സൂര്യപ്രഭയിൽ ഊർജം
text_fieldsനാടിന്റെ ഭാവിയുടെ പ്രകാശമാവുകയാണ് സൗരോർജം. ഗാർഹികാവശ്യങ്ങൾക്ക് മുതൽ വാണിജ്യ ഉപഭോക്താക്കൾക്കുവരെ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയുംവരെ സകല മേഖലകളിലും സൗരോർജ പദ്ധതി യാഥാർഥ്യമാകുന്നു. സംസ്ഥാനത്തെ പുരപ്പുറങ്ങളിൽ സൗരോർജ വിപ്ലവംതന്നെ വരുംനാളുകളിൽ നടക്കുമെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാന സർക്കാർ സൗരോർജം വീടുകളിലും സ്ഥാപനങ്ങളിലും വ്യാപകമാക്കാൻ വിവിധ പദ്ധതികൾ അനർട്ട് മുഖേന നടപ്പാക്കുന്നുണ്ട്. കേന്ദ്ര നവപുനരുപയോഗ ഊർജ മന്ത്രാലയം (എം.എൻ.ആർ.ഇ) കെ.എസ്.ഇ.ബി മുഖേന നടപ്പാക്കുന്ന പുരപ്പുറ സൗരോർജ സബ്സിഡി പദ്ധതിയിൽ പ്ലാൻറുകൾ അനർട്ട് മുഖേന സ്ഥാപിക്കുന്നു.
പുരപ്പുറ സോളാർ പദ്ധതിക്കുള്ള കേന്ദ്ര സബ്സിഡി വർധിപ്പിച്ചതും പ്രതീക്ഷയാണ്. മൂന്ന് കിലോവാട്ട് ശേഷിയുള്ള പ്ലാൻറ് സ്ഥാപിക്കുന്നവർക്ക് 78,000 രൂപ വരെ സബ്സിഡി ലഭിക്കും. രണ്ടു കിലോവാട്ട് വരെ കിലോവാട്ടിന് 30,000 രൂപ സബ്സിഡിയുണ്ട്.
വീടുകളിലേക്ക്
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗരപദ്ധതി വഴി 166.3 മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്. 43,500 പുരപ്പുറങ്ങളിൽ സൗരോർജ പദ്ധതി യാഥാർഥ്യമായി. സ്വകാര്യ മേഖല കൂടി കണക്കാക്കിയാൽ 1,07,000ത്തിലധികം പുരപ്പുറങ്ങളിൽ സോളാർ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഒരു കിലോവാട്ട് പ്ലാൻറിന് 100 ചതുരശ്ര അടി സ്ഥലമാണ് വേണ്ടത്. സ്ഥാപിക്കാൻ ഏകദേശം 42,000 രൂപ ചെലവുവരും. ഒരു കിലോവാട്ട് പ്ലാൻറിൽ നിന്ന് ദിവസം നാല് യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. സാധാരണ കുടുംബത്തിന് ദിവസം ആറ് മുതൽ എട്ട് യൂനിറ്റ് വരെ വൈദ്യുതിയാണ് ആവശ്യം.
മൂന്ന് കിലോവാട്ടിൽ താഴെയുള്ള സോളാർ പ്ലാൻറുകൾക്ക് 40 ശതമാനവും മൂന്നുമുതൽ മുകളിലേക്ക് 20 ശതമാനവുമാണ് സബ്സിഡി ലഭിക്കുക. വീട്ടാവശ്യത്തിന് ഉപയോഗിച്ചശേഷം അധികമുള്ള വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡ് വഴി വാങ്ങുകയും വർഷത്തിൽ ഇതിന്റെ തുക ഉപഭോക്താക്കൾക്കു നൽകുകയും ചെയ്യും. നിലവിൽ സംസ്ഥാനത്ത് 10 കിലോവാട്ടിൽ താഴെയുള്ള പ്ലാൻറുകളാണ് വീടുകളിൽ സ്ഥാപിക്കുന്നത്.
സ്ഥാപിക്കാൻ രണ്ടു വഴി
ദേശീയ പോർട്ടൽ വഴിയും സംസ്ഥാനത്തെ സൗര പദ്ധതി വഴിയും രജിസ്റ്റർ ചെയ്ത് പുരപ്പുറ സോളാർ സ്ഥാപിക്കാൻ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തെ സൗര പദ്ധതിക്ക് അപേക്ഷിക്കുമ്പോൾ, സബ്സിഡി കഴിഞ്ഞുള്ള തുക മാത്രം ഉപഭോക്താവ് ഡെവലപ്പർക്ക് അടച്ചാൽ മതിയാകും. നിർമാണം കഴിഞ്ഞാൽ സബ്സിഡി തുക ഡെവലപ്പർക്ക് വൈദ്യുതി ബോർഡ് അനുവദിക്കും. കെ.എസ്.ഇ.ബി എംപാനൽ ചെയ്ത ഏജൻസികളാണ് പ്ലാന്റുകൾ നിർമിക്കുന്നത്. ഏജൻസികളെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.
