ആൻട്രിക്സ് കരാർ: വിദേശത്തെ ഇന്ത്യൻ ആസ്തികൾ പിടിച്ചെടുക്കുന്നത് തുടരും -ദേവാസ്
text_fieldsന്യൂഡൽഹി: ആൻട്രിക്സ് കരാർ കേസിൽ രാജ്യാന്തര ട്രൈബ്യൂണലുകൾ തങ്ങൾക്കനുകൂലമായി വിധിച്ച 1.2 ബില്യൺ യു.എസ് ഡോളർ (8900 കോടി) ഈടാക്കാൻ വിദേശത്തെ ഇന്ത്യൻ ആസ്തികൾ പിടിച്ചെടുക്കുന്നത് തുടരുമെന്ന് ബംഗളൂരു ആസ്ഥാനമായ ദേവാസ് മൾട്ടിമീഡിയ. ഈ വിഷയത്തിൽ ഇന്ത്യൻ സുപ്രീംകോടതിയുടെ വിധി തങ്ങളെ ബാധിക്കില്ലെന്നും മോദി സർക്കാർ ഒത്തുതീർപ്പ് ചർച്ചക്ക് തയാറാവുകയാണ് വേണ്ടതെന്നും ദേവാസ് അഭിഭാഷകനും ആഗോള നിയമ സ്ഥാപനമായ ഗിബ്സൺ, ഡൺ ആൻഡ് ക്രച്ചർ പാർട്ണറുമായ മാത്യു. ഡി. മക്ഗിൽ വാർത്ത ഏജൻസിയോട് പറഞ്ഞു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) വിപണന വിഭാഗമായ ആൻട്രിക്സ് കോർപറേഷൻ, ദേവാസ് മൾട്ടി മീഡിയയുമായി 2005ലുണ്ടാക്കിയ സാറ്റലൈറ്റ് സ്പെക്ട്രം കൈമാറ്റ കരാർ 2011ൽ ഇന്ത്യ റദ്ദാക്കിയതാണ് നിയമതർക്കത്തിന് കാരണമായത്. ദേവാസിന് 12 വർഷത്തേക്ക് സ്പെക്ട്രം ലീസിന് നൽകാമെന്നായിരുന്നു വ്യവസ്ഥ.
എന്നാൽ, സ്വകാര്യ കമ്പനിയായ ദേവാസിന് സ്പെക്ട്രം അനുവദിച്ചത് ദേശസുരക്ഷക്ക് ഭീഷണിയായേക്കുമെന്ന സൂചനയെതുടർന്ന് ഇന്ത്യ കരാർ റദ്ദാക്കി. ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞർ അടക്കം നിയന്ത്രിക്കുന്ന സ്ഥാപനമായ ദേവാസുമായുള്ള ഇടപാടിൽ സാമ്പത്തിക തിരിമറിയുണ്ടോയെന്നും ആശങ്ക ഉയർന്നു.
ഇതേതുടർന്ന്, സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണം നടത്തി. തുടർന്നായിരുന്നു കരാർ റദ്ദാക്കൽ.
അതേസമയം, കരാറിൽ നിന്ന് ആൻട്രിക്സ് പിന്മാറിയതിനെതിരെ ഇന്റർനാഷനൽ ചേംബർ ഓഫ് കോമേഴ്സിനെ (ഐ.സി.സി) സമീപിച്ച ദേവാസിന് അനുകൂല വിധി ലഭിച്ചു. ദേവാസിൽ മൊറീഷ്യസ്, ജർമൻ നിക്ഷേപകരുള്ളതിനാൽ ഇന്ത്യ-മൊറീഷ്യസ്, ഇന്ത്യ-ജർമനി ഉഭയകക്ഷി കരാർ പ്രകാരവും കേസ് നടന്നു.
ഇതിലും വിധി ഇന്ത്യക്കെതിരായി. അതിനിടെ, ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി), സുപ്രീംകോടതി എന്നിവിടങ്ങളിൽനിന്ന് ഇന്ത്യക്ക് അനുകൂല വിധിയും ലഭിച്ചു. ദുരുദ്ദേശ്യത്തോടെയാണ് ദേവാസ് ആൻട്രിക്സുമായി കരാറുണ്ടാക്കിയത് എന്നായിരുന്നു എൻ.സി.എൽ.ടി കണ്ടെത്തൽ. ഇതിനെതിരെ ദേവാസ് അപ്പീൽ നൽകിയെങ്കിലും എൻ.സി.എൽ.ടി ആദ്യ ഉത്തരവ് ശരിവെച്ചു. തുടർന്ന് ദേവാസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കഴിഞ്ഞയാഴ്ചയുണ്ടായ വിധിയിൽ എൻ.സി.എൽ.ടി ഉത്തരവ് സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. തുടർന്നാണ് വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി കമ്പനി പ്രതിനിധി രംഗത്തുവന്നത്.
വസ്തുതകൾ എല്ലാവർക്കും അറിയാമെന്നും അന്താരാഷ്ട്ര കോടതികളിൽ ഇന്ത്യയുടെ വാദങ്ങൾ നിലനിൽക്കില്ലെന്നും മക്ഗിൽ പറഞ്ഞു. കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ പാരിസ്, കാനഡ എന്നിവിടങ്ങളിലെ ഇന്ത്യൻ സ്വത്തുക്കളിൽ അനുകൂല കോടതി വിധികളും അതത് രാജ്യങ്ങളിൽനിന്ന് ദേവാസ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.