നന്ദിത സിൻഹ പുതിയ മിന്ത്ര സി.ഇ.ഒ
text_fieldsബംഗളൂരു: ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ പോർട്ടലായ മിന്ത്രയുടെ സി.ഇ.ഒയായി നന്ദിത സിൻഹയെ നിയമിച്ചു. അമർ നഗരാമിന് പകരക്കാരിയായാണ് നന്ദിതയെത്തുന്നത്. ഇതാദ്യമായാണ് ഫ്ലിപ്കാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ പോർട്ടലിൽ വനിത സി.ഇ.ഒ എത്തുന്നത്.
അടുത്ത വർഷം ജനുവരി ഒന്നിന് സിൻഹ മിന്ത്രയുടെ സി.ഇ.ഒയായി ചുമതലയേൽക്കും. സ്വന്തം കമ്പനി തുടങ്ങുന്നതിനായാണ് നഗരാം മിന്ത്ര വിടുന്നത്. അതേസമയം, നന്ദിത സിൻഹ സി.ഇ.ഒയായി എത്തുമെന്ന വിവരം ഫ്ലിപ്കാർട്ട് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഏഴ് വർഷത്തിന് ശേഷമാണ് ഫ്ലിപ്കാർട്ടിൽ നിന്നുള്ള നഗരാമിന്റെ പടിയിറക്കം.
2013 മുതൽ ഫ്ലിപ്കാർട്ടിലുള്ള നന്ദിത സിൻഹ കമ്പനിയുടെ കസ്റ്റമർ ഗ്രോത്ത്, മീഡിയ ആൻഡ് എൻഗേജ്മെൻറ് വൈസ് പ്രസിഡൻറാണ്. ഫ്ലിപ്കാർട്ടിന്റെ ഓഫർ സെയിലായ ബിഗ് ബില്യൺ ഡേയ്സിന് പിന്നിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ട് സി.ഇ.ഒ കല്യാൺ കൃഷ്ണമൂർത്തിയുടെ വിശ്വസ്തയുമാണ് നന്ദിത സിൻഹ. കോവിഡ് തിരിച്ചടിയിൽ നിന്ന് ഫ്ലിപ്കാർട്ട് കരകയറുന്നതിനിടെയാണ് നന്ദിത സിൻഹ മിന്ത്രയുടെ സി.ഇ.ഒയായി എത്തുന്നത്.
2007ലാണ് ഇന്ത്യയിലെ പ്രമുഖ ഫാഷൻ ഇ-കോമേഴ്സ് സൈറ്റായ മിന്ത്രക്ക് തുടക്കം കുറിക്കുന്നത്. 2014ൽ ഫ്ലിപ്കാർട്ട് മിന്ത്രയെ ഏറ്റെടുത്തു. 2021ൽ മിന്ത്ര അവരുടെ ലോഗോയിൽ മാറ്റം വരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.