2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ്; എലോൺ മസ്ക് രണ്ടാം സ്ഥാനത്ത്
text_fields2023ലെ ശതകോടീശ്വരന്മാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്സ് മാസിക. അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്‌സ് അതിന്റെ വാർഷികത്തോടനുബന്ധിച്ച് ശതകോടീശ്വരന്മാരുടെ റാങ്കിങ് പട്ടികയുടെ 37-ാം പതിപ്പ് പുറത്തിറക്കി.
ഫ്രഞ്ച് ബിസിനസ്സ് മാഗ്‌നറ്റ് ബെർണാഡ് ജീൻ എറ്റിയെൻ അർനോൾട്ടാണ് ഒന്നാം സ്ഥാനം. 211 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്‍റെ ആസ്തി. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന ബ്രാൻഡായ ലൂയിസ് വിറ്റണിന്റെ സ്ഥാപകനും സി.ഇ.ഒയുമായ അർനോൾട്ട് തന്നെയാണ് 200 ബില്യൺ ഡോളറിലധികം ആസ്തിയുള്ള പട്ടികയിലെ ഏക ശതകോടീശ്വരൻ. സെഫോറ ഉൾപ്പെടെ 75 ഫാഷൻ, സൗന്ദര്യവർദ്ധക ബ്രാൻഡുകളുടെ ഉടമ കൂടിയാണ് അർനോൾട്ട്.
180 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ല സി.ഇഒ എലോൺ മസ്‌കാണ് രണ്ടാം സ്ഥാനത്ത്. 2022-ലാണ് മസ്‌ക് ആദ്യമായി പട്ടികയിൽ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുത്തതിനെത്തുടർന്ന് ടെസ്‌ല ഓഹരികൾ മിക്കതും നഷ്ടത്തിലായിരുന്നു. കമ്പനിയുടെ ഓഹരികളിൽ ഏകദേശം 74% മസ്‌കിന്റെ ഉടമസ്ഥതയിലാണ്.
റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചെയർമാനുമായ അംബാനിയാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ. 83.4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള 10 ശതകോടീശ്വരന്മാരിൽ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്താണ്. ആമസോണിന്റെ ജെഫ് ബെസോസ് , ഒറാക്കിളിന്റെ ലാറി എലിസൺ, വാറൻ ബഫറ്റ്, ബിൽ ഗേറ്റ്സ്, മൈക്കൽ ബ്ലൂംബെർഗ്, കാർലോസ് സ്ലിം ഹെലു & ഫാമിലി, സ്റ്റീവ് ബാൽമർ എന്നിവരാണ് ആദ്യ പത്തിലുള്ളത്. ശതകോടീശ്വരന്മാരിൽ പകുതിയോളം പേരും ഒരു വർഷം മുമ്പുള്ളതിനേക്കാൾ ദരിദ്രരാണെന്ന് ഫോബ്സ് പട്ടികയുടെ കണക്കുകളിൽ നിന്നും വ്യക്തമാകും. ഓഹരി വിപണിയുടെ ഇടിവ് ഉൾപ്പടെയുള്ളവയാണ് ശതകോടീശ്വരൻമാരുടെ സമ്പത്തിന്റെ കുറവിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.