യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ
text_fieldsയൂറോപ്യൻ യൂനിയന്റെ പൊതുകറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം നടന്നത്. ഒരു ദിവസത്തെ ട്രേഡിംഗിൽ 0.4 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്.
റഷ്യ യുക്രെയ്‌നിൽ നടത്തുന്ന അധിനിവേശത്തിന്റെ തുടർച്ചയായാണ് യൂറോയുടെ മൂല്യമിടിഞ്ഞത്. യൂറോപ്പിന്റെ ഊർജ വിതരണത്തിൽ റഷ്യ നിയന്ത്രണം ഏർപ്പെടുത്തുമെന്ന ഭയം യൂറോ മേഖലയിൽ മാന്ദ്യത്തിനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.
1999-ൽ യൂറോ കറൻസി പുറത്തിറക്കിയ കാലത്ത് ഡോളറിന് താഴെയായിരുന്നു മൂല്യം. എന്നാൽ 2002 ഓടെ നില മെച്ചപ്പെടുത്തി. അവസാനമായി ഡോളറിന് താഴെ വ്യാപാരം നടന്നത് 2002 ഡിസംബറിലാണ്. ഏതാനും നാളുകളായി ദുർബലമാകുന്നതിന്റെ ലക്ഷണം കാണിച്ചിരുന്നു. 2008 ജൂണില്‍ ഒരു യൂറോയുടെ മൂല്യം 1.57 ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഒരു യൂറോയുടെ വില 1.20 ഡോളറും ഈ വര്‍ഷം തുടക്കത്തിൽ 1.13 ഡോളറുമായിരുന്നു. ഈ വർഷം തുടക്കം മുതൽ ഡോളറിനെതിരെ യൂറോ ഏകദേശം 12% ഇടിഞ്ഞു. ഇന്നലെ ഒരു യൂറോ ഒരു ഡോളറിനു തുല്യമായി. നിലവിൽ 80.38 രൂപയാണ് ഒരു യൂറോയുടെ മൂല്യം.
മൂല്യമിടിയുന്നത് ജർമന്‍ ഉപഭോക്താക്കള്‍ക്കും കയറ്റുമതി കമ്പനികള്‍ക്കും വന്‍ നഷ്ടം വരുത്തിവെക്കും. ഡോളറുമായുള്ള വിനിമയത്തിൽ ഇനിയും യൂറോ താഴേക്കു പോകുമോ എന്ന ആശങ്കയിലാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.