വില്ലനായി കോവിഡ് വ്യാപനം; എല്ലാ പ്ലാന്‍റുകളിലും ടൂവീലർ ഉൽപാദനം നിർത്തി ഹീറോ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ടൂവീലർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ് എല്ലാ പ്ലാന്‍റുകളും താത്കാലികമായി അടച്ചുപൂട്ടി. രാജ്യത്തുടനീളം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്ലാന്‍റുകൾ സൂപർ സ്പ്രെഡറുകളാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലാണ് നടപടി.
ഈ സാമ്പത്തിക വർഷം ആദ്യമായാണ് ഒരു ടൂ വീലർ കമ്പനി പ്ലാന്‍റുകൾ അടച്ചിടുന്നത്. േഗ്ലാബൽ പാർട്സ് കേന്ദ്രവും ഇതിന്‍റെ ഭാഗമായി നിർത്തിവെച്ചിട്ടുണ്ട്.
അടച്ചിട്ട കാലയളവിൽ ഓരോ പ്ലാന്‍റിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. നാലു ദിവസത്തേക്ക് അടച്ചിടാനാണ് പ്രാഥമിക തീരുമാനം.
വിപണിയിൽ ഇതുമൂലം പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കമ്പനി നൽകുന്ന ഉറപ്പ്. രാജ്യത്ത് പകുതിയോളം സംസ്ഥാനങ്ങൾ ഇതിനകം ലോക്ഡൗണിലോ കർഫ്യൂവിലോ ആണ്. കടുത്ത നിയന്ത്രണങ്ങൾ അവശേഷിച്ച സംസ്ഥാനങ്ങളിലും നിലനിൽക്കുന്നു. ഇതോടെ, സ്വാഭാവികമായും വിപണിയിൽ ചലനം കുറയുമെന്നതുകൂടി മുൻനിർത്തിയാണ് കമ്പനിയുടെ നടപടി.
ഹീറോയുടെ കോർപറേറ്റ് ഓഫീസ് നേരത്തെ വർക് അറ്റ്ഹോമിലേക്ക് മാറിയിരുന്നു. അടിയന്തര സേവനമേഖലയിലുള്ളവർ മാത്രമാണ് നിലവിൽ എത്തുന്നത്.
ഹരിയാനയിലെ ധാരുഹെര, ഗുരുഗ്രാം, ആന്ധ്രപ്രദേശിലെ ചിറ്റൂർ, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, രാജസ്ഥാനിലെ നീംറാണ, ഗുജറാത്തിലെ ഹാലോൽ എന്നിവിടങ്ങളിലാണ് ഹീറോ ഉൽപാദന യൂനിറ്റുകളുള്ളത്. പ്രതിവർഷം ഒരു കോടി ടൂ വീലറുകൾ ഉൽപാദിപ്പിക്കാൻ കമ്പനിക്ക് ശേഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.