ദെവാസ് കേസ്: കോടികളുടെ ഓഹരി നഷ്ടത്തിനെതിരെ നിയമസഹായം തേടാൻ എയർപോർട്ട് അതോറിറ്റി
text_fieldsന്യൂഡൽഹി: എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ)ക്കുവേണ്ടി ഇന്റർനാഷനൽ എയർ ട്രാവൽ അസോസിയേഷൻ (ഐയാട്ട) കൈവശം വെച്ച 30 ദശലക്ഷം യു.എസ് ഡോളറിന്റെ ഓഹരി കാനഡ കോടതി ഉത്തരവിനെ തുടർന്ന് 'ദെവാസ് മൾട്ടിമീഡിയ' ഓഹരി ഉടമകൾ സ്വന്തമാക്കുന്നതിനെതിരെ എ.എ.ഐ നിയമസഹായം തേടും.
ക്യുബെക് കോടതിയുടെ ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിലും എ.എ.ഐക്കുവേണ്ടി സമാഹരിച്ച തുക മാറ്റുന്നത് തടയണമെന്ന അഭ്യർഥനയെ തുടർന്ന് ഐയാട്ട ചില രേഖകൾ കൈമാറിയതായി എ.എ.ഐ വക്താവ് പറഞ്ഞു. എ.എ.ഐയുടെ ഓഹരി പിടിച്ചെടുത്ത വിവരം തിങ്കളാഴ്ചയാണ് ദെവാസ് മൾട്ടിമീഡിയ' അറിയിച്ചത്. ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട്അപ്പായ ദെവാസിന് ഐ.എസ്.ആർ.ഒയുടെ വ്യാപാര കാര്യങ്ങളുടെ ചുമതലയുള്ള ആൻട്രിക്സ് കോർപറേഷൻ നൂറുകോടിയിലധികം യു.എസ് ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് 2020ൽ യു.എസ് കോടതി വിധിച്ചിരുന്നു.
2011ലെ ഉപഗ്രഹ ഇടപാട് റദ്ദാക്കിയതിന്റെ പേരിലായിരുന്നു ഇത്. തുടർന്ന്, പല കോടതികളിലും ഇന്റർനാഷനൽ ചേംബർ ഓഫ് കോമേഴ്സ് നിയമ വ്യവസ്ഥകൾ മുൻനിർത്തി നഷ്ടപരിഹാരത്തിനായി കേസ് നടത്തുകയാണ് 'ദെവാസ്'. മുമ്പും ആർബിട്രേഷൻ ട്രൈബ്യൂണലും യു.എസ് കോടതിയും മറ്റും ആൻട്രിക്സ് 'ദെവാസി'ന് പണം നൽകണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.
എ.എ.ഐ എന്നാൽ ഇന്ത്യയുടെ സ്വന്തം സ്ഥാപനമാണെന്നതിനാലാണ് ഓഹരി മാറ്റുന്നതെന്ന് കാനഡ കോടതി പറഞ്ഞതായാണ് ദെവാസിന്റെ അവകാശവാദം. ദെവാസിന് ഇന്ത്യ നൽകേണ്ട തുക വാങ്ങിയെടുക്കാനായി ലോകമെമ്പാടുമുള്ള കോടതികളെ സമീപിക്കുമെന്ന് ഇവരുടെ ഓഹരി ഉടമകളുടെ പ്രധാന അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.