ഇന്ധന വില: ലോറി ഉടമകൾ സമരത്തