കരതൊടാതെ കൊപ്ര വ്യാപാര മേഖല; പച്ചത്തേങ്ങ അങ്ങോട്ട്... കൊപ്ര ഇങ്ങോട്ട്...
text_fields‘കേരം തിങ്ങും കേരള നാട്’എന്ന മുദ്രാവാക്യം ഇനി ആരും വിളിക്കണ്ട... കോഴിക്കോട് വലിയങ്ങാടിയിലെ പാണ്ടികശാലയിൽനിന്ന് അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിവസേന കൊപ്രയുമായി നൂറോളം ലോറികൾ പോയതെല്ലാം പഴങ്കഥകളായി. നിലവിൽ വിരലിലെണ്ണാവുന്ന ലോഡുകളാണ് പോകുന്നത് എന്നുമാത്രമല്ല, തമിഴ്നാട്ടിൽനിന്ന് കൊപ്രയുമായുള്ള ലോറികൾ ഇന്ന് പാണ്ടികശാലയിലേക്ക് ദിവസവും എത്താനും തുടങ്ങി.
മുമ്പുകാലത്ത് നാട്ടിൻപുറങ്ങളിൽ നിന്ന് കൊപ്രയുമായി ലോറികൾ വലിയങ്ങാടിയിലേക്ക് പോകുന്നതും അരിയും പലചരക്ക് സാധനങ്ങളുമായി തിരച്ചുവരുന്നതുമെല്ലാം നല്ല കാഴ്ചയായിരുന്നു. അന്ന് പാണ്ടികശാല കേന്ദ്രീകരിച്ചുമാത്രം നൂറോളം മൊത്ത കൊപ്രവ്യാപാരികളും മുറിക്കാർ, തിരച്ചിലുകാർ, കയറ്റിറക്കുകാർ, തൂക്കക്കാർ, ചാക്ക് തുന്നലുകാർ എന്നിങ്ങനെ ആയിരത്തോളം തൊഴിലാളികളും ഉണ്ടായിരുന്നു.
ഇന്ന് കേവലം 15ഓളം മൊത്ത വ്യാപാരികളും നൂറിൽതാഴെ തൊഴിലാളികളുമാണുള്ളതെന്ന് മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും കൊപ്ര മൊത്ത വ്യാപാരിയുമായ പി.കെ.വി. അബ്ദുൽ അസീസ് ‘മാധ്യമ’ത്തോട് പറഞ്ഞു. നാളികേരത്തിന്റെയും കൊപ്രയുടെയും ഉൽപാദനത്തിൽ കാലോചിതമായ മാറ്റങ്ങൾ നമ്മൾ ഉൾക്കൊണ്ടില്ല എന്നതാണ് വലിയ വീഴ്ച. ഇതോടെ പല കൊപ്ര കള്ളികളും ഗോഡൗണുകളും മറ്റ് സംരംഭങ്ങളുമായി മാറി. തൊഴിലാളികൾ മറ്റു മേഖലകളിൽ ചേക്കേറുകയും ചെയ്തു -അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്നാട് കുതിക്കുന്നു; കേരളം കിതക്കുന്നു
തരിശുഭൂമി കൃഷിയോഗ്യമാക്കി ജലസേചന സൗകര്യമടക്കം ഒരുക്കിയാണ് തമിഴ്നാട്ടിൽ നാളികേര കൃഷി. വൻതോതിലുള്ള സ്ഥലലഭ്യത, അത്യുൽപാദന ശേഷിയുള്ള തൈകൾ, കുറഞ്ഞ കൂലിക്ക് ലഭിക്കുന്ന തൊഴിലാളികൾ, യന്ത്ര സംവിധാനങ്ങളുടെ ഉപയോഗം, സർക്കാർ പ്രോത്സാഹനം എന്നിവയെല്ലാമാണ് തമിഴ്നാടിന്റെ നേട്ടം. എന്നാൽ കേരളത്തിൽ സർക്കാർപോലും നാളികേര കർഷകർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നില്ല. ഒരു കിലോ പച്ചത്തേങ്ങക്ക് ചുരുങ്ങിയത് 40 രൂപയെങ്കിലും ലഭിച്ചാലേ കർഷകർക്ക് പിടിച്ചുനിൽക്കാനാവൂ എന്നിരിക്കെ 30 രൂപയാണ് ശരാശരി വില കിട്ടുന്നത്.
