സ്വർണത്തിന് ഇ-വേ ബിൽ: ജി.എസ്.ടി നിരക്ക് ഏകീകരണം, നഷ്ടപരിഹാരം എന്നിവയിൽ തീരുമാനം ഇന്ന്
text_fieldsന്യൂഡൽഹി: സ്വർണം, വിലപിടിച്ച കല്ലുകൾ തുടങ്ങിയവ ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടു പോകുന്നതിന് ഇ-വേ ബില്ലുകൾ നിർബന്ധമാക്കാൻ ചരക്കു സേവന നികുതി (ജി.എസ്.ടി) കൗൺസിൽ തീരുമാനിച്ചു. രണ്ടു ലക്ഷം രൂപക്കു മുകളിൽ വില വരുന്നവയുടെ കാര്യത്തിലാണിത്. സ്വർണവ്യാപാരികൾ തമ്മിലുള്ള ഇടപാടുകളിൽ ഇ-ഇൻവോയ്സ് നിർബന്ധമാക്കും.
ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ നേതൃത്വത്തിലുള്ള ഉപസമിതി മുന്നോട്ടുവെച്ച ശിപാർശയാണ് ജി.എസ്.ടി കൗൺസിൽ അംഗീകരിച്ചത്. നികുതി നിരക്ക് കഴിയുന്നത്ര ഏകീകരിക്കാൻ മന്ത്രിതല സമിതി തയാറാക്കിയ ശിപാർശകൾ ചണ്ഡീഗഢിൽ നടക്കുന്ന രണ്ടു ദിവസത്തെ ജി.എസ്.ടി കൗൺസിൽ പരിഗണിക്കുന്നുണ്ട്. അന്തിമ തീരുമാനം ബുധനാഴ്ച ഉണ്ടാവും. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സമിതി മുന്നോട്ടു വെച്ച നിർദേശങ്ങൾ പലതാണ്.
1,000 രൂപക്കു താഴെയുള്ള ഹോട്ടൽ താമസ ബില്ലുകൾക്ക് ജി.എസ്.ടി ഇളവ് വേണ്ട; 12 ശതമാനം വരെ നികുതി ഈടാക്കണം.
പ്രതിദിനം 5,000 രൂപയിൽ കൂടുതൽ മുറിവാടക നൽകേണ്ട ആശുപത്രികളിൽ കിടത്തിച്ചികിത്സിക്കുന്ന രോഗികളിൽ നിന്ന് അഞ്ചു ശതമാനം ജി.എസ്.ടി വാടകയിൽ നിന്ന് ഈടാക്കാം.
ഇൻലന്റ്, കവർ, പോസ്റ്റ് കാർഡ്, ബുക്പോസ്റ്റ് തുടങ്ങിയ പോസ്റ്റോഫിസ് സേവനങ്ങൾക്ക് നികുതി ഈടാക്കണം.
ബാങ്കുകൾ നൽകുന്ന ചെക്ക് ബുക്കുകൾക്ക് 18 ശതമാനം ജി.എസ്.ടി, ഒപ്പം റിസർവ് ബാങ്ക്, സെബി, ജി.എസ്.ടി നെറ്റ്‍വർക്ക് സേവനങ്ങൾക്കും നികുതി ഈടാക്കാം.
ബിസിനസുകാർ നൽകുന്ന താമസ സൗകര്യങ്ങൾക്കുള്ള ജി.എസ്.ടി ഇളവ് പിൻവലിക്കണം.
കൊപ്ര, സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പിക്കുരു, തേയില, വെറ്റില, കശുവണ്ടി തുടങ്ങിയവ സംഭരിച്ചു സൂക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ജി.എസ്.ടി ഇളവ് ഇനി വേണ്ട.
പരിശീലന, വിനോദ പ്രവർത്തനങ്ങൾ നടത്തുന്ന കേന്ദ്രങ്ങളിൽ നിന്ന് ജി.എസ്.ടി ഈടാക്കണം.
