തേങ്ങ, കൊപ്ര വിലകളിൽ ഉണർവ് പ്രതീക്ഷിച്ച് കർഷകർ
text_fieldsനാളികേര മേഖല വിലക്കയറ്റത്തിനായി ഉറ്റുനോക്കുന്നു. കാലവർഷത്തിന്റെ വരവിനിടയിൽ സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പൂർണമായി സ്തംഭിച്ചത് പച്ചത്തേങ്ങ, കൊപ്ര വിലകളിൽ ഉണർവ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് 35 ലക്ഷം വരുന്ന നമ്മുടെ കർഷകർ. ജൂണിൽ നിലച്ച വിളവെടുപ്പ് ഇനി ചിങ്ങത്തിലെ പുനരാരംഭിക്കൂ. കൊപ്രയാട്ട് വ്യവസായികൾ, വിദേശ പാചകയെണ്ണകളിൽ നിന്നുള്ള ശക്തമായ മത്സരങ്ങളെ അതിജീവിച്ച് വെളിച്ചെണ്ണ വില 15,200 രൂപ വരെ ഉയർത്തിയെങ്കിലും കൊപ്രയെ 10,000 കടത്തിവിടാൻ വ്യവസായികൾ തയാറായില്ല. സ്റ്റോക്കുള്ള എണ്ണക്ക് ഏറ്റവും ഉയർന്ന വിലകൈപ്പിടിയിൽ ഒതുക്കാൻ വ്യവസായികൾ ഉത്സാഹിച്ചു. എന്നാൽ, ഉയർന്നവില വാഗ്ദാനം ചെയ്യുന്നില്ലെന്ന മുറവിളിയാണ് കാർഷിക മേഖലയിൽ.
തമിഴ്നാട്ടിൽ 9300ന് കൊപ്ര ലഭ്യമാണ്, കാങ്കയത്തെ മില്ലുകാരെ സംബന്ധിച്ച് ഗുണമേന്മ കുറഞ്ഞ കൊപ്ര ഇതിലും താഴ്ന്ന വിലക്ക് ലഭിക്കുമെന്നതിനാൽ അവർക്ക് എണ്ണ വില നമ്മുടെ നിരക്കിലും ക്വിന്റലിന് 1600 രൂപ കുറച്ച് 13,800ന് വിൽപനക്ക് ഇറക്കുമ്പോഴും ലാഭം തന്നെ. അവരുമായി മത്സരിക്കാൻ നമ്മുടെ ചെറുകിടമില്ലുകാർക്കാവില്ല.
ഏലം വിളവെടുപ്പിന് തുടക്കം കുറിക്കാൻ സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കാർഷിക മേഖലയിൽ നിന്നുള്ള വിവരം. സാധാരണ ജൂലൈയിൽ ഹൈറേഞ്ചിൽ ഏലം സീസൺ ആരംഭിക്കും. എന്നാൽ, ഇക്കുറി പതിവുകളെല്ലാം തെറ്റുമെന്നാണ് കർഷകരുടെ വിലയിരുത്തൽ. പുതിയ വിളവ് വരവിന് രണ്ടു മാസത്തെ താമസം നേരിടുമെന്നത് ഉത്തരേന്ത്യൻ വ്യവസായികളെ സമ്മർദത്തിലാക്കും. കാലാവസ്ഥവ്യതിയാനത്തിൽ സീസൺ വൈകുന്നതിനാൽ ഈ വർഷം വിളവെടുപ്പ് മൂന്ന് റൗണ്ടിൽ ഒരുങ്ങും.
സാധാരണ ജൂലൈ-ഡിസംബറിൽ ആറ് റൗണ്ട് വിളവെടുപ്പ് പൂർത്തിയാക്കുകയാണ് പതിവ്. ഏലം ഉൽപാദനത്തിൽ വൻ ഇടിവിനുള്ള സാധ്യത കണക്കിലെടുത്താൽ നിരക്ക് ഇനിയും ഉയരാം. ഉത്തരേന്ത്യയിൽ ആഗസ്റ്റിൽ തുടങ്ങുന്ന ഉത്സവ സീസണിന് വൻതോതിൽ ഏലക്ക അവർക്ക് ആവശ്യമുണ്ട്. ലഭ്യത ചുരുങ്ങിയാൽ വാങ്ങലുകാർ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഹൈറേഞ്ചിലെ കർഷകർ. വാരാന്ത്യം നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2240 രൂപയിലാണ്. ആഭ്യന്തര വാങ്ങലുകാരും കയറ്റുമതിക്കാരും രംഗത്തുണ്ട്.
വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ എത്തിയത് വാങ്ങലുകാരെ ദക്ഷിണേന്ത്യൻ മാർക്കറ്റിൽ നിന്ന് അൽപം പിന്തിരിപ്പിച്ചു. എരിവുംഗുണമേന്മയും കുറഞ്ഞതാണ് ഇറക്കുമതിച്ചരക്ക്. അതേ സമയം കേരളവും കർണാടകവും തിരക്കിട്ടുള്ള വിൽപനകളിൽ നിന്നു വിട്ടുനിൽക്കുന്നത് ഉത്തരേന്ത്യൻ വാങ്ങലുകാരെ സമ്മർദത്തിലാക്കി. കറി മസാല പൗഡർ യൂനിറ്റുകൾക്ക് നാടൻ ചരക്കിനോട് തന്നെയാണ് താൽപര്യം. എന്നാൽ, താഴ്ന്ന വിലക്ക് ഇവ ലഭ്യമല്ലാത്തതിനാൽ വൈകാതെ വില ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ശ്രമം നടത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വ്യാപാരികളും മധ്യവർത്തികളും. ആഗസ്റ്റിലാണ് ഉത്തരേന്ത്യയിൽ ഉത്സവ സീസണിന് തുടക്കം കുറിക്കുന്നത്, കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വില 66,000 രൂപ.
റബർ ടാപ്പിങ്ങിന് കൂടുതൽ ഭാഗങ്ങളിലെ കർഷകർ ഉത്സാഹം കാണിച്ചു. ജൂണിനെ അപേക്ഷിച്ച് മഴയുടെ അളവ് അൽപം കുറഞ്ഞത് അവസരമാക്കി റബർ വെട്ടുമായി ഉൽപാദകർ മുന്നേറുകയാണ്. ഷീറ്റിനെക്കാൾ ലാറ്റക്സ് വിൽപനക്കാണ് തുടക്കമെന്ന നിലക്ക് പലരും തയാറായത്. ലാറ്റക്സ് കിലോ നാല് രൂപ ഉയർന്ന് 148 ലേക്ക് കയറിയതും ഉൽപാദകരെ ആകർഷിച്ചു. ആർ.എസ്.എസ് നാലാം ഗ്രേഡ് രണ്ട് രൂപയുടെ മികവിൽ ഒരുവ്യാഴവട്ടത്തിനിടയിലെ ഏറ്റവും ആകർഷകമായ നിരക്കായ 209 രൂപയിലും അഞ്ചാം ഗ്രേഡ് 206 രൂപയിലുമാണ്.
ആഭരണ വിപണികളിൽ സ്വർണ വില പവന് 54,120 രൂപയിൽ നിന്നും 53,680 ലേക്ക് താഴ്ന്നെങ്കിലും വാരാന്ത്യം പവൻ 54,080 ലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 2388 ഡോളറിൽ ഒരവസരത്തിൽ 2424 വരെ കയറി, മാർക്കറ്റ് ക്ലോസിങ്ങിൽ സ്വർണം 2410 ഡോളറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.