അദാനി ഗ്രൂപ്പിൽ നിക്ഷേപം തുടർന്ന് ഇ.പി.എഫ്.ഒ
text_fieldsന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് തകർച്ച നേരിടുന്ന അദാനി ഗ്രൂപ് കമ്പനികളിൽ എംേപ്ലായീസ് പ്രോവിഡൻറ് ഫണ്ട് ഒാർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഇപ്പോഴും നിക്ഷേപം തുടരുന്നു. വൻകിട നിക്ഷേപകരിൽ പലരും അദാനി കമ്പനികളിലെ നിക്ഷേപം വെട്ടിക്കുറക്കുമ്പോഴാണ് ഇ.പി.എഫ്.ഒ നിക്ഷേപം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്.
അദാനി എന്റർപ്രൈസസ്, അദാനി പോർട്സ് എന്നിവയിലാണ് പെൻഷൻ ഫണ്ട് വൻതോതിൽ നിക്ഷേപിച്ചിരിക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചേരുന്ന ഇ.പി.എഫ്.ഒ ട്രസ്റ്റി ബോർഡ് യോഗം മാറി ചിന്തിക്കുന്നില്ലെങ്കിൽ ഈ വർഷം അവസാനം വരെ നിക്ഷേപം തുടരുമെന്നാണ് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. മൊത്തം ഫണ്ടിലെ 15 ശതമാനമാണ് എൻ.എസ്.ഇ നിഫ്റ്റി 50, ബി.എസ്.ഇ സെൻസെക്സ് എന്നിവയുമായി ബന്ധിപ്പിച്ച എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിൽ (ഇ.ടി.എഫ്) ഇ.പി.എഫ്.ഒ നിക്ഷേപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചു വരെയുള്ള കണക്കുപ്രകാരം, 1.57 ലക്ഷം കോടി രൂപയാണ് ഇ.ടി.എഫുകളിലെ നിക്ഷേപം. നടപ്പ് സാമ്പത്തിക വർഷം മറ്റൊരു 8000 കോടി രൂപ കൂടി ഇ.പി.എഫ്.ഒ നിക്ഷേപിച്ചു.
അദാനിയുടെ രേഖകളെ കുറിച്ച ചോദ്യങ്ങൾക്ക് ഉത്തരമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: അദാനി കമ്പനികൾ സമർപ്പിച്ച ധനകാര്യ രേഖകളിൽ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം വല്ല പരിശോധനയും നടത്തിയിട്ടുണ്ടോ എന്നും നടത്തിയിട്ടുണ്ടെങ്കിൽ അവയിൽ വല്ല ക്രമക്കേടുകളുമുണ്ടോ എന്നുമുള്ള ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്ര സർക്കാർ. അദാനി വിഷയം കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ ഇത്തരം വിവരങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നാണ് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് കമ്പനികാര്യ മന്ത്രി റാവു ഇന്ദർജിത് സിങ് ലോക്സഭയിൽ മറുപടി നൽകിയത്. അദാനി കമ്പനികളെ കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് സെബിയുടെ അധികാര പരിധിയിൽ വരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനുപുറമെയാണ് മാർച്ച് രണ്ടിന് വിദഗ്ധ സമിതിയെ വിഷയം അന്വേഷിക്കാൻ നിയോഗിച്ച് സുപ്രീംകോടതി ഉത്തരവിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.