ഉപഭോക്തൃ മേഖലക്ക് പ്രതീക്ഷയേകി ഉത്സവ സീസൺ; ഇന്ത്യ 7.1 ശതമാനം വരെ വളർച്ച നേടുമെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന ആഗോള മാന്ദ്യത്തിനും പെരുകുന്ന പണപ്പെരുപ്പത്തിനുമിടയിൽ 2022-23 സാമ്പത്തികവർഷം ഇന്ത്യ 6.5 ശതമാനം മുതൽ 7.1 ശതമാനം വരെ സാമ്പത്തിക വളർച്ച കൈവരിക്കാൻ സാധ്യതയുണ്ടെന്ന് 'ഡെലോയിറ്റ് ഇന്ത്യ' റിപ്പോർട്ട്.
2022 ഏപ്രിൽ മുതൽ റിസർവ് ബാങ്ക് പലിശനിരക്ക് 1.9 ശതമാനം ഉയർത്തിയിട്ടും ഒമ്പതു മാസത്തിലേറെയായി പണപ്പെരുപ്പം പരിധിക്കു പുറത്താണ്. രൂപയുടെ മൂല്യത്തകർച്ചയും പണപ്പെരുപ്പം കൂട്ടുന്നു. ഈവർഷം അവസാനമോ അടുത്ത വർഷം തുടക്കമോ ആസന്നമായ ആഗോള മാന്ദ്യം വികസിത രാജ്യങ്ങളുടെപോലും സ്ഥിതി കൂടുതൽ വഷളാക്കിയേക്കാം.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ ഇന്ത്യയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. നിലവിലെ സാമ്പത്തികാന്തരീക്ഷം അസ്ഥിരമാണ്. ആഗോള സമ്പദ്‌വ്യവസ്ഥ തിരികെയെത്തുകയും സാമ്പത്തികാടിത്തറ മെച്ചപ്പെടുകയും ചെയ്താൽ 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെയുള്ള നടപ്പു സാമ്പത്തികവർഷം ഇന്ത്യ 6.5-7.1 ശതമാനവും അടുത്ത വർഷം 5.5-6.1 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് ഡെലോയിറ്റ് പ്രതീക്ഷ.
2021-22 സാമ്പത്തികവർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 8.7 ശതമാനം വളർച്ച നേടി. വരാനിരിക്കുന്ന ഉത്സവ സീസൺ ഉപഭോക്തൃ മേഖലക്ക് ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ. അതുവരെ സുസ്ഥിരമായ പുനരുജ്ജീവനം കാണുന്നില്ല. വ്യവസായ, സേവന മേഖലകളിലെ വായ്പ വളർച്ചയും ഉയർന്നു. ഇത് സ്വകാര്യ മേഖലയിലെ മൂലധന നിക്ഷേപസാധ്യത സൂചിപ്പിക്കുന്നതായും റിപ്പോർട്ട് പറയുന്നു..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.