മരുന്ന് മുതൽ ഇന്ധനം വരെ വില കൂട്ടി; പ്രഹരമായി വർധനകൾ
text_fieldsതിരുവനന്തപുരം: ജനജീവിതം വറചട്ടിയിൽനിന്ന് എരിതീയിലേക്ക് വലിച്ചെറിഞ്ഞ് ഇന്ധന-നികുതി വർധനകൾ പ്രാബല്യത്തിൽ.
ഇന്ധന സെസ് രണ്ട് രൂപ
പെട്രോളിനും ഡീസലിനും രണ്ട് രൂപ സാമൂഹിക സുരക്ഷ സെസ് ഇനത്തിൽ വർധിച്ചതാണ് സാധാരണക്കാരന് ഇരുട്ടടിയായത്. ഇതിനാനുപാതികമായ വില വർധന പൊതുവിപണിയിലും പ്രതിഫലിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ധന സെസ് തീരുമാനത്തിനെതിരെ തുടക്കത്തിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയെങ്കിലും പിന്നീടത് നേർത്ത് ഇല്ലാതായി. ഫലത്തിൽ മുഖ്യധാര പാർട്ടികളുടെ പ്രത്യക്ഷ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് ജനജീവിതത്തെ കൂടുതൽ ദുസ്സഹമാക്കുന്ന വർധനകൾ നിലവിൽ വന്നത്.
മരുന്നുവില വാണംപോലെ
മരുന്നുകൾക്കും വില കൂടിയിട്ടുണ്ട്. വില വർധനക്ക് നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി നൽകിയ അനുമതി ശനിയാഴ്ച മുതലാണ് പ്രാബല്യത്തിൽ വന്നത്. അവശ്യ മരുന്നുകൾക്ക് 12 ശതമാനം വരെയും അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്തവക്ക് 10 ശതമാനം വരെയുമാണ് വില കൂടിയത്. ആദ്യഘട്ടത്തിൽ ഭാഗികമാണെങ്കിലും മരുന്നുകളുടെ പുതിയ ബാച്ച് എത്തുന്നതോടെ പൂർണാർഥത്തിൽ വർധനവ് വിലയിൽ പ്രതിഫലിക്കും. സാധാരണ ഒന്ന് മുതൽ നാല് ശതമാനം വരെ മാത്രമാണ് വാര്‍ഷിക വര്‍ധന അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്രം മരുന്ന് നിർമാതാക്കളെ കൈയഴിച്ച് സാഹായിച്ച് തുടങ്ങിയത്. രണ്ടുവർഷത്തിനിടെ 23 ശതമാനം വിലയാണ് കൂടുന്നത്. ഫലത്തിൽ ചികിത്സാചെലവും കുതിച്ചുയരുകയാണ്.
നിർമാണം ചെലവേറും
കരിങ്കല്ല്, മണ്ണ്, ചെങ്കല്ല് തുടങ്ങിയവയുടെ റോയൽറ്റി ഇരട്ടിയാക്കി. ഇതോടെ നിർമാണ മേഖലയിൽ ചെലവേറും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനമാണ് വർധന. രജിസ്ട്രേഷൻ ചെലവും കൂടി. ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും നിർമിച്ച് ആറ് മാസത്തിനകം മറ്റൊരാൾക്ക് കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് അഞ്ച് ശതമാനമെന്നത് ഏഴ് ശതമാനമായി. കെട്ടിട നികുതിയിലും ഉപനികുതികളിലും 5 ശതമാനമാണ് വർധന. പ്രതിമാസ പിഴത്തുക ഒരു ശതമാനത്തിൽനിന്ന് രണ്ട് ശതമാനമായി വർധിച്ചു.
വാഹന നികുതി കൂടി
സ്വകാര്യ വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി കൂടി. ഇലക്ട്രിക് വാഹനങ്ങൾക്ക് ആദ്യ 5 വർഷത്തേക്ക് നൽകിയിരുന്ന 50 ശതമാനം നികുതി ഇളവ് ഇനിയില്ല.
മദ്യത്തിന് ബജറ്റിലേക്കാൾ വില കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തെക്കാൾ കൂടുതൽ വിലവർധന ഉണ്ടാകുമെന്നാണ് വിവരം. ശനിയാഴ്ച ഡ്രൈഡേ ആയതിനാൽ മദ്യശാലകൾ തുറന്നിരുന്നില്ല. ഇന്ന് 500 രൂപക്ക് മുകളിലുള്ള മദ്യത്തിന് 30 രൂപ വർധിക്കുമെന്നാണ് അറിയുന്നത്. 20 രൂപ കൂടുമെന്നായിരുന്നു ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. വിൽപന നികുതി വർധിക്കുന്നതിനാലാണ് പത്ത് രൂപ കൂടി വർധിപ്പിക്കേണ്ടിവരുന്നതെന്നാണ് ബെവ്കോ വിശദീകരണം. 1000 രൂപക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തിൽ 40 രൂപ വർധിക്കുമെന്നാണെങ്കിലും ഫലത്തിൽ 50 രൂപ വർധിക്കും. സാമൂഹികസുരക്ഷയുടെ ഭാഗമായാണ് ബജറ്റിൽ ഈ തുക സെസ് ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.