അദാനി തുറമുഖത്തിന് ഐ.ഒ.സി കരാർ: ചോദ്യംചെയ്ത് കോൺഗ്രസ്
text_fieldsന്യൂഡൽഹി: പാചകവാതക (എൽ.പി.ജി) ഇറക്കുമതി അദാനിയുടെ ഗംഗവാരം തുറമുഖം വഴിയാക്കിയ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐ.ഒ.സി) നടപടിയിൽ കേന്ദ്രസർക്കാറിനെ വിമർശിച്ച് കോൺഗ്രസ്. എൽ.പി.ജി സർക്കാർ ഉടമസ്ഥതയിലുള്ള വിശാഖപട്ടണം തുറമുഖം വഴിയാണ് ഇറക്കുമതി ചെയ്തിരുന്നതെന്നും എന്നാൽ ഇത് വഴിവിട്ട് അദാനിക്ക് മറിച്ചുനൽകിയെന്നും കോൺഗ്രസ് ആരോപിച്ചു. അദാനി തുറമുഖവുമായുള്ള കരാറിനെ ന്യായീകരിച്ച് കഴിഞ്ഞദിവസം ഐ.ഒ.സി രംഗത്തെത്തിയിരുന്നു. ടെൻഡറില്ലാതെയാണ് കരാറെന്ന് കാണിച്ച് തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെയാണ് ഐ.ഒ.സിയുടെ വിശദീകരണമുണ്ടായത്.
അദാനിക്ക് തുറമുഖ വികസനത്തിന് മോദി തന്നാലാകുന്നതെല്ലാം ചെയ്യുന്ന കാര്യം ഇപ്പോൾ എല്ലാവർക്കും അറിയാമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. എന്തിനാണ് പൊതുമേഖലയെ ബോധപൂർവം ഇല്ലാതാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ‘ഹം അദാനി കെ ഹെ കോൻ’ (നമ്മൾ അദാനിയുടെ ആരായ് വരും?) എന്ന പരിഹാസ തലക്കെട്ടിൽ മോദിയോട് ദിനേന ട്വിറ്ററിൽ മൂന്ന് ചോദ്യങ്ങൾ വീതം ഉന്നയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഐ.ഒ.സിയുടെ അദാനി ഇടപാടും കോൺഗ്രസ് ഉന്നയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.