൂപയുള്ളതിപ്പോൾ 20,000ത്തിന് മുകളിലെത്തി.

കേരളത്തിലും തമിഴ്‌നാട്ടിലും ചരക്ക്‌ ക്ഷാമം രൂക്ഷമായതോടെ വിൽപനക്കാർ പറയുന്ന വിലക്ക്‌ കൊപ്ര കച്ചവടം ഉറപ്പിക്കാൻ പല വാങ്ങലുകാരും മുന്നോട്ട്‌ വന്നു. കൊച്ചിയിൽ കൊപ്ര വില നിത്യേന 300 രൂപ വീതം ഉയർന്നു. കൊച്ചിയിൽ ഇപ്പോൾ കൊപ്ര 13,500ലും വെളിച്ചെണ്ണ 19,500ലുമാണ്‌.

നാളികേരത്തിന്റെ നാടെന്ന പ്രതാപം വീണ്ടെടുക്കുമോ?

‘കേരം തിങ്ങും കേരളനാട്’ എന്ന ഖ്യാതി സംസ്ഥാനത്തിന് നഷ്ടമാകാൻ തുടങ്ങിയിട്ട് നാളേറെയായി. ഇതിനു പ്രധാന കാരണം നാളികേരത്തിന് മതിയായ വില ലഭിക്കാതെ ആളുകൾ തെങ്ങ് കൃഷിയിൽനിന്ന് വിട്ടൊഴിഞ്ഞതാണ്. തെങ്ങുകൾ വെട്ടിമാറ്റി റബറും മറ്റു വിളകളും വെച്ചവർ ഏറെയുണ്ടെങ്കിലും പലരും നഷ്ടം കാരണം തെങ്ങിനുള്ള വളപ്രയോഗമടക്കം നിർത്തുകയായിരുന്നു. ഇതോടെ ഉൽപാദനക്ഷമത വലിയതോതിൽ ഇടിഞ്ഞു.

വലിയ ഭൂമികൾ തുണ്ടമാക്കിയതടക്കം നാളികേര കൃഷിയെ പ്രതികൂലമായി ബാധിച്ചു. മുമ്പ് വീട് നിർമാണംപോലും തെങ്ങുകളെ സംരക്ഷിച്ചായിരുന്നെങ്കിൽ ഇപ്പോൾ വീടിനോട് ചേർന്നുള്ള തെങ്ങുകളടക്കം മുറിച്ചുമാറ്റുന്നതാണ് കാഴ്ച.

കൊപ്ര വിപണിയുടെ പ്രതാപവും വലിയതോതിലാണ് ക്ഷയിച്ചത്. കൊപ്ര ഉണക്കാനുള്ള കൊപ്രക്കളങ്ങളും തേങ്ങയുണക്കുന്ന മച്ചുകളും ഇല്ലാതായി. മുമ്പ് കോഴിക്കോട് വലിയങ്ങാടിയിലെ പാണ്ടികശാലയിൽനിന്ന് അയൽ സംസ്ഥാനങ്ങളിലേക്കും ഉത്തരേന്ത്യയിലേക്കുമായി ദിവസേന കൊപ്രയുമായി നൂറോളം ലോറികൾ പോയതെല്ലാം പഴങ്കഥയായി. ഇപ്പോൾ വിരലിലെണ്ണാവുന്ന ലോഡുകളേ പോകുന്നുള്ളൂ. തമിഴ്നാട്ടിൽനിന്ന് കൊപ്രയുമായുള്ള ലോറികൾ ഇന്ന് പാണ്ടികശാലയിലേക്കെത്തുന്നുമുണ്ട്. പച്ചത്തേങ്ങ, കൊപ്ര വില കുതിച്ച പശ്ചാത്തലത്തിൽ നാളികേര കൃഷിയിലെ കേരളത്തിന്റെ പ്രതാപം വീണ്ടെടുക്കാനാവുമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsCoconut farmers
News Summary - Coconut farmers
Next Story