ബിസിനസ് സംരംഭങ്ങൾക്ക് ജീവൻ നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ
text_fieldsഒാസ്കോൺ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഫോക്കസ് കേരള മിഷെൻറ ഭാഗമായുള്ള വെബിനാർ സീരീസിലെ രണ്ടാമത്തെ വെബിനാറും വിജയകരമായി സംഘടിപ്പിച്ചു. നൂതന ബിസിനസ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹമുള്ള സംരംഭകർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികൾ, ഗ്രാൻറുകൾ സബ്സിഡികൾ ഇൻസെൻറീവുകൾ എന്നിവ ആസ്പദമാക്കിയാണ് സൗജന്യ വെബിനാർ സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ സംരംഭകർക്ക് നൽകിവരുന്ന കേന്ദ്ര പദ്ധതികൾ, സ്കീമുകൾ, സബ്സിഡികൾ എന്നിവയെ കുറിച്ച് ഗ്രാൻഡ് തോർൻറൺ ഭാരത് എൽ.എൽ.പി പങ്കാളിയായ പ്രൊഫ. വി പദ്മാനന്ദ് വിശദീകരിച്ചു. ബിസിനസ് സംരംഭങ്ങൾക്ക് ജീവൻ നൽകാൻ സംസ്ഥാന സർക്കാർ പദ്ധതികൾ എന്ന വിഷയം വ്യവസായ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ടി.എസ് ചന്ദ്രനും വിശദീകരിച്ചു. സംശയങ്ങൾക്കും ഇരുവരും മറുപടി നൽകി.
ഗ്രാൻറ് തോർൻറൺ എന്ന സ്ഥാപനത്തിെൻറ പ്രതിനിധിയായ പ്രഫ. വി. പത്മാനന്ദ് അവർ സംരംഭകർക്കുവേണ്ടി രാജ്യത്ത് ചെയ്തുവരുന്ന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നൽകുന്ന ഗ്രാൻറുകളെ കുറിച്ചുമാണ് വിശദീകരിച്ചത്.
ഇന്ത്യയുടെ വ്യവസായ വികസനം കാർഷിക വികസനം നൈപുണ്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പ്രൊജക്ട് മാനേജ്മെൻറ് ഏജൻസിയായി പ്രവർത്തിക്കുകയാണ് ഗ്രാൻറ് തോർൻറൺ. കോവിഡ് കാലത്തും മികച്ച ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്ന കേരളത്തിലെ എണ്ണമറ്റ പ്ലൈവുഡ് യൂണിറ്റുകൾ, ഫർണിച്ചർ നിർമാണ യൂണിറ്റുകൾ, എഞ്ചിനീയറിങ് മേഖല, പ്രിൻറിങ് ആൻഡ് പാക്കേജിങ് മേഖല, ഫിഷറീസ്, കാർഷിക മേഖല, കോൾഡ് ചൈനുകൾ അടക്കമുള്ള വിവിധ സർവീസ് സെക്റ്റർ യൂണിറ്റുകൾ തുടങ്ങിയവകൾക്ക് നിലവിൽ വിവിധ സ്കീമുകളിൽ കേന്ദ്ര സർക്കാർ ഗ്രാൻറുകളും സബ്സിഡികളും നൽകുന്നുണ്ട്. ഇത്തരം പ്രൊജക്ടുകൾക്ക് 50 ശതമാനം മുതൽ 90 ശതമാനം വരെയാണ് ഗ്രാൻറുകൾ നൽകിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ വഴി എല്ലാ ജില്ലകളിലും ഒരുപോലെ ലഭ്യമാക്കാവുന്ന 16 ഒാളം സ്കീമുകളെ കുറിച്ചാണ് ടി.എസ് ചന്ദ്രൻ വിശദീകരിച്ചത്.
