എക്സിറ്റ് പോൾ: ഓഹരി വിപണിയിൽ സംഭവിച്ചത്
text_fieldsമുംബൈ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ച നാലു ദിവസം തുടർച്ചയായി ഇന്ത്യൻ ഓഹരി സൂചികകൾ നഷ്ടത്തിലായിരുന്നു. രണ്ടു ശതമാനത്തിലേറെയായിരുന്നു ആകെ നഷ്ടം. എന്നാൽ, മേയ് 31ന് ചെറിയതോതിൽ തിരിച്ചുകയറി. സെൻസെക്സ് 75.71 പോയന്റ് ഉയർന്ന് 73,961.31ലും നിഫ്റ്റി 42.05 പോയന്റ് കയറി 22,530.70 പോയന്റിലുമെത്തി.
എക്സിറ്റ് പോൾ ഫലം വന്ന ശനിയാഴ്ച ഓഹരി വിപണിക്ക് അവധിയായിരുന്നു. വിപണി പ്രവർത്തനം പുനരാരംഭിച്ച ജൂൺ മൂന്നിന്, വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ബലത്തിൽ സൂചികകൾ മൂന്നു ശതമാനത്തോളം കുതിച്ചുകയറി എക്കാലത്തെയും പുതിയ ഉയരത്തിലെത്തി. സെൻസെക്സ് 2507.47 പോയന്റും നിഫ്റ്റി 733.20 പോയന്റും നേട്ടമുണ്ടാക്കി. അദാനി പോർട്സായിരുന്നു ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് -10.62 ശതമാനം.
ജൂൺ നാലിന് ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന യഥാർഥ ഫലം വന്നതോടെ ഓഹരി വിപണി മൂക്കുകുത്തിവീണു. സെൻസെക്സ് 4,389.73 പോയന്റും നിഫ്റ്റി 1,379.40 പോയന്റുമാണ് ഇടിഞ്ഞത്. നാലുവർഷത്തെ ഏറ്റവും വലിയ ഒറ്റ ദിവസ ഇടിവിൽ നിക്ഷേപകർക്ക് 31 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. പിറ്റേ ദിവസം സൂചികകൾ തിരിച്ചുകയറുന്നതാണ് കണ്ടത്. ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ 13.22 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി. വിപണിയിലെ ഈ വൻ ചാഞ്ചാട്ടങ്ങളിൽ ലക്ഷക്കണക്കിന് നിക്ഷേപകർക്ക് വലിയ നഷ്ടമുണ്ടായെങ്കിലും ഇതെല്ലാം മുൻകൂട്ടി അറിഞ്ഞവർ വലിയ ലാഭവുമുണ്ടാക്കിയിട്ടുണ്ടാകുമെന്ന് ഉറപ്പ്. ഇത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞുകൊണ്ടാണെന്നാണ് രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.