എൽ.ഇ.ഡി ലൈറ്റിന്റെയും മറ്റും തീരുവ 12ൽ നിന്ന് 18 ശതമാനമായേക്കും. സോളാർ വാട്ടർ ഹീറ്റർ ജി.എസ്.ടി അഞ്ചിൽ നിന്ന് 12 ശതമാനമാവും. തുകൽ ഉൽപന്നങ്ങൾക്കും അഞ്ചിൽ നിന്ന് 12 ശതമാനമാവുമെന്നാണ് സൂചന.
ജി.എസ്.ടി നടപ്പാക്കിയതു വഴി സംസ്ഥാനങ്ങൾ നേരിടുന്ന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കുന്ന രീതി അടുത്ത അഞ്ചു വർഷത്തേക്കു കൂടി തുടരണമെന്ന് പ്രതിപക്ഷ സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ബുധനാഴ്ച അന്തിമ തീരുമാനമെടുക്കും. കേരളം, പശ്ചിമ ബംഗാൾ, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.നഷ്ടപരിഹാരം തുടർന്നും നൽകാൻ തയാറല്ലെങ്കിൽ കേന്ദ്രവും സംസ്ഥാനങ്ങളും ജി.എസ്.ടി വരുമാനം തുല്യമായി പങ്കിടുന്ന രീതി മാറ്റണമെന്ന് ഈ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. വരുമാനത്തിന്റെ 80 ശതമാനം വരെ സംസ്ഥാനങ്ങൾക്ക് നൽകണം. കേന്ദ്ര ജി.എസ്.ടിയുടെ കാര്യത്തിൽ ഇത് 30 ശതമാനം വരെയാകണം. ഈ ആവശ്യമാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചത്.
കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി യോഗത്തിൽ ഭൂരിപക്ഷം നോക്കി തീരുമാനങ്ങൾ അടിച്ചേൽപിക്കരുത്. സമവായത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കണം. കൗൺസിലിന്റെ തീരുമാനങ്ങൾ അതേപടി നടപ്പാക്കാൻ നിയമപരമായ ബാധ്യതയില്ലെന്നും, ഉപദേശക സ്വഭാവമാണ് കൗൺസിലിനുള്ളതെന്നും അടുത്തിടെ സുപ്രീംകോടതി വിധിച്ച കാര്യവും പ്രതിപക്ഷ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടി.എന്താണ് ഇ വേ ബിൽ
ജിഎസ്ടി നിയമ പ്രകാരം 50,000 രൂപയിൽ കൂടുതൽ വിലയുള്ള സാധനങ്ങൾ ഒരിടത്തു നിന്ന് 10 കിലോ മീറ്ററിലധികം ദൂരെയുള്ള മറ്റൊരിടത്തേയ്ക്ക് കൊണ്ടു പോകേണ്ടി വരുമ്പോൾ ഉപയോഗിക്കേണ്ട യാത്രാ രേഖയാണ് ഇ-വേ ബിൽ. ചരക്ക് കൊണ്ടു പോകുന്ന വാഹനത്തിന്റെ വിവരങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തി ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ടു പോകുന്ന ആൾക്ക് തന്നെ ഇ-വേ ബിൽ തയ്യാറാക്കാവുന്നതാണ്. ഇത് വാഹനത്തിൽ സൂക്ഷിക്കണം.ഓൺലൈനിൽ നിന്ന് ലഭിക്കുന്ന ഈ രേഖ ഉപയോഗിച്ച് ഇന്ത്യയിലെവിടെയും ചരക്കുമായി യാത്ര ചെയ്യാവുന്നതാണ്. 100 കിലോ മീറ്ററിൽ താഴെ യാത്ര ചെയ്യേണ്ടുന്നവയുടെ ഇ-വേ ബിൽ കാലാവധി ഒരു ദിവസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.