യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ; എസ്.ബി.ഐയിലും നിയന്ത്രണം
text_fieldsയൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക് പരിധി നിശ്ചയിച്ച് ബാങ്കുകൾ. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ),എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ തുടങ്ങിയ ബാങ്കുകളാണ് യു.പി.ഐ ഇടപാടുകൾക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) യുടെ നിർദേശ പ്രകാരം നിലവിൽ പ്രതിദിനം ഒരു ലക്ഷം രൂപയാണ് യു.പി.ഐ വഴി നടത്താവുന്ന ഇടപാട്. എന്നാൽ ബാങ്കുകളുടെ വലിപ്പത്തിനനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. യു.പി.ഐ തട്ടിപ്പുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പണമിടപാടുകൾക്കും, ഇടപാടുകളുടെ എണ്ണത്തിലും പരിധി നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ദിവസം ഒരു ലക്ഷം രൂപ വരെയുള്ള യു.പി.ഐ ഇടപാടുകൾ അനുവദിച്ചിട്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് യു.പി.ഐ ഇടപാടുകൾക്ക് ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്കും യു.പി.ഐ പരിധി ഒരു ലക്ഷമാക്കിയിട്ടുണ്ട്. എന്നാൽ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും പ്രതിദിനം പരമാവധി 25,000 രൂപ വരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ അനുവദിക്കുന്നത്. ഐ.സി.ഐ.സി.ഐ ഇടപാടുകാർക്ക് ഒരു ദിവസം 10,000 രൂപവരെയാണ് യു.പി.ഐ വഴി ഇടപാട് നടത്താൻ കഴിയൂ.
യു.പി.ഐ ഇടപാടുകൾ വഴി നടത്തുന്ന പ്രതിദിന ഇടപാടുകളുടെ എണ്ണത്തിലും എൻ.പി.സി.ഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ യു.പി.ഐ ആപ്ലിക്കേഷനുകളും ബാങ്ക് ആപ്പുകളും വഴി ഒരു ദിവസം 10 ഇടപാടുകൾ മാത്രമാണ് നടത്താനാകുക. യു.പി.ഐ ആപ്ലിക്കേഷനുകൾ വഴി ചെലവഴിക്കാവുന്ന പരമാവധി തുക ഒരു ലക്ഷം രൂപയാണ്. ഇതു കൂടാതെ ഗൂഗിൾ പേ വഴി ആരെങ്കിലും 2,000 രൂപയോ അതിൽ കൂടുതലോ തുക അഭ്യർഥിച്ചാൽ ദിവസേനയുള്ള ഇടപാട് പരിധി ഇല്ലാതാകും. ആമസോൺ പേ യു.പി.ഐ വഴി ആദ്യ 24 മണിക്കൂറിൽ പുതിയ ഉപയോക്താക്കൾക്ക് നടത്താവുന്ന ഇടപാട് പരിധി 5,000 രൂപയാണ്.
യു.പി.ഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഈ വർഷം മെയ് മാസത്തിൽ മാത്രം യൂനിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള ഇടപാടുകളുടെ എണ്ണം 941.51 കോടിയായെന്ന് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പറയുന്നു. ആദ്യമായാണ് മാസ ഇടപാടുകൾ 900 കോടി കടക്കുന്നത്. യു.പി.ഐ ഇടപാടുകളുടെ സ്വീകാര്യത വർധിച്ചു വരുമ്പോൾ തന്നെ തട്ടിപ്പുകളും പെരുകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.