കേന്ദ്ര പദ്ധതി വഴി
പി.എം സൂര്യഘർ യോജന വഴിയാണ് കേന്ദ്ര പദ്ധതിയുടെ നടത്തിപ്പ്. ആദ്യം https://pmsuryaghar.gov.in വഴി രജിസ്റ്റർ ചെയ്യണം. ശേഷം കെ.എസ്.ഇ.ബി ഫീസിബിലിറ്റി റിപ്പോർട്ട് നൽകും. തുടർന്ന് ഡെവലപ്പറെ ഉപഭോക്താക്കൾക്ക് കാണാം. മുഴുവൻ തുകയും ഡെവലപ്പർക്ക് ഉപഭോക്താവ് അടക്കണം. പിന്നീട് സബ്സിഡി തുക കേന്ദ്ര സർക്കാർ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കൈമാറും.
കേരളത്തിൽ നടപ്പാക്കുന്ന സൗരപുരപ്പുറ പദ്ധതി മാർച്ച് 15 വരെ തുടരും. തുടർന്ന് കേന്ദ്ര പദ്ധതി മാത്രമാണുണ്ടാകുകയെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ, അതിന് ശേഷവും സംസ്ഥാനത്തിന്റെ സൗര പദ്ധതി മുന്നോട്ടുകൊണ്ടുപോകാനായി കേരളം കേന്ദ്രത്തിൽ അപേക്ഷ നൽകിയിരിക്കുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ഉറപ്പിലാണ് അധികൃതർ. ഇതോടെ കേന്ദ്ര പദ്ധതിക്ക് സമാനമായ സബ്സിഡി കേരളത്തിലെ പ്രോജക്ടിലും നടപ്പാക്കാനാണ് ശ്രമം.
ഇലക്ട്രിക് വാഹനങ്ങൾക്ക്
ഇലക്ട്രിക് കാറുകൾ പരമാവധി ഹരിതോർജം ഉപയോഗിക്കുന്നതിനായി പബ്ലിക്ക് ചാർജിങ് സ്റ്റേഷനുകളോടൊപ്പം സ്ഥാപിക്കുന്ന സൗരോർജ സംവിധാനത്തിന് സംസ്ഥാന സർക്കാർ അനർട്ട് വഴി സബ്സിഡി നൽകുന്നുണ്ട്.കിലോവാട്ടിന് 20,000 എന്ന നിരക്കിൽ പത്തുലക്ഷം രൂപ സബ്സിഡി നൽകിവരുന്നുണ്ട്.
ഇ-കിരൺ അപേക്ഷ ഇങ്ങനെ...
- സംസ്ഥാന സൗരപദ്ധതിക്ക് https://ekiran.kseb.in ൽ അപേക്ഷ സമർപ്പിക്കണം.
- പദ്ധതിയിൽ എം.പാനൽ ചെയ്ത 37 ഡെവലപ്പർമാരുടെ പട്ടികയിൽനിന്ന് ആരെ തിരഞ്ഞെടുക്കണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം.
- രജിസ്ട്രേഷൻ പൂർത്തിയായാൽ ഡെവലപ്പറിലേക്ക് അപേക്ഷ എത്തും.
- ഇതുമായി ഡെവലപ്പർ സ്ഥലത്തെത്തി സർവേ നടത്തും. എത്ര കിലോവാട്ട് പ്ലാൻറ് സ്ഥാപിക്കണമെന്നുള്ളത് തീരുമാനിച്ച് വൈദ്യുതി ബോർഡിൽ ഫീസിബിലിറ്റി അപേക്ഷ നൽകും.
- ട്രാൻസ്ഫോർമറിന് മതിയായ കപ്പാസിറ്റിയുണ്ടോയെന്ന് പരിശോധിച്ച് കെ.എസ്.ഇ.ബി ഫീസിബിലിറ്റി അനുവദിക്കും.
- തുടർന്ന് പാനലുകൾ സ്ഥാപിക്കും
- കെ.എസ്.ഇ.ബി സെക്ഷൻ എൻജിനീയർ പരിശോധിച്ച് പദ്ധതി പൂർത്തീകരണ റിപ്പോർട്ട് തയാറാക്കി കേന്ദ്ര നവപുനരുപയോഗ ഊർജ മന്ത്രാലയത്തിന് സമർപ്പിക്കും. തുടർന്ന് സബ്സിഡി വൈദ്യുതി ബോർഡിന്റെ അക്കൗണ്ടിലേക്ക് വരുകയും അത് ഡെവലപ്പർക്ക് കൈമാറുകയും ചെയ്യും.
സൗരോർജ പ്ലാൻറ് നിർമിക്കുമ്പോൾ
- നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ് സൗരോർജ പാനൽ സ്ഥാപിക്കാൻ അനുയോജ്യം.
- ചരിഞ്ഞ പ്രതലങ്ങളുള്ള പുരപ്പുറങ്ങൾ ഉപയോഗിക്കുമ്പോൾ സ്റ്റാൻഡുകൾക്കും ഫാബ്രിക്കേഷൻ ജോലികൾക്കും അധിക ചെലവ് ആവശ്യമായി വരും.
- തെക്കൻ ചായ്വിൽ നിന്നുള്ള വെയിൽ ലഭിക്കുന്നതിന് 10 ഡിഗ്രി തെക്കോട്ട് ചായ്ച്ചാണ് പാനലുകൾ സ്ഥാപിക്കുന്നത്.
- നിഴൽ വരുത്തുന്ന മരങ്ങൾ, കെട്ടിടങ്ങൾ എന്നിവ പാനൽ സ്ഥാപിക്കുന്നതിനു തടസ്സമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.