സംസ്ഥാന സർക്കാർ വ്യവസായ വകുപ്പ് വഴി നടപ്പിലാക്കുന്ന ഏറ്റവും ആകർഷകമായ ഫിനാൻഷ്യൽ ഇൻസെൻറീവ് സ്കീം ഇ.എസ്.എസ് അഥവാ എൻറർപ്രണ്വർ സപ്പോർട്ട് സ്കീമാണ്. അഗ്രികൾച്ചറൽ, ഫുഡ് പ്രൊസസിങ് സെക്ടർ അടക്കമുള്ളവയിൽ നിർമാണ വ്യവസായം തുടങ്ങുകയാണെങ്കിൽ അതിെൻറ സ്ഥിര നിക്ഷേപം കണക്കാക്കി സബ്സിഡി കൊടുക്കുന്ന സ്കീമാണ് ഇ.എസ്.എസ്. ഇത് സാധാരണ സംരംഭകർക്ക് 20 ലക്ഷം രൂപവരെ സബ്സിഡി കൊടുക്കുന്നുണ്ട്. വനിതകൾ, എസ്.സി/എസ്.ടി, യുവതീ-യുവാക്കൾ എന്നിവരാണെങ്കിൽ അവരുടെ സ്ഥിര നിക്ഷേപത്തിെൻറ 20 ശതമാനം പരമാവധി 30 ലക്ഷം രൂപ വരെയും സബ്സിഡി നൽകും. ഇതിൽ തന്നെ ഫുഡ് പ്രൊസസിങ്, ഗാർമെൻറ്സ്, ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളും 100 ശതമാനം കയറ്റുമതി അധിഷ്ടിതമായ യൂണിറ്റുകൾ തുടങ്ങിയവയെ മുൻഗണനാ മേഖലകളായി പരിഗണിച്ച് 10 ശതമാനം അധിക സബ്സിഡിയും നൽകുന്നുണ്ട്. പത്തനംതിട്ട, കാസർഗോഡ്, വയനാട് ജില്ലകളിലുള്ളവർക്ക് വീണ്ടും 10 ശതമാനം സബ്സിഡി കൂടി ലഭിക്കും.
കേരളത്തിൽ 65 കോടിയോളം രൂപ ഇൗ ഇനത്തിൽ വിതരണം ചെയ്യപ്പെടുന്നുണ്ട്. ഒരു സംരംഭം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി ഒരു വർഷത്തിനകമാണ് ഇതിനുള്ള അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് അപേക്ഷിച്ചാലും കാരണം ബോധിപ്പിച്ചാൽ, ലഭിക്കാനുള്ള വ്യവസ്ഥയുണ്ടെന്നും ടി.എസ്. ചന്ദ്രൻ പറഞ്ഞു. ഇതിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള മാറ്റം സാധാരണ സംരംഭകർക്ക് 20 ശതമാനം എന്നുള്ളത് 25 ആക്കുകയും സാനിറ്ററി െഎറ്റംസ്, പേഴ്സണൽ ഹൈജീൻ ഉത്പന്നങ്ങൾ, മെഡിക്കൽ ഒാക്സിജൻ, ഗ്ലൗസുകൾ, എൻ.95 മാസ്കുകൾ തുടങ്ങിയ മെഡിക്കൽ ഉത്പന്നങ്ങൾ നിർമിക്കുന്നവർക്ക് 10 ശതമാനം അധിക സബ്സിഡി നൽകാനും തീരുമാനമായിട്ടുണ്ട്. വൈകാതെ ഇത് നടപ്പിലാക്കും. ഇ.എസ്.എസ് സ്കീമിൽ പുതുതായി സംരംഭം തുടങ്ങുന്നവർക്കും നിലവിൽ സംരംഭമുള്ളവർക്ക് അത് വിപുലീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അതിനും ഗ്രാൻറ് നൽകും.
