ബി.എസ്.എൻ.എല്ലിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്ക് കുറയുന്നു
text_fieldsതൃശൂർ: സ്വകാര്യ മൊബൈൽ കമ്പനികൾ ജൂലൈയിൽ നിരക്ക് വർധിപ്പിച്ചശേഷം ഉപഭോക്താക്കൾ കൂട്ടത്തോടെ ബി.എസ്.എൻ.എല്ലിലേക്ക് മാറിയിരുന്ന പ്രവണതക്ക് വേഗം കുറയുന്നു. പുതുതായി ബി.എസ്.എൻ.എല്ലിലേക്ക് നമ്പർ പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ സാരമായ കുറവുണ്ട്.
മാത്രമല്ല, തിരിച്ച് സ്വകാര്യ കമ്പനികളിലേക്ക് പോർട്ട് ചെയ്യുന്നതായും പ്രകടമാണ്. ബി.എസ്.എൻ.എൽ രാജ്യവ്യാപകമായി 4ജി, 5ജി സേവനം നൽകുന്നത് നീളുന്തോറും ഇടക്കാലത്തുണ്ടാക്കിയ നേട്ടം നഷ്ടപ്പെടുകയും കൂടുതൽ പേർ കൈവിട്ടുപോകുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ജിയോ, എയർടെൽ, വിഐ (വോഡഫോൺ-ഐഡിയ) എന്നിവ ജൂലൈയിൽ 25 ശതമാനംവരെ നിരക്ക് ഉയർത്തിയതാണ് ബി.എസ്.എൻ.എല്ലിന് നേട്ടമായത്. ബി.എസ്.എൻ.എൽ നിരക്ക് വർധിപ്പിച്ചില്ലെന്ന് മാത്രമല്ല, അത് ആലോചനയിലില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ, സ്വകാര്യകമ്പനികളെ ഉപേക്ഷിച്ച് ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറിത്തുടങ്ങി. ജിയോക്കാണ് വരിക്കാരുടെ എണ്ണത്തിൽ വൻ നഷ്ടം നേരിട്ടത്.
ബി.എസ്.എൻ.എൽ നെറ്റ്വർക് മെച്ചപ്പെടുത്താൻ വൈകിയാൽ ചെറിയ കാലത്തിന് ശേഷം ഈ പ്രവണത നിലക്കുമെന്ന് ടെലികോം മേഖലയെ ചലനങ്ങൾ നിരീക്ഷിക്കുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നു. ഉപഭോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതിൽ ഇപ്പോൾ പ്രകടമായ കുറവ് നഗര മേഖലയിലാണ്.
അതിവേഗ നെറ്റ്വർക് ആവശ്യമുള്ളവരിൽ അധികവും നഗരങ്ങളിലാണെന്നിരിക്കെ ബി.എസ്.എൻ.എല്ലിന്റെ വേഗം കുറഞ്ഞ നെറ്റ്വർക്കിൽ അവർ തൃപ്തരല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ ഒക്ടോബറോടെ അര ലക്ഷത്തോളം 4ജി ടവറുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചതായാണ് അവകാശപ്പെടുന്നത്.
അടുത്തവർഷം മാർച്ചോടെ രാജ്യമാകെ 4ജി പരിധിയിൽ കൊണ്ടുവരുമെന്നും അതോടൊപ്പം 5ജിക്കുള്ള പ്രവർത്തനം നടക്കുന്നുണ്ടെന്നും പറയുന്നു. ജിയോയും എയർടെല്ലും ഇപ്പോൾ തന്നെ 5ജി സേവനം നൽകുന്നുണ്ട്. വിഐയും ആ പാതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.