സാമ്പത്തിക വളര്‍ച്ചക്ക് എണ്ണയിതര വരുമാനം വർധിപ്പിക്കണമെന്ന് ഡോ. സാദ് അൽ-ബറാക്ക്
text_fieldsകുവൈത്ത് സിറ്റി: സാമ്പത്തിക വളര്‍ച്ച സുസ്ഥിരമാക്കാന്‍ എണ്ണയിതര വരുമാനം വർധിപ്പിക്കണമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും നിക്ഷേപ-എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ-ബറാക്ക്. ഉറച്ച ആത്മവിശ്വാസത്തോടെ മാറ്റത്തിന് നേതൃത്വം നല്കിയാല് വിജയം സുനിശ്ചിതമാണ്, രാജ്യത്തെ അടിത്തറയും നട്ടെല്ലും സുസ്ഥിരമായ സമ്പദ്വ്യവസ്ഥയാണ്. എന്നാല്‍ ആഗോളതലത്തിലെ വെല്ലുവിളികൾ കണക്കിലെടുത്ത് വളർച്ച സാധ്യതകൾ മെച്ചപ്പെടുത്താൻ സാമ്പത്തിക രംഗത്ത് ഘടനാപരമായ പരിഷ്കാരം ആവശ്യമാണെന്നും ഡോ. സാദ് അൽ-ബറാക്ക് പറഞ്ഞു. അൽ-റായ് പത്രം സംഘടിപ്പിച്ച ‘ഓൺ ദി അജണ്ട’ എന്ന സാമ്പത്തിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ വരുമാനത്തിന്റെ 88 ശതമാനവും എണ്ണയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ്. ഈ അമിത ആശ്രിതത്വം അപകടകരമാണ്. വരും വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ എണ്ണ വില താഴാനുള്ള സാധ്യത ഏറെയാണ്. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ സമ്പദ്വ്യവസ്ഥ വൈവിധ്യവത്കരിക്കണമെന്നും ഇതിന്റെ ആദ്യപടിയായി രാജ്യത്തെ ദ്വീപുകളെ മേഖലയിലെ തന്നെ മികച്ച സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാറെന്നും അൽ-ബറാക്ക് പറഞ്ഞു.
എണ്ണയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുകയും മറ്റ് സാമ്പത്തിക സ്രോതസ്സുകളെ വികസിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് അൽ-ബറാക്ക് വ്യക്തമാക്കി. ഇതിലൂടെ അടുത്ത 15 വർഷത്തിനുള്ളിൽ 2,50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കുവൈത്ത് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.