ഇന്ത്യയിൽ കൂടുതൽ സർവിസുകളുമായി ഇത്തിഹാദ്
text_fieldsകൊൽക്കത്ത: ഇന്ത്യയിൽനിന്ന് കൂടുതൽ സർവിസുകൾ ലക്ഷ്യമിടുന്നതായി യു.എ.ഇയുടെ ഇത്തിഹാദ് എയർവേസ്. ഇന്ത്യൻ എയർലൈനുകൾ പശ്ചിമേഷ്യൻ നഗരങ്ങളിലേക്ക് കൂടുതൽ സർവിസുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്നും ഇത്തിഹാദ് എയർവേസ് ഇന്ത്യൻ തലവൻ സലിൽ നാഥ് പറഞ്ഞു.
വ്യോമയാനമേഖല വളരുന്നതിനനുസരിച്ച് ഇത്തരം മത്സരങ്ങൾ നവീകരണത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ 62 നഗരങ്ങളിലേക്ക് ഇത്തിഹാദ് സർവിസ് നടത്തുന്നുണ്ട്. ഈ വർഷം, ആറ് നഗരങ്ങളിലേക്കുകൂടി സർവിസ് വ്യാപിപ്പിക്കും. ഇതിൽ ആദ്യനഗരം കൊൽക്കത്തയാണ്. ഈമാസം ഇന്ത്യയിൽ നിന്നുള്ള പ്രധാന റൂട്ടുകളിൽ കൂടുതൽ സർവിസുകൾ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊൽക്കത്ത-അബൂദബി റൂട്ടിൽ സർവിസ് പുനരാരംഭിക്കുന്നതിനുപുറമേ, മാർച്ച് 26ന് അഹ്മദാബാദ്, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ദിവസേന രണ്ട് വിമാനങ്ങളും കൊച്ചിയിൽനിന്ന് ആഴ്ചയിൽ ആറ് വിമാനങ്ങളും സർവിസ് ആരംഭിച്ചു. ഏപ്രിൽ 24 മുതൽ ഇത്തിഹാദ് ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ദിവസേന മൂന്ന് സർവിസുകൾ നടത്തും.
കോവിഡ് മഹാമാരിക്കുശേഷം വ്യോമയാനമേഖലയുടെ വളർച്ച അതിവേഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു.ഉയർന്നനിരക്കിനെയും അദ്ദേഹം ന്യായീകരിച്ചു. ആവശ്യം കുറയുമ്പോൾ നിരക്ക് സ്വാഭാവികമായും കുറയുമെന്നും സലിൽ നാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.