വീട്ടമ്മമാരുടെ കൈപ്പുണ്യവുമായി കറി പൗഡറും ധാന്യപ്പൊടിയും
text_fieldsമലപ്പുറം: ഇനി മനസ്സുനിറഞ്ഞ് കഴിക്കാം, വീട്ടമ്മമാരുടെ കൈപ്പുണ്യവുമായി കുടുംബശ്രീ ബ്രാൻഡ് കറി പൗഡറുകളും ധാന്യപ്പൊടികളും തയാർ. ചിക്കൻ, ഫിഷ്, മീറ്റ് മസാലകൾ, സാമ്പാർപൊടി, മുളക്, മല്ലി, മഞ്ഞൾ, കശ്മീരി മുളക് പൊടികൾ, വറുത്ത പുട്ടുപൊടി, അപ്പംപൊടി, ആട്ട തുടങ്ങി 15 ഉൽപന്നങ്ങളാണ് കുടുംബശ്രീയുടെ സ്വന്തം പേരിൽ വിപണിയിലെത്തുന്നത്. കണ്ണൂർ ജില്ലയിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച സംരംഭത്തിന് ലഭിച്ച വൻ സ്വീകാര്യതയാണ് മലപ്പുറം, കോട്ടയം, തൃശൂർ ജില്ലകളിലേക്കുകൂടി പദ്ധതി വ്യാപിപ്പിക്കാൻ പ്രേരകമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക്ക് പറഞ്ഞു. ഒരേ സ്വഭാവത്തിലുള്ള സംരംഭങ്ങൾ കൂട്ടിയോജിപ്പിച്ച് ഏകീകൃത ബ്രാൻഡിലും പാക്കറ്റിലും ഉൽപന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഗുണമേന്മയുള്ള അസംസ്കൃത വസ്തുക്കളുടെ ഉപയോഗവും നിർമാണത്തിലെ സുതാര്യതയും കുടുംബശ്രീ ജില്ല മിഷൻ ഉറപ്പുവരുത്തും. ഉൽപാദനം, സംഭരണം, വിപണനം എന്നിവക്ക് പൊതുമാനദണ്ഡമുണ്ടാവും. മലപ്പുറത്തെ 28ഉം കോട്ടയത്തെ 14ഉം തൃശൂരിലെ 15ഉം സംരംഭകർ നിർമിക്കുന്ന കറി പൗഡറും ധാന്യപ്പൊടികളുമാണ് പുതുതായി കുടുംബശ്രീ ബ്രാൻഡ് ചെയ്തത്.
ഓരോ ഉൽപന്നവും ഓരോ ക്ലസ്റ്ററിന് കീഴിലാണ്. ഇവയുടെ ഏകോപനത്തിന് രൂപവത്കൃതമായ ജില്ലതല കൺസോർട്ട്യത്തിന് കീഴിലാണ് മാർക്കറ്റിങ്ങും അസംസ്കൃത വസ്തുക്കളുടെ ശേഖരണവുമുൾപ്പെടെ നടക്കുക. കാസർകോട്, പത്തനംതിട്ട, കൊല്ലം ജില്ലകളിലേക്കും വൈകാതെ പദ്ധതി വ്യാപിപ്പിക്കും.
നിലവിൽ കണ്ണൂർ, മലപ്പുറം, തൃശൂർ, കോട്ടയം ജില്ലകളിലെ കുടുംബശ്രീ ബസാർ, മാർക്കറ്റിങ് ഔട്ട്ലെറ്റുകൾ, ഹോംഷോപ്പുകൾ എന്നിവിടങ്ങളിൽ ഉൽപന്നം ലഭ്യമാണ്. രണ്ടാംഘട്ടത്തിൽ വിതരണ ഏജന്സികളുടെ സഹായത്തോടെ സൂപ്പർ -ഹൈപ്പർ മാർക്കറ്റുകളിലും മറ്റു കടകളിലും എത്തിക്കും. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയുള്ള വിപണനവും ലക്ഷ്യമിടുന്നു.
മലപ്പുറം, കോട്ടയം ജില്ലകളിൽ ഉൽപാദിപ്പിച്ച 15 കുടുംബശ്രീ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ ലോഞ്ചിങ് തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷ് വെള്ളിയാഴ്ച മലപ്പുറത്ത് നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.