'കമോൺ കേരള' ഇന്ത്യ-ഷാർജ ബിസിനസ് പങ്കാളിത്തത്തിന്‍റെ തെളിവ് -മുഹമ്മദ് അൽ മിദ്ഹ
text_fieldsഷാർജ: ഇന്ത്യ-ഷാർജ ബിസിനസ് പങ്കാളിത്തത്തിന്‍റെ തെളിവാണ് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന കമോൺ കേരളയെന്ന് ഷാർജ എക്സ്പോ സെന്‍റർ സി.ഇ.ഒ സെയ്ഫ് മുഹമ്മദ് അൽ മിദ്ഫ. ഷാർജ എക്സ്പോ സെന്‍ററും ഇന്ത്യയിലെ നോയ്ഡ വേൾഡ് ട്രേഡ് സെന്‍ററും തമ്മിലെ പങ്കാളിത്തം ചർച്ച ചെയ്യുന്നതിന് നടത്തിയ കൂടിക്കാഴ്ചയിലാണ് മിദ്ഫ ഇക്കാര്യം വ്യക്തമാക്കിയത്. വേൾഡ് ട്രേഡ് സെന്‍റർ ഇന്ത്യ സർവീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഖൈറുൽ നിസ്സ ഷെയ്‌ഖും പങ്കെടുത്തു.
ഷാർജയും ഇന്ത്യയും തമ്മിലെ മികച്ച സഹകരണത്തിന്‍റെ ഉദാഹരണമാണ് എക്സ്പോ സെന്‍ററിലെ പ്രദർശനങ്ങളിലെ ഇന്ത്യൻ സാന്നിധ്യമെന്ന് അൽ മിദ്ഫ പറഞ്ഞു. ജി.സി.സിയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക മേളയാണ് കമോൺ കേരള.എക്സിബിഷനുകൾ നൽകുന്ന ഊർജം സമ്പത് വ്യവസ്ഥയെ സഹായിക്കുന്നുണ്ട്. ഇന്‍റർനാഷനൽ എജുക്കേഷൻ ഷോ, ജൂവല്ലറി ഷോ ഉൾപെടെയുള്ള പരിപാടികളിൽ ഇന്ത്യൻ സാന്നിധ്യം ശ്രദ്ധേയാമിരുന്നുവെന്നും മിദ്ഫ കൂട്ടിചേർത്തു. ഇന്‍റർനാഷനൽ എജുക്കേഷൻ ഷോയിൽ ഇന്ത്യൻ പവലിയന്‍റെ ചുമതല 'ഗൾഫ് മാധ്യമ'ത്തിനായിരുന്നു.
ഇന്ത്യയിലെ ബിസിനസ് സമൂഹവുമായുള്ള പങ്കാളിത്തം ഊട്ടിയുറപ്പിക്കുന്നതിന് ഷാർജ എക്സ്പോ സെന്‍ററും നോയ്ഡ വേൾഡ് ട്രേഡ് സെന്‍ററും കൈകോർക്കാൻ കൂടിക്കാഴ്ചയിൽ തീരുമാനമായി. ഇരു വേദികളിലും നടക്കുന്ന പരിപാടികളിൽ പരസ്പരം സഹകരിക്കാനും ആശയങ്ങൾ പങ്കുവെക്കാനുമാണ് തീരുമാനം.
വർഷം മുഴുവനും ഇരു വേദികളിലും നടക്കുന്ന പരിപാടികളിൽ ഇന്ത്യ-ഷാർജ കമ്പനികളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. എക്‌സിബിഷൻ, കോൺഫറൻസ് മേഖലകളിൽ ഇരു വേദികൾക്കുമിടയിലെ സംയുക്ത പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും.രണ്ട് രാജ്യങ്ങളിലെയും പ്രദർശന മേഖലയെ ശക്തിപ്പെടുത്തുമെന്ന് ഖൈറുൽ നിസ്സ ഷെയ്‌ഖ് പറഞ്ഞു.
ഷാർജ എക്‌സ്‌പോ സെന്‍ററിലെ പരിപാടികളുടെ സംഘാടന മികവ് ഇതിന് ഗുണം ചെയ്യും. രണ്ട് രാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹങ്ങൾ തമ്മിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പാലമായി ഇത് വർത്തിക്കുമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.