കേരളത്തിൽ വളരെ മികവോടെ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സ്കീമാണ് പിഎംഇജിപി (പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം) സ്കീം. പുതുസംരംഭകർക്ക് വായ്പയും സബ്സിഡിയും കൊടുക്കുന്ന സ്കീമാണിത്. ഇന്ത്യയിലാകമാനം 2008 മുതൽ നടത്തിവരുന്നതാണ്. വ്യവസായങ്ങും സേവന മേഖലകളും തുടങ്ങുന്നതിനായി ഇതിലൂടെ വായ്പ ലഭിക്കും. വ്യവസായങ്ങൾ തുടങ്ങാൻ 25 ലക്ഷം രൂപവരെയും സേവന മേഖലയാണെങ്കിൽ 10 ലക്ഷം രൂപവരെയുമാണ് വായ്പ നൽകുന്നത്. 10 ലക്ഷം രൂപവരെയുള്ള ഒരു നിർമാണ യൂണിറ്റ് തുടങ്ങുന്നതിന് എട്ടാം ക്ലാസ് പാസായിരിക്കണം എന്നതും, സർവീസ് യൂണിറ്റ് ആണെങ്കിൽ അഞ്ച് ലക്ഷം രൂപവരെയുള്ളതിന് എട്ടാം ക്ലാസ് പാസായിരിക്കണം എന്നതുമാത്രമാണ് ഇതിലെ മാനദണ്ഡം.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിെൻറ എെൻറ ഗ്രാമം എന്ന സ്കീമാണ് മറ്റൊന്ന്. അഞ്ച് ലക്ഷം രൂപാവരെ വായ്പ കൊടുക്കുന്ന വളരെ ചെറിയൊരു സ്കീമാണിത്.
പിന്നെയുള്ളത് എംപ്ലോയ്മെൻറ് ഡിപ്പാർട്ട്മെൻറ് വഴി നടപ്പിലാക്കുന്ന നാല് പദ്ധതികളാണ്. അതിൽ ഒന്നാമത്തേത് കേരള എംപ്ലോയ്മെൻറ് സ്കീം ഫോർ ദ രജിസ്റ്റേർഡ് അൺ എംപ്ലോയ്ഡ് എന്നാണ് ഒന്നാമത്തെ സ്കീമിെൻറ (കെ.ഇ.എസ്.ആർ.യു) പേര്. ഇതിൽ ഒരു ലക്ഷം രൂപവരെയാണ് വായ്പ നൽകുന്നത്. 20 ശതമാനം സബ്സിഡിയും നൽകും. രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമർപിക്കേണ്ടത്.
എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നടപ്പിലാക്കുന്ന 10 ലക്ഷം രൂപവരെ വായ്പയും 25 ശതമാനം വരെ സബ്സിഡിയും ലഭിക്കുന്ന മൾട്ടി പർപ്പസ് ജോബ് ക്ലബ്, കൂടെ വിധവകൾക്കും അംഗ വൈകല്യമുള്ളവർക്കും നൽകിവരുന്ന സോഷ്യൽ സെക്യൂരിറ്റി സ്കീമുകളായ ശരണ്യ, കൈവല്യ എന്നിവയെ കുറിച്ചും ടി.എസ് ചന്ദ്രൻ വിശദീകരിച്ചു.
അഞ്ച് ലക്ഷം രൂപയിൽ താഴെ മാത്രം നിക്ഷേപമുള്ളതും അഞ്ച് ഹോഴ്സ് പവറിൽ താഴെ മാത്രം പവർ ഉപയോഗിക്കുന്നതുമായ നാനോ സംരംഭങ്ങൾക്ക് പലിശയിൽ സബ്സിഡി കൊടുക്കുന്ന സ്കീമാണ് മറ്റൊന്ന്. വ്യക്തികൾ നടത്തുന്ന ഹാൻറ്ലൂം പവർ ലൂം യൂണിറ്റുകൾക്കുള്ള സ്കീം, കരകൗശല രംഗത്തുള്ളവർക്ക് നൽകിവരുന്ന ആശ എന്ന സ്കീം തുടങ്ങിയവയും അദ്ദേഹം വിശദീകരിച്ചു.
കേരള ചേമ്പർ ഒാഫ് കൊമേഴ്സ് വൈസ് ചെയർമാനും ഒാസ്കോൺ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറുമായ എൻ.എം ഷറഫുദ്ദീൻ, ഗൾഫ് മാധ്യമം മീഡിയ വൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലീം അമ്പലൻ എന്നിവരും വെബനാറിൽ പെങ്കടുത്ത് സംസാരിച്ചു. സംശയങ്ങൾക്ക് വാട്സ്ആപ് ചെയ്യുക: +91 9744440417.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.