ആഗോള സാമ്പത്തിക മാന്ദ്യ മുന്നറിയിപ്പുമായി വിദഗ്ധർ
text_fieldsന്യൂയോർക്: ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും വരുകയാണെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധർ. ലോക വ്യാപാര സംഘടന തലവൻ മുതൽ നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ പോൾ ക്രൂഗ്മാൻ ഉൾപ്പെടെയുള്ളവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള വേൾഡ് ഇക്കണോമിക് ഫോറം കഴിഞ്ഞ ദിവസം പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ പത്തിൽ ഏഴുപേരും 2023ൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടു. മാന്ദ്യം പ്രവചിക്കലിന് പേരുകേട്ട ഫ്ലോറിഡ ആസ്ഥാനമായ നെഡ് ഡേവിസ് റിസർച് അടുത്ത വർഷം ആഗോള സാമ്പത്തിക മാന്ദ്യത്തിന് 98.1 ശതമാനമാണ് സാധ്യത പറയുന്നത്. പണപ്പെരുപ്പം പിടിച്ചുനിർത്താൻ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശനിരക്ക് ഉയർത്തുകയാണ്.
എന്നാൽ, ഇതുവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത പാദങ്ങളിലും പലിശനിരക്ക് ഉയർത്താൻ നിർബന്ധിതരായ സാഹചര്യമാണ്. അമേരിക്കൻ ഓഹരി വിപണി രണ്ടുവർഷത്തെ താഴ്ന്ന നിലയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ, യൂറോപ്യൻ വിപണികളും ക്ഷീണത്തിലാണ്.
യുക്രെയ്ൻ യുദ്ധം, കോവിഡ് നിയന്ത്രണങ്ങൾ, പണപ്പെരുപ്പം എന്നിവയാണ് സാമ്പത്തിക രംഗത്തെ ഉലച്ചത്. യുദ്ധം അവസാനിക്കുകയും പണപ്പെരുപ്പം നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഫലം കാണുകയും ചെയ്തില്ലെങ്കിൽ മാന്ദ്യം ഉറപ്പാണെന്ന് ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ സാമ്പത്തികശാസ്ത്ര അസിസ്റ്റന്റ് പ്രഫസർ പാവോ ലിൻ ടിയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.