അദാനി ഗ്രൂപ്പിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപം നീട്ടിവെച്ച് ഫ്രഞ്ച് കമ്പനി
text_fieldsഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിൽ ഭീമൻ നിക്ഷേപം നടത്താനുള്ള കരാര്‍ നടപ്പാക്കുന്നത് നീട്ടിവച്ചു. 50 ബില്യൺ യുഎസ് ഡോളറിന്റെ (4.12 ലക്ഷം കോടി രൂപ) നിക്ഷേപമായിരുന്നു ഫ്രഞ്ച് കമ്പനി നടത്താനിരുന്നത്. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉയർത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തത വന്നതിന് ശേഷം കരാറുമായി മുമ്പോട്ടു പോകുമെന്നാണ് ടോട്ടൽ എനർജീസിന്റെ അറിയിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്‌സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസ് അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണെന്നാണ് റിപ്പോർട്ടുകൾ. അദാനി ഗ്രൂപ്പിന്റെ ജൂണിൽ പ്രഖ്യാപിച്ച ഹൈഡ്രോ പദ്ധതിയിൽ 25 ശതമാനം ഓഹരിയാണ് ഫ്രഞ്ച് കമ്പനി ഏറ്റെടുക്കാനിരുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടിന് കാത്തിരിക്കുകയാണ് എന്ന് ടോട്ടൽ എനർജീസ് ചീഫ് എക്‌സിക്യൂട്ടീവ് പാട്രിക് പൗയാന്നെ റോയിട്ടേഴ്സിനോട് പ്രതികരിച്ചു.
അദാനി ഗ്രീൻ എനർജിയിൽ 19.75 ശതമാനം ഓഹരിയും അദാനി ടോട്ടൽ ഗ്യാസിൽ 37.4 ശതമാനം ഓഹരിയും നേരത്തെ, ടോട്ടൽ എനർജീസ് സ്വന്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപങ്ങളെല്ലാം നിയമവിധേയമാണ് എന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
1924ൽ സ്ഥാപിതമായ യൂറോപ്യൻ ബഹുരാഷ്ട്ര ഊർജ കമ്പനിയാണ് ടോട്ടൽ എനർജീസ്. പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, റിഫൈനറി, പെട്രോളിയം പാർക്കറ്റിങ്, ക്രൂഡ് ഓയിൽ ആൻഡ് പ്രൊഡക്ട് ട്രേഡിങ് തുടങ്ങിയ മേഖലയിൽ പടർന്നു കിടക്കുന്ന കമ്പനിയുടെ ആസ്തി 320.5 ബില്യൺ യുഎസ് ഡോളറാണ്. 2021ൽ 184 ബില്യൺ ഡോളറിന്റെ വരുമാനമാണ് കമ്പനിയുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.