കോവിഡ്: മരിച്ച തൊഴിലാളികൾക്ക് ആനുകൂല്യം, മാർഗ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് മൂലം മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് പ്രൊവിഡൻറ് ഫണ്ട്, ഇ.എസ്.ഐ വഴി നൽകുന്ന അധിക ആനുകൂല്യങ്ങളുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു. ഇ.എസ്.ഐ പെൻഷൻ, പ്രൊവിഡൻറ് ഫണ്ട് ഇൻഷുറൻസ് ആനുകൂല്യത്തിൽ വർധന തുടങ്ങിയവയാണ് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
തൊഴിലുടമക്ക് അധിക ചെലവില്ലാതെയാണ് അധിക ആനുകൂല്യം നൽകുക. തൊഴിലിനിടയിൽ മരിക്കുന്നവർക്കുള്ള ഇ.എസ്.ഐ പെൻഷൻ ആനുകൂല്യം കോവിഡ് മൂലം മരിക്കുന്നവർക്ക് കൂടി ലഭ്യമാക്കുകയാണ് ചെയ്യുക. അവസാനകാലത്തെ ശരാശരി പ്രതിദിന വേതനത്തിെൻറ 90 ശതമാനത്തിന് തുല്യമായ തുകയാണ് പെൻഷനായി ലഭിക്കുക. കോവിഡ് നിർണയിക്കുന്നതിന് മുമ്പ് ഇ.എസ്.ഐ പോർട്ടലിൽ രജിസ്റ്റർ ചെയ്ത കുടുംബാംഗങ്ങൾക്കായിരിക്കും പെൻഷന് അർഹത.
പങ്കാളിക്കും വിധവയായ മാതാവിനും ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. ആൺകുട്ടികൾക്ക് 25 വയസ്സ് വരെയും പെൺകുട്ടികൾക്ക് വിവാഹം കഴിയുന്നത് വരെയുമാകും പെൻഷന് അർഹത. ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തി കോവിഡ് ബാധിച്ചു മരിക്കുന്നതിന് മൂന്ന് മാസം മുെമ്പങ്കിലും ഇ.എസ്.ഐ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തൊഴിലാളി കുറഞ്ഞത് 78 ദിവസമെങ്കിലും ഇൻഷുറൻസ് വിഹിതം അടക്കണം.
തൊഴിലാളിയുടെ ഇ.പി.എഫ് നിക്ഷേപവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള (ഇ.ഡി.എൽ.ഐ) പദ്ധതിയുടെ ഇൻഷുറൻസ് ആനുകൂല്യം ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി. കുറഞ്ഞ ഇൻഷുറൻസ് ആനുകൂല്യം രണ്ടര ലക്ഷം രൂപയാക്കി പുനഃസ്ഥാപിക്കുകയും ചെയ്തു. ഒരു സ്ഥാപനത്തിൽ തുടർച്ചയായി 12 മാസം ജോലി ചെയ്തിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. ഇത് കരാർ, കാഷ്വൽ തൊഴിലാളികൾക്ക് ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.