43,920 കോടി ഡോളറിന്റെ ആസ്തി! അതിസമ്പന്നതയിൽ ചരിത്രം കുറിച്ച് ഇലോൺ മസ്ക്
text_fieldsന്യൂയോർക്ക്: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 400 ബില്യൺ (40,000 കോടി) യു.എസ് ഡോളർ ആസ്തിയിൽ എത്തുന്ന ആദ്യ വ്യക്തിയായി ടെസ്‌ല, സ്പേസ് എക്സ് സി.ഇ.ഒ ഇലോൺ മസ്‌ക് മാറി. ബ്ലൂംബെർഗ് സൂചിക പ്രകാരം സ്‌പേസ് എക്‌സിന്റെ ഇൻസൈഡർ ഓഹരി വിൽപ്പനയിലൂടെ മസ്‌കിന്റെ ആസ്തി ഒറ്റയടിക്ക് ഏകദേശം 50 ബില്യൺ ഡോളർ വർധിച്ച് 439.2 ബില്യൺ ഡോളറായി (ഇന്ത്യൻ രൂപ 37 ലക്ഷം കോടിയിലധികം) ഉയർന്നു.
2022ൽ ആസ്തി 200 ബില്യൺ ഡോളറിന് താഴെ പോയതിനു ശേഷമാണ് രണ്ട് വർഷത്തിനിടെ മസ്കിന്റെ അസാധാരണ വളർച്ചയെന്നത് ശ്രദ്ധേയമാണ്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ പിന്തുണ നൽകിയ ഡോണൾഡ് ട്രംപ് വിജയിച്ചതും മസ്കിന് അനുകൂലമായി. സെൽഫ് ഡ്രൈവിങ് കാറുകളുടെ വ്യാപനം ട്രംപ് കാര്യക്ഷമമാക്കുമെന്നും വിപണിയിൽ ടെസ്‌ലയുടെ എതിരാളികളെ സഹായിക്കുന്ന ഇലക്ട്രിക് വാഹന നികുതി ഇളവുകൾ ഇല്ലാതാക്കുമെന്നുമുള്ള പ്രതീക്ഷയിൽ, തെരഞ്ഞെടുപ്പിന് മുമ്പ് ടെസ്‌ലയുടെ ഓഹരികൾ 65 ശതമാനത്തോളം ഉയർന്നു.
പുതുതായി സൃഷ്ടിച്ച ‘ഭരണ മികവ്’ വകുപ്പിന്റെ സഹമേധാവി എന്ന നിലയിൽ പുതിയ സർക്കാറിലും പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ് മസ്‌ക്. അതേസമയം, മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്സ്.എ.ഐ, മേയിൽ 50 ബില്യൺ ഡോളർ നിക്ഷേപം സ്വീകരിച്ചതിനുശേഷം വിപണി മൂല്യം ഇരട്ടിയിലധികമായി വർധിച്ചെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിലെ പുത്തൻ ഗവേഷണങ്ങളാണ് എക്സ്.എ.ഐയുടെ വളർച്ചയിൽ നിർണായകമായത്.
സ്പേസ് എക്സ് ദൗത്യങ്ങളിലെ തുടർച്ചയായ വിജയവും മനുഷ്യരെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതികളും മസ്കിന്റെ ആസ്തി ഉയരുന്നതിൽ നിർണായകമായി. നാസയും യു.എസ് ഭരണകൂടവുമായുള്ള ഇടപാടുകൾ കമ്പനിയുടെ മൂല്യം പതിന്മടങ്ങ് വർധിപ്പിച്ചു. ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപായും സ്പേസ് എക്സ് വളർന്നു. ഗ്രഹാന്തര യാത്ര, അന്യഗ്രഹങ്ങളിൽ മനുഷ്യ കോളനികൾ സൃഷ്ടിക്കുക തുടങ്ങിയ വിഷയങ്ങളിൽ മസ്കിനുള്ള കാഴ്ചപ്പാടിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.