ഇന്ത്യ-ഒമാൻ സ്വതന്ത്ര വ്യാപാര കരാറിന് ചർച്ച
text_fieldsമസ്കത്ത്: ഒമാനും ഇന്ത്യയും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച് ചർച്ച. കരാർ ഒപ്പിടുന്നത് പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് ബിൻ മുഹമ്മദ് അൽ യൂസുഫാണ് വെളിപ്പെടുത്തിയത്. ന്യൂഡൽഹിയിൽ നടന്ന ജി20 വ്യാപാര, നിക്ഷേപ മന്ത്രിമാരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനിടെയാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ലോക വ്യാപാര സംഘടനയുടെ പരിഷ്കരണം, വ്യാപാര ലോജിസ്റ്റിക് സേവനങ്ങൾ, ആഗോള വ്യാപാരത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സംയോജനം എന്നിവയടക്കം യോഗത്തിൽ മന്ത്രിമാർ നിരവധി വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിൽ വഴിത്തിരിവാകുമെന്ന് പ്രതീക്ഷിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ചർച്ചയായിരിക്കുന്നത്. കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യയും ഒമാനും തമ്മിൽ നിലവിൽതന്നെ സാമ്പത്തിക വാണിജ്യബന്ധം ശക്തമാണ്.
2020-2021 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 5.4432 ബില്യൺ ഡോളറായിരുന്നു. 2021-2022 വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 9.988 ബില്യൺ ഡോളറിലും 2022-2023 (ഏപ്രിൽ-ജനുവരി) 10.659 ബില്യൺ ഡോളറിലും എത്തി. ഒമാനിൽ 6000ത്തിലധികം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങളുണ്ട്.
ഏകദേശം 7.5 ബില്യൺ ഡോളറിന്റെ നിക്ഷേപമുണ്ട്. ഇന്ത്യൻ കമ്പനികൾ ഒമാനിൽ, പ്രത്യേകിച്ച് സുഹാർ, സലാല ഫ്രീ സോണുകളിൽ മുൻനിര നിക്ഷേപകരായി ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യയും ഒമാനും തമ്മിൽ നിരവധി പ്രധാന ഉഭയകക്ഷി കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചിട്ടുണ്ട്.
ആരോഗ്യരംഗം, ടൂറിസം, സൈനികരംഗം, ബഹിരാകാശത്തിന്റെ സമാധാനപരമായ ഉപയോഗം തുടങ്ങി നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തമായ സഹകരണം നിലനിൽക്കുന്നു.
2022 ഒക്ടോബറിൽ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സന്ദർശനവേളയിൽ, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സി.ബി.ഒ) നാഷനൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി (എൻ.പി.സി.ഐ), രണ്ടു രാജ്യങ്ങളും തമ്മിലുള്ള പേമെന്റ് സംവിധാനങ്ങളെ ബന്ധിപ്പിക്കുന്നതിന് ഒരു സുപ്രധാന ധാരണപത്രം ഒപ്പുവെച്ചിരുന്നു. സ്വതന്ത്ര വ്യാപാര കരാർ രൂപപ്പെട്ടാൽ വാണിജ്യബന്ധത്തിൽ വൻ വളർച്ച കൈവരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.