മുമ്പ് കേരളത്തിൽനിന്ന് കൊപ്ര കയറ്റിയയച്ചിരുന്ന തമിഴ്നാട്ടിലെ കങ്കായം, പൊള്ളാച്ചി മേഖലകളെല്ലാം ഇന്ന് നാളികേരത്തിനും കൊപ്രക്കും പേരുകേട്ട നാടായി മാറിയിട്ടുണ്ട്. കേരളത്തിലെ വിവിധ വെളിച്ചെണ്ണ മില്ലുകാരടക്കം ഇപ്പോൾ തമിഴ്നാട്ടിൽ നിന്ന് നേരിട്ട് കൊപ്ര എത്തിക്കുകയാണ്. ക്വിന്റലിന് പലപ്പോഴും ആയിരം രൂപയുടെ വരെ കുറവാണ് ഇവർക്ക് ലഭിക്കുന്നത്. തമിഴ്നാട് കൊപ്ര ഉണക്കുമ്പോൾ കേടാകാതിരിക്കാൻ അമിതമായി സൾഫർ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. ഇവ ഉപയോഗിച്ചുള്ള വെളിച്ചെണ്ണക്ക് തനത് മണമുണ്ടാവില്ലെന്ന പോരായ്മയുണ്ടെങ്കിലും മിക്ക കമ്പനികളും കൃത്രിമ ഫ്ലേവറുകൾ ചേർത്ത് വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നു. ഇതിനോടൊന്നും കേരളത്തിന് പൊരുതിനിൽക്കാനാവുന്നില്ല.
സംഭരണത്തിലും പാളിച്ചകളേറെ
കേരളത്തിൽനിന്നും തമിഴ്നാട്ടിൽനിന്നും യഥാക്രമം 50,000, 56,000 ടൺ വീതം കൊപ്ര സംഭരിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. തമിഴ്നാട് ഏതാണ്ട് ക്വാട്ട പൂർത്തീകരിച്ചപ്പോൾ നാഫെഡ്, മാര്‍ക്കറ്റ് ഫെഡ്, വെജിറ്റബ്ള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് കേരള എന്നിവ മുഖേന കേരളത്തിൽനിന്ന് 34 രൂപ തോതിൽ പച്ചത്തേങ്ങ സംഭരിച്ചത് ആയിരം ടണിലേറെ മാത്രമാണ്.
കേരളം സംഭരണം തുടങ്ങിയതുതന്നെ ഏറെ വൈകിയാണ്. സാങ്കേതിക നൂലാമാലകൾ ഒന്നിനുപിറകെ ഒന്നായി വന്നുചേർന്നു. വേണ്ടത്ര സംഭരണകേന്ദ്രങ്ങൾ ഒരുക്കാത്തതെല്ലാം പ്രതിസന്ധിയുമായി. അതിനിടെ താങ്ങുവില നൽകി സംഭരിച്ച ഏജൻസികൾ മുഖേന സംസ്കരിച്ചെടുത്ത കൊപ്ര തിരക്കിട്ട് വിപണിയിലിറക്കുന്നത് കൊപ്രവില കൂപ്പുകുത്താനിടയാക്കുമെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.
കൊപ്ര ഇനങ്ങൾ
ദിൽപസന്ത്
ള്ള് നിറമുള്ള നല്ലയിനം കൊപ്രയാണ് ദിൽപസന്ത്. നേരത്തേ കേരളത്തിലുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ തമിഴ്നാട്ടിലാണ് ഉൽപാദനം കൂടുതലും. ക്വിൻറലിന് 10,700 രൂപ വരെയാണ് മൊത്തവില. കോഴിക്കോട് പാണ്ടികശാലയിലെത്തുന്ന കൊപ്രയിൽനിന്ന് ഉള്ള് നിറമുള്ളത് തിരഞ്ഞ് ദിൽപസന്തായി കയറ്റിപ്പോകുന്നുണ്ട്. കേരളത്തിൽ പുക കൊള്ളിച്ചാണ് തേങ്ങ ഉണക്കുന്നത് എന്നതും നിറമുള്ള കൊപ്ര ലഭിക്കുന്നതിന് തടസ്സമാണ്.
മിൽകൊപ്ര
സാധാരണ കേരളത്തിലുള്ള ഇനമാണ് മിൽകൊപ്ര. ആട്ടി വെളിച്ചെണ്ണയാക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. 10,500 രൂപയാണ് ക്വിന്റലിന്റെ മൊത്തവില
റാസ്
മിൽ കൊപ്രയിലെ ഉള്ള് നിറമില്ലാത്ത വകഭേദമാണ് റാസ്. ക്വിന്റലിന് 10,300 രൂപവരെയാണ് വില.
ഉണ്ട
പച്ചത്തേങ്ങ വെട്ടി ഉണക്കുന്നതിനു പകരം അങ്ങനെത്തന്നെ തട്ടിൻപുറത്ത് എട്ടുമാസത്തോളം ഇട്ടാണ് ഉണ്ടകൊപ്ര നിർമിക്കുന്നത്. ചിരട്ട പൊട്ടിച്ചാണ് വിപണിയിലെത്തിക്കുന്നത്. ക്വിന്റലിന് 10,500 വരെയാണ് വില. കർണാടകയിൽ നിന്നും ഉണ്ടകൊപ്ര എത്തുന്നുണ്ട്.
രാജാപൂർ
വെട്ടി ഉണക്കാതെ നിർമിക്കുന്ന ഉണ്ടകൊപ്ര മുറിച്ചെടുക്കുന്നതാണ് രാജാപൂരായി മാറുന്നത്. ഇതിന്റെ ഉൽപാദനം പ്രധാനമായും കോഴിക്കോട്ട് മാത്രമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കാണ് ഇത് പ്രധാനമായും പോകുന്നത്. 11,500 രൂപവരെ വിലയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.