വ്യോമയാന രംഗത്ത് 2025ഓടെ 25 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ഡി.ജി.സി.എ
text_fieldsന്യൂഡൽഹി: സിവിൽ വ്യോമയാന രംഗത്ത് 2025ഓടെ 25 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആശ്യപ്പെട്ട് വിമാനക്കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സർക്കുലർ. മേഖലയിലെ ഭൂരിഭാഗം തസ്തികകളിലും സ്ത്രീപ്രാതിനിധ്യം നാമമാത്രമായി തുടരുകയാണെന്ന് വിമർശനമുയരുന്നതിനിടെയാണ് സർക്കുലർ.
ഇന്ത്യയുടെ ഭരണഘടനയിലും അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) ദർശനങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ലിംഗസമത്വ തത്ത്വങ്ങൾക്ക് അനുസരിച്ചാണ് നടപടിയെന്ന് ഡി.ജി.സി.എ അധികൃതർ പറഞ്ഞു. ലൈംഗിക അതിക്രമങ്ങളിൽ നടപടികൾ ഉറപ്പുവരുത്തുക, തൊഴിലിടം സ്ത്രീസൗഹൃദമാക്കി എച്ച്.ആർ നയങ്ങൾ രൂപവത്കരിക്കുക, വനിത ജീവനക്കാരിൽ മികവ് പുലർത്തുന്നവരെ പ്രത്യേകമായി പ്രോത്സാഹിപ്പിക്കുക, ലിംഗഭേദം ഉൾക്കൊള്ളുന്ന തൊഴിൽ സംസ്കാരം പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയാണ് സർക്കുലറിലെ പ്രധാന നിർദേശങ്ങളെന്നും ഡി.ജി.സി.എ അധികൃതർ പറഞ്ഞു.
അഞ്ചു മുതൽ 14 വരെ ശതമാനമാണ് ഇന്ത്യൻ വ്യോമയാന മേഖലയിൽ വിവിധ വിഭാഗങ്ങളിലെ സ്ത്രീ തൊഴിലാളി പ്രാതിനിധ്യം. ഇതിൽ ഏറ്റവും കൂടുതൽ വനിത പ്രാതിനിധ്യമുള്ളത് പൈലറ്റുകൾക്കിടയിലാണ്, 14 ശതമാനം. വനിത പൈലറ്റുമാരുടെ പ്രാതിനിധ്യം വർധിക്കുന്നുണ്ടെങ്കിലും, മെക്കാനിക്കൽ എൻജിനീയർമാർ, എയറോനോട്ടിക്കൽ എൻജിനീയർമാർ, ടെക്നീഷ്യൻമാർ, എയർ ട്രാഫിക് കൺട്രോളർമാർ, എയർപോർട്ട് മാനേജർമാർ തുടങ്ങിയ തസ്തികകളിൽ ഇപ്പോഴും വനിത പങ്കാളിത്തം നാമമാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.