സിനിമ വ്യവസായത്തിലെ തിരയിളക്കങ്ങൾ
text_fieldsപഴയകാല ഓല ടാക്കീസുകളിൽ നിന്ന് സിനിമ തിയറ്ററുകൾ ഇന്നെത്തി നിൽക്കുന്ന വളർച്ചയെ വിപ്ലവകരമെന്ന് തന്നെ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യയുംഅത്യാധുനിക സൗകര്യങ്ങളുമായി മൾട്ടിപ്ലക്‌സ്തി യറ്ററുകൾ െചറുപട്ടണങ്ങളിൽ വരെ വന്നു.
വൻ വിജയങ്ങളുടെ ആഘോഷവും കൊടും പരാജയങ്ങളുടെ ആഴവും കടന്നാണ് മലയാള സിനിമ വ്യവസായത്തിന്‍റെ എക്കാലത്തെയും യാത്ര. എങ്കിലും 80കളിലും 90കളിലും മിനിമം ഗാരന്‍റി ഉറപ്പിക്കാവുന്ന ചിത്രങ്ങൾ ഏറെയായിരുന്നു. ഇന്ന് സാഹചര്യങ്ങൾ മാറി. സിനിമയുടെ ഭാഷയും വ്യാകരണവും പുതിയ തലമുറയോടും കാലത്തോടും സംവദിക്കും വിധം നവീകരിക്കപ്പെട്ടു. സാങ്കേതികമായും പ്രമേയപരമായും മാറിയ സിനിമയെയും പ്രേക്ഷകരുടെ പുതിയ ആസ്വാദനശീലങ്ങളെയും അഭിമുഖീകരിക്കാൻ കെൽപ്പുള്ള പ്രതിഭകൾ കാമറക്ക് മുന്നിലും പിന്നിലും ഒരുപോലെ സജീവം. വർഷം ശരാശരി 200ഓളം ചിത്രങ്ങൾ പുറത്തിറങ്ങുന്നു. ഇവയുടെ ജയപരാജയങ്ങൾ ഒരു നിലക്കും പ്രവചിക്കാനാവാത്ത അവസ്ഥ. പണം വാരുന്ന പടങ്ങളും കോടി ക്ലബ്ബുകളും ചൂടുള്ള ചർച്ചയായി മാറുമ്പോഴും വ്യവസായമെന്ന നിലയിൽ ഒരുപാട് പ്രതിസന്ധികൾ മലയാള സിനിമയെ ചൂഴ്ന്ന് നിൽക്കുന്നുണ്ട്.
തിരിച്ചടിയുടെ 2023
മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2023. സിനിമ മേഖല അപ്രതീക്ഷിത തിരിച്ചടി നേരിട്ട വർഷം കൂടിയാണത്. 220ഓളം ചിത്രങ്ങൾ പുറത്തിറങ്ങി. എന്നാൽ, നിർമാതാവിന് സാമ്പത്തിക നേട്ടം നൽകിയത് 15 എണ്ണം മാത്രം. ഇവയിൽ ചിലതിന് പ്രമോഷൻ ചെലവിനുള്ള വരുമാനം പോലും കണ്ടെത്താനായില്ല. അതേസമയം, പല അന്യഭാഷ ചിത്രങ്ങളും തിയറ്ററുകളിൽ വൻ കലക്ഷൻ നേടി. കഴിഞ്ഞവർഷം മലയാള സിനിമക്ക് 700 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് ഫിലിം ചേംബറിന്‍റെ ഏകദേശ കണക്ക്. പരാജയപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും നിർമാതാക്കളുടെ ആദ്യ സംരംഭമായിരുന്നു.
തിരിച്ചുവരവിന്‍റെ 2024
എന്നാൽ, 2024 മലയാള സിനിമയിലെ പുതുപ്പിറവിയുടെ വർഷം കൂടിയായിരുന്നു. കുറഞ്ഞ ബജറ്റിൽ, സൂപ്പർ താരങ്ങളില്ലാതെ ഒരുക്കിയ ചിത്രങ്ങൾ തിയറ്ററുകളിൽ കോടികൾ കൊയ്യുന്ന അപൂർവ കാഴ്ചക്കാണ് ആദ്യ മാസങ്ങൾ സാക്ഷ്യം വഹിച്ചത്. സിനിമയുടെ ആശയം മുതൽ തിരക്കഥയിലും മേക്കിങ് ശൈലിയിലും വരെ പുതുമകളും പുതുക്കിപ്പണിയലും കൊണ്ടുവന്ന നവാഗത പ്രതിഭകളുടെ അമ്പരപ്പിക്കുന്ന വിജയം കൂടിയായി അത്. പുതിയ കഥാപരിസരവും ആഖ്യാനശൈലിയും കൊണ്ട് പ്രേക്ഷകന്‍റെ നവീന അഭിരുചികളെയും ആസ്വാദനതലത്തെയും സ്പർശിച്ച ആ സിനിമകൾ, താരസാന്നിധ്യമല്ല ഉള്ളടക്കത്തിന്‍റെ കരുത്താണ് വിജയഘടകമെന്ന് തെളിയിച്ചു. മുൻനിര നായകന്മാർ നിറഞ്ഞാടിയ ചില ചിത്രങ്ങൾ ഒരു ചലനവുമുണ്ടാക്കാതെ കടന്നുപോയപ്പോൾ അഭിനയത്തിൽ പറയത്തക്ക അനുഭവമോ തഴക്കമോ ഇല്ലാത്തവർ പോലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകൾ തിയറ്ററുകളെ ഇളക്കിമറിച്ചതാണ് കഴിഞ്ഞ നാളുകളിൽ കണ്ടത്. 20 കോടിയിൽ താഴെ മുടക്കി 243 കോടി നേടിയ ‘മഞ്ഞുമ്മൽ ബോയ്സ്’, ഒമ്പത് കോടിയിൽ ഒരുക്കി 135 കോടി നേടിയ ‘േപ്രമലു’, എട്ട് കോടിയിൽ നിർമിച്ച് 40 കോടി നേടിയ ‘അന്വേഷിപ്പിൻ കണ്ടെത്തും’, 30 കോടി മുടക്കി 150 കോടി നേടിയ ‘ആവേശം’, 82 കോടി ചെലവിട്ട് 140 കോടിയോളം നേടിയ ‘ആടുജീവിതം’, 27.73 കോടിയിൽ പൂർത്തിയാക്കി 86 കോടി നേടിയ ‘ഭ്രമയുഗം’, ആറ് കോടിയിൽ തീർത്ത് 40.53 കോടി നേടിയ എബ്രഹാം ഓസ്ലർ’ തുടങ്ങിയ ചിത്രങ്ങളാണ് ഇക്കൂട്ടത്തിലെ വമ്പന്മാർ.
കാലിടറുന്ന തിയറ്റർ വ്യവസായം
പത്തുവർഷം മുമ്പ് കേരളത്തിൽ 1300ഓളം സ്‌ക്രീനുകളുണ്ടായിരുന്നു. പിടിച്ചുനിൽക്കാനാവാതെ ഇവയിൽ 600ലധികവും പൂട്ടിപ്പോയതായി തിയറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോകി’ന്‍റെ പ്രസിഡന്‍റ് വിജയകുമാർ പറഞ്ഞു. പല തിയറ്ററുകളും ഇപ്പോഴും ജപ്തിഭീഷണിയിലാണ്. 140 രൂപയുടെ ടിക്കറ്റിൽ നിന്ന് 21.36 രൂപ ജി.എസ്.ടിയായും 8.90 രൂപ വിനോദ നികുതിയായും അഞ്ച് രൂപ സർവിസ് ചാർജായും സർക്കാറിന് നൽകണം. ബാക്കി 104.74 രൂപയിൽ നിന്ന് റിലീസ് ചെയ്ത ആദ്യ ആഴ്ച നിർമാതാവിന് 60ഉം തിയറ്റർ ഉടമക്ക് 40ഉം ശതമാനമെന്ന നിരക്കിലും അടുത്ത ആഴ്ച 45-55 രൂപ എന്ന നിരക്കിലും വരുമാനം പങ്കിടണം. ജീവനക്കാരുടെ ശമ്പളവും വൈദ്യുതി ചാർജുമടക്കം പ്രതിദിന ചെലവ് 7000 രൂപയോളം. ഇതിന്‍റെ പകുതിപോലും ഒരു ദിവസം കിട്ടുന്നില്ലെന്നും ആളില്ലാത്തതിനാൽ 90 ശതമാനം പ്രദർശനവും മുടങ്ങുകയാണെന്നും തിയറ്റർ ഉടമകൾ കൂട്ടിച്ചേർത്തു.
ഉയരുന്ന പ്രതിഫലം
താരങ്ങളുടെ ഉയർന്ന പ്രതിഫലമാണ് മലയാള സിനിമ നേരിടുന്ന മറ്റൊരു വെല്ലുവിളി. മുൻനിര താരങ്ങൾക്ക് കോടികൾ നൽകണം. മുമ്പ് 10 ലക്ഷം രൂപ വാങ്ങിയിരുന്ന യുവനടൻ ഈ വർഷം ആദ്യമിറങ്ങിയ സിനിമയുടെ വരുമാനം 100 കോടി കടന്നതോടെ, പ്രതിഫലം രണ്ട് കോടിയായി ഉയർത്തിയതായി നിർമാതാക്കൾ പറയുന്നു. ഒ.ടി.ടി, സാറ്റലൈറ്റ് വഴി ലഭിക്കുന്ന വൻ വരുമാനം കണക്കാക്കി താരങ്ങളും സാങ്കേതിക പ്രവർത്തകരും തങ്ങളുടെ പ്രതിഫലം കുത്തനെ ഉയർത്തി. ആ വഴിക്കുള്ള വരുമാനം ഇടിഞ്ഞെങ്കിലും താരങ്ങളുടെ പ്രതിഫലത്തിൽ ഇപ്പോഴും മാറ്റമില്ല. വിഷയം താരസംഘടനയായ ‘അമ്മ’യുമായി പല തവണ ചർച്ച ചെയ്തെങ്കിലും അനുകൂല തീരുമാനമുണ്ടായില്ലെന്നാണ് നിർമാതാക്കൾ പറയുന്നത്.
വെല്ലുവിളിയായി വിവാദവും
ഹേമ കമ്മിറ്റി റിപ്പോർട്ടും ചില നടന്മാർക്കെതിരായ വെളിപ്പെടുത്തലുകളും മലയാള സിനിമയെ കുറച്ചൊന്നുമല്ല പിടിച്ചുലച്ചത്. നിർമാണത്തെയും വിതരണത്തെയും പ്രദർശനത്തെയുമെല്ലാം വിവാദം ബാധിച്ചു. വിവാദത്തിന്‍റെ ആദ്യ ആഴ്ചകളിൽ തിയറ്ററിൽ കാണികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. സിനിമക്ക് പണം മുടക്കാമെന്നേറ്റിരുന്ന പലരും പിന്മാറിയതായും ഫിലിം ചേംബർ വൈസ് പ്രസിഡന്‍റ് കല്ലിയൂർ ശശി പറഞ്ഞു. വിവാദം തൽക്കാലത്തേക്കെങ്കിലും പ്രേക്ഷകരെ തിയറ്ററുകളിൽ നിന്നകറ്റി.
പ്രതിച്ഛായ നഷ്ടപ്പെട്ട മലയാള സിനിമയിൽ തൽക്കാൽ പണം മുടക്കാൻ താൽപര്യമില്ലെന്നാണ് ഫൈനാൻസർമാരുടെ നിലപാട്. സാമ്പത്തിക നഷ്ടം ഭയന്ന് പുതിയ സിനിമകൾ എടുക്കാൻ വിതരണക്കാരും പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകളും മടിക്കുന്ന സാഹചര്യവുമുണ്ട്. വിവാദങ്ങൾ മലയാള സിനിമയെ മൊത്തത്തിൽ പൊളിച്ചടുക്കിയെന്നാണ് ഒരു മുതിർന്ന നിർമാതാവ് പറഞ്ഞത്. അതേസമയം, ഓണക്കാലത്തിറങ്ങിയ ചില ചിത്രങ്ങൾ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്.
മാറുന്ന കാഴ്ചാനുഭവം
പഴയകാല ഓല ടാക്കീസുകളിൽ നിന്ന് സിനിമ തിയറ്ററുകൾ ഇന്നെത്തി നിൽക്കുന്ന വളർച്ചയെ വിപ്ലവകരമെന്ന് തന്നെ വിശേഷിപ്പിക്കാം. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതികവിദ്യയും അത്യാധുനിക സൗകര്യങ്ങളുമായി മൾട്ടിപ്ലക്‌സ് തിയറ്ററുകൾ െചറുപട്ടണങ്ങളിൽ വരെ വന്നു. ആഡംബര ഇരിപ്പിടങ്ങളും നൂതന ദൃശ്യ-ശ്രാവ്യ സങ്കേതങ്ങളും അത്യാധുനിക പ്രൊജക്ഷൻ സംവിധാനങ്ങളും ഒത്തുചേരുന്ന മൾട്ടിപ്ലക്സുകൾ പ്രേക്ഷകന് സിനിമയെ വെറും കാഴ്ചക്കപ്പുറം വിസ്മയിപ്പിക്കുന്ന ദൃശ്യാനുഭവമാക്കി. ടിക്കറ്റിനായി ക്യൂവിൽ മണിക്കൂറുകൾ കാത്തുനിൽക്കുകയും ഒടുവിൽ കിട്ടാതെ നിരാശരായി മടങ്ങുകയും ചെയ്യേണ്ട അവസ്ഥ ഇന്നില്ല. ഇഷ്ടമുള്ള സമയത്തേക്ക് ഇഷ്ടമുള്ള സീറ്റ് ഓൺലൈനായി ബുക്ക് ചെയ്ത് സമയത്ത് തിയറ്ററിൽ എത്തിയാൽ മതി എന്നായി.
ഒ.ടി.ടി കാലത്തെ പ്രതിസന്ധികൾ
കോവിഡിനു ശേഷമാണ് മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലേക്ക് തിരിഞ്ഞത്. തിയറ്ററുകളിൽ നിന്ന് അകന്ന പ്രേക്ഷകരെ സിനിമയുമായി കൂടിയിണക്കിയ കണ്ണിയായിരുന്നു ഒ.ടി.ടി. തിയറ്ററിൽ വരുമാനം കുറഞ്ഞാലും ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങളിലൂടെ മുടക്കുമുതലും ലാഭവും തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ സിനിമകളുടെ നിർമാണം വ്യാപകമായി. തിയറ്ററുകളിൽ കാണാൻ പ്രേക്ഷകനെ നിർബന്ധിക്കുന്ന ഉള്ളടക്കവും സാങ്കേതികത്തികവുമുള്ള സിനിമകളുടെ എണ്ണം കുറയാൻ ഇത് കാരണമായി. ഇതോടെ, സിനിമകൾ ഏറ്റെടുക്കുന്നതിന് ഒ.ടി.ടി കമ്പനികൾ കർശന നിയന്ത്രണവും കൃത്യമായ മാനദണ്ഡങ്ങളും കൊണ്ടുവന്നു. തിയറ്ററുകളിൽ ഓടാത്ത സിനിമകൾ വേണ്ടെന്ന നിലപാടിലെത്താൻ ഒ.ടി.ടി കമ്പനികൾ നിർബന്ധിതരായി. ഇതോടെ, ഈ വഴിയുള്ള വരുമാനം കുത്തനെ ഇടിഞ്ഞു. ഒ.ടി.ടി, സാറ്റലൈറ്റ് സാധ്യതകളിൽ കണ്ണുവെച്ച് സിനിമ നിർമാണ രംഗത്തെത്തിയ പലർക്കും കൈപൊള്ളി. തിയറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ മാത്രമേ എടുക്കൂ എന്ന നിബന്ധനയും ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ മുന്നോട്ടുവെക്കുന്നുണ്ട്. അതോടെ, ചിത്രം എങ്ങനെയും തിയറ്ററിൽ പ്രദർശിപ്പിച്ച് ഒ.ടി.ടിക്ക് കൈമാറാനായി ശ്രമം.
ഈ സാഹചര്യത്തിൽ നിലവാരമില്ലാത്ത സിനിമകൾ പ്രദർശനത്തിന് എടുക്കേണ്ടെന്ന നിലപാടിലാണ് തിയറ്റർ ഉടമകൾ. ഈ വർഷം ഇറങ്ങിയ 130ഓളം ചിത്രങ്ങളിൽ 50 ശതമാനം പോലും ഒ.ടി.ടിയിൽ വ്യാപാരം നടന്നിട്ടില്ല. പേരെടുത്ത അഭിനേതാക്കളുടെയും സംവിധായകരുടെയും ചിത്രങ്ങൾക്ക് മുമ്പ് മൂന്ന് കോടി വരെ ഒ.ടി.ടി കമ്പനികൾ നൽകിയിരുന്നെങ്കിൽ ഇപ്പോഴിത് പരമാവധി 75 ലക്ഷം മാത്രമാണ്. മുമ്പ് സാറ്റലൈറ്റ് അവകാശം വിറ്റ് അഞ്ച് കോടി വരെ നേടിയ സിനിമകളുണ്ട്. ഇന്ന് ഈ ഇനത്തിൽ 50 ലക്ഷം പോലും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.