ആദ്യം കണ്ടെത്തുന്ന വാക്സിൻ ഫലപ്രദമാകണം എന്നില്ല; മികച്ചതിനായി ഇനിയും കാത്തിരിക്കുക - ബിൽ ഗേറ്റ്സ്
text_fields
ലണ്ടൻ: കോവിഡ് 19 പ്രതിരോധത്തിനായി വിവിധ രാജ്യങ്ങളിൽ വാക്സിൻ വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. റഷ്യയും ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങൾ എത്രയും പെട്ടന്ന് വാക്സിൻ ജനങ്ങളിലേക്കെത്തിക്കാനുള്ള പുറപ്പാടിലാണ്. എന്നാൽ, ആദ്യം കണ്ടെത്തുന്ന വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്ന് പറയാനാകില്ലെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകസമ്പന്നനുമായ ബിൽഗേറ്റ്സ്. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അഭിപ്രായവുമായി രംഗത്തെത്തിയത്.
ആദ്യം കണ്ടെത്തുന്ന വാക്സിൻ രോഗം പ്രതിരോധിക്കുന്നതിനും വൈറസ് വ്യാപനം തടയുന്നതിനും എത്രത്തോളം ഫലപ്രദമാകും എന്ന് പറയാനായിട്ടില്ല. അത്തരം വാക്സിനുകൾക്ക് കൂടുതൽ കാലം വൈറസ് പ്രതിരോധിക്കാനുള്ള കഴിവുമുണ്ടാകാനിടയില്ല. സമ്പന്ന രാജ്യങ്ങൾക്ക് താൽക്കാലിക ആശ്വാസം നൽകാൻ മാത്രമായിരിക്കും ആദ്യത്തെ വാക്സിന് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. സമ്പന്ന രാജ്യങ്ങളിലേക്ക് മാത്രം വാക്സിൻ വിതരണം ചെയ്യുന്ന സാഹചര്യത്തെ കുറിച്ചും ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.
മികച്ച ഫലം നൽകുന്ന വാക്സിന് വേണ്ടി കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വരും. വാക്സിനൊപ്പം വൈറസിനെതിരായ മികച്ച ചികിത്സയും കണ്ടെത്തി കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ പൂർണ്ണമായും രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. -അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടനിലെ ഒക്സ്ഫോർഡ് സർവകലാശാലയിലെതടക്കം ഏഴോളം കമ്പനികളുടെ വാക്സിൻ പരീക്ഷണങ്ങൾക്ക് നിലവിൽ ബിൽഗേറ്റ്സ് സാമ്പത്തിക സഹായം നൽകുന്നുണ്ട്. നേരത്തെ അദ്ദേഹം അമേരിക്കയിലെ വിവിധ വാക്സിൻ പരീക്ഷണങ്ങൾക്കായി ഫാക്ടറികൾ നിർമിച്ച് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.