നോട്ട് നിരോധനം: മറക്കാനാവില്ല, ആ ദുരിതം
text_fieldsരാത്രി എട്ടു മണിക്കാണ് 500, 1000 രൂപ നോട്ടുകൾ വെറും കടലാസായി മാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായി ആകാംക്ഷയോടെ കാത്തിരുന്ന ജനകോടികളാണ് ആശങ്കയിലേക്ക് വഴുതിവീണത്. അതുവരെ നോട്ടുനിരോധനം എന്ന വാക്കുപോലും പലരും കേട്ടിരുന്നില്ല. അന്ന് ഉറക്കം നഷ്ടപ്പെട്ടവർ നോട്ട് മാറ്റിയെടുക്കാൻ ബാങ്കുകൾക്കു മുന്നിൽ കിലോമീറ്ററുകൾ വരി നിന്നു. ചിലർ കുഴഞ്ഞുവീണു മരിച്ചു. ഇടപാടുകൾ നടത്താനാവാതെ ജനം രോഷാകുലരായി. ബാങ്കുകളുടെ പ്രവർത്തനം സ്തംഭിച്ചു, ബാങ്ക് ജീവനക്കാർ വട്ടംചുറ്റി. ആറു വർഷത്തിനുശേഷമാണ് ആ രാത്രിയിലെ തീരുമാനം സുപ്രീംകോടതി ശരിവെക്കുന്നത്.
- 2016 നവംബർ 8: രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതായി പ്രഖ്യാപിച്ചു.
- നവംബർ 9: വിധി ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജി.
- ഡിസംബർ 16: ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ അധ്യക്ഷനായ ബെഞ്ച് ഹരജി അഞ്ചു ജഡ്ജിമാരുടെ വിശാല ബെഞ്ചിന് കൈമാറി.
- 2017 ആഗസ്റ്റ് 11: നോട്ടുനിരോധന സമയത്ത് 1.7 ലക്ഷം കോടി രൂപയുടെ അസാധാരണ നിക്ഷേപമെന്ന് റിസർവ് ബാങ്ക് രേഖ പറയുന്നു. നോട്ടുനിരോധനം വഴി ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിയ അധിക നിക്ഷേപം 2.8 മുതൽ 4.3 ലക്ഷം കോടി രൂപ വരെയെന്ന് കണക്ക്.
- ജൂലൈ 23: മൂന്നു വർഷത്തിനിടെ ആദായനികുതി വകുപ്പ് 71,941 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
- ആഗസ്റ്റ് 25: പുതിയ 50, 200 രൂപ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി.
- 2022 സെപ്റ്റംബർ 28: ഹരജികൾ അക്കാദമികമാണോ എന്ന് വിലയിരുത്താൻ സുപ്രീംകോടതി ജസ്റ്റിസ് എസ്. അബ്ദുൽ നസീറിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് രൂപവത്കരിച്ചു.
- ഡിസംബർ 7: വിധി പറയൽ നീട്ടിയ സുപ്രീംകോടതി നോട്ടുനിരോധനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കേന്ദ്രത്തോടും റിസർവ് ബാങ്കിനോടും നിർദേശിച്ചു.
- 2023 ജനുവരി 2: 4:1 ഭൂരിപക്ഷ വിധിയിൽ 1000, 500 രൂപ നോട്ടുകൾ നിരോധിച്ചത് സുപ്രീംകോടതി ശരിവെച്ചു. എന്നാൽ, ജസ്റ്റിസ് ബി.വി. നാഗരത്ന വിയോജിച്ചു.
‘നോട്ടുനിരോധനം ലക്ഷ്യം നേടിയോ എന്നത് പ്രശ്നമല്ല’
ന്യൂഡൽഹി: നോട്ട് നിരോധനംകൊണ്ട് കേന്ദ്ര സർക്കാർ ലക്ഷ്യം നേടിയോ എന്നത് പ്രശ്നമല്ലെന്നും രാജ്യത്തെ എല്ലാ നോട്ടുകളും കേന്ദ്ര സർക്കാറിന് നിരോധിക്കാമെന്നും വിധിപ്രസ്താവത്തിൽ ജസ്റ്റിസ് ബി.ആർ. ഗവായ് ഭൂരിപക്ഷം ജഡ്ജിമാർക്കായി എഴുതി. ഏതെങ്കിലും സീരീസിലുള്ള നോട്ട് നിരോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന ആർ.ബി.ഐ നിയമത്തിലെ 26(2) വകുപ്പ് എല്ലാ നോട്ടുകളും നിരോധിക്കാവുന്ന തരത്തിൽ വ്യാഖ്യാനിക്കാമെന്നാണ് ജസ്റ്റിസ് ഗവായ് പ്രസ്താവിച്ചത്.
‘ഏതെങ്കിലും’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘എല്ലാം’ ആണെന്ന് പ്രായോഗികമായ വ്യാഖ്യാനമാണ് തങ്ങൾ നൽകുന്നത്. റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡ് കേന്ദ്ര സർക്കാറിന് ശിപാർശ നൽകണമെന്ന നടപടിക്രമം ആവശ്യമില്ലെന്നും കേന്ദ്ര സർക്കാറിന്റെ നിർദേശം റിസർവ് ബാങ്ക് ശരിവെച്ചാൽ മതിയെന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.