യുദ്ധം അഞ്ചു മേഖലകളെ പിടിച്ചുലക്കും
text_fieldsലണ്ടൻ: യുദ്ധം അഞ്ചു മേഖലകളെ കാര്യമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഊർജം, ഭക്ഷണ സാധനങ്ങൾ, ഗതാഗതം, ലോഹങ്ങൾ, മൈക്രോ ചിപ്പുകൾ എന്നിവയുടെ തടസ്സമില്ലാത്ത ലഭ്യതയെയാണ് യുദ്ധം ആഘാതമേൽപിക്കുക. പല യൂറോപ്യൻ രാജ്യങ്ങളും റഷ്യയെയാണ് ഊർജ ആവശ്യത്തിന് വിശിഷ്യ വാതക ഇന്ധനത്തിന് ആശ്രയിക്കുന്നത്. പൈപ്പ് ലൈനുകൾ വഴിയാണ് റഷ്യയിൽനിന്ന് യൂറോപ്പിലേക്ക് വാതകം എത്തുന്നത്. പല വിതരണ ശൃംഖലയിലും വാതക ഇന്ധനം നിർണായകമായതിനാൽ, ഈ രംഗത്തുണ്ടാവുന്ന ഏത് പ്രശ്നവും ഗുരുതര ആഘാതമുണ്ടാക്കും.
ആഗോള ഗോതമ്പ് കയറ്റുമതിയുടെ നാലിലൊന്നും റഷ്യ-യുക്രെയ്ൻ രാജ്യങ്ങളിൽനിന്നാണ്. സൂര്യകാന്തി എണ്ണയുടെ പകുതിയും കയറ്റുമതി ചെയ്യുന്നത് യുക്രെയ്ൻ ആണ്. ഇത് രണ്ടും ഭക്ഷ്യമേഖലയിലെ പ്രധാന വസ്തുക്കളായതിനാൽ, കയറ്റുമതിയിലുണ്ടാകുന്ന ഏത് പ്രതിസന്ധിയും ഗുരുതരമാകും. യുദ്ധം വിളവെടുപ്പിനെയും സംസ്കരണത്തെയും ബാധിക്കുകയും ചെയ്യും. തുർക്കി, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങൾ 70 ശതമാനവും ഗോതമ്പിന് ആശ്രയിക്കുന്നത് റഷ്യയെയും യുക്രെയ്നെയുമാണ്. വളത്തിന്റെ ചില പ്രധാന ഘടകങ്ങൾ നിർമിക്കുന്നതിലും റഷ്യ മുൻപന്തിയിലാണ്. റഷ്യക്ക് ഉപരോധം വന്നാൽ കയറ്റുമതിയെ ബാധിക്കും. ഇത് മറ്റു രാജ്യങ്ങളിലെ വളം നിർമാണത്തെയും കാർഷിക രംഗത്തെയും വലക്കും.
കോവിഡ് പ്രതിസന്ധി ഉലച്ച ഗതാഗത മേഖലയെ യുദ്ധവും കാര്യമായി ബാധിക്കും. കടൽ, റെയിൽ ഗതാഗത രംഗത്താകും ആഘാതമുണ്ടാവുക. 2011 മുതൽ ചൈനയും യൂറോപ്പും തമ്മിൽ റെയിൽ മാർഗമുള്ള ചരക്കുനീക്കമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യുക്രെയ്ൻ വഴിയുള്ള ട്രെയിനുകൾ റൂട്ട് മാറ്റിയിട്ടുണ്ട്. റഷ്യക്കെതിരായ ഉപരോധം ലിത്വേനിയയെപ്പോലുള്ള രാജ്യങ്ങളുടെ റെയിൽ ഗതാഗതത്തെ കാര്യമായി ബാധിക്കും. ഒഡേസ വഴിയുള്ള കപ്പൽ നീക്കം റഷ്യ നിയന്ത്രിച്ചാൽ അത് കപ്പൽ ചരക്കുനീക്കത്തെയും ബാധിക്കും. യുദ്ധം മൂലമുള്ള എണ്ണവിലയിലെ ഉയർച്ചയും കപ്പൽ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്.
നിക്കൽ, ചെമ്പ്, ഇരുമ്പ് തുടങ്ങിയ ലോഹങ്ങളുടെ ഉൽപാദനത്തിൽ മുൻപന്തിയിലാണ് റഷ്യയും യുക്രെയ്നും. നിയോൺ, പലാഡിയം, പ്ലാറ്റിനം എന്നിവയുടെ കയറ്റുമതിയിലും ഇവർ മുന്നിലാണ്. ഉപരോധ ഭീഷണി ഈ ലോഹങ്ങളുടെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. വാഹനങ്ങളുടെ പുക സംവിധാനം, മൊബൈൽ ഫോണുകൾ തുടങ്ങി പല്ല് അടക്കാനുള്ള സാധനങ്ങൾ നിർമിക്കുന്നതിനുവരെ വേണ്ട വസ്തുവാണ് പലാഡിയം. ഇതിന് ഡിസംബർ മുതൽ തന്നെ വൻ വിലവർധനയാണ്.
മൈക്രോചിപ്പുകൾ പോയവർഷം മുഴുവൻ ആവശ്യത്തിന് ലഭ്യമല്ലായിരുന്നു. ഇത് പുതിയ സാഹചര്യത്തിൽ തുടരാനാണ് സാധ്യത. ഉപരോധം തന്നെയാണ് ഇവിടെയും വില്ലൻ. മൈക്രോചിപ് നിർമാണത്തിൽ നിയോൺ, പലാഡിയം, പ്ലാറ്റിനം എന്നിവ പ്രധാനമാണ്. ചിപ് ലിതോഗ്രഫിക്ക് ഉപയോഗിക്കുന്ന നിയോണിന്റെ 90 ശതമാനവും എത്തുന്നത് റഷ്യയിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.