വലിയൊരു തുകയല്ല, ഈ കൂട്ടുപലിശ ഇളവ്
text_fieldsന്യൂഡൽഹി: വായ്പ മൊറട്ടോറിയം വഴിയുള്ള കൂട്ടുപലിശയിൽനിന്ന് ഉപയോക്താക്കളെ 'രക്ഷപ്പെടുത്തുന്ന' കേന്ദ്രസഹായം നാമമാത്രം. 30 ലക്ഷം രൂപ വായ്പ എടുത്തവർക്ക് കിട്ടുന്ന ആശ്വാസം 1800 രൂപയിൽ താഴെയാണ്. 50 ലക്ഷം വായ്പ എടുത്തവർക്ക് കിട്ടുന്ന ഇളവ് 3,000 രൂപയിൽ താഴെ.
കൂട്ടുപലിശ ബാങ്കുകൾക്ക് വകവെച്ചു കൊടുക്കാൻ തീരുമാനിച്ച സർക്കാർ ഇതിനായി ചെലവിടുന്നത് ശരാശരി 6,500 കോടി രൂപ. ലോക്ഡൗണിനെ തുടർന്ന് വായ്പ തിരിച്ചടവിന് മൊറട്ടോറിയം ഏർപ്പെടുത്തിയ ആറു മാസത്തെ പലിശയിൽ ഇളവൊന്നുമില്ല.
പലിശ ഇളവു ചെയ്തിരുന്നെങ്കിൽ കേന്ദ്രം മുടക്കേണ്ടിയിരുന്നത് 1.50 ലക്ഷം കോടി. പല ബാങ്കുകളും ആറു മാസ മൊറട്ടോറിയം പൂർണാർഥത്തിൽ നടപ്പാക്കിയിരുന്നില്ല. ഉപയോക്താവിന് ഒന്നോ രണ്ടോ മാസം മാത്രം തിരിച്ചടവിന് അവധി നൽകിയ ബാങ്കുകളുണ്ട്. ഗഡു എത്ര മാസം മരവിപ്പിച്ചോ, അത്രയും മാസം കൂടി വായ്പ തിരിച്ചടക്കേണ്ടി വരും. അതനുസരിച്ച് തിരിച്ചടവു പുനഃക്രമീകരിച്ചപ്പോൾ നേരത്തെ നൽകിയതിനേക്കാൾ പ്രതിമാസം നൽകേണ്ട ഗഡു ഉയർത്തി നിശ്ചയിച്ചിട്ടുമുണ്ട്. ഈ വ്യത്യാസം കൂടി കണക്കാക്കിയാൽ വായ്പ എടുത്തവർക്ക് കൈയിൽ കിട്ടുന്ന യഥാർഥ ആനുകൂല്യം നാമമാത്രമാവും.
മാർച്ച് ഒന്നു മുതൽ ആഗസ്റ്റ് 31 വരെ ബാങ്കുകൾ വായ്പ മൊറട്ടോറിയം നടപ്പാക്കിയെന്നാണ് സങ്കൽപം. ഇക്കാലയളവിൽ നൽകേണ്ട മുതലിനോ പലിശക്കോ ഒരു ഇളവുമില്ല. പലിശയായി ബാങ്കുകൾക്ക് ആറു മാസം കിട്ടേണ്ടിയിരുന്ന മൊത്തം തുകക്കുമേൽ ചുമത്തിയ പിഴപ്പലിശ മാത്രമാണ് ഒഴിവാകുന്നത്.
രണ്ടു കോടിവരെ വായ്പ എടുത്ത എല്ലാവർക്കും ഈ കൂട്ടുപലിശ ബാങ്കുകൾ ഒഴിവാക്കിക്കൊടുക്കണം.
ഭവന, വിദ്യാഭ്യാസ, വാഹന, ഉപഭോക്തൃ, ചെറുകിട സംരംഭ വായ്പകൾക്കും ക്രഡിറ്റ് കാർഡ് കുടിശ്ശികക്കും ഇത് ബാധകമാണ്. നവംബർ അഞ്ചിനകം ഈ ആനുകൂല്യം അതാത് അക്കൗണ്ടിലേക്ക് കൊടുക്കണമെന്നാണ് ബാങ്കുകളോട് നിർദേശിച്ചിട്ടുള്ളത്. മൊറേട്ടാറിയം മുഴുവനായോ ഭാഗികമായോ സ്വീകരിച്ചവർക്കും വേണ്ടെന്നുവെച്ചവർക്കും ഒരുപോലെ സർക്കാർ ആനുകൂല്യം എക്സ്ഗ്രേഷ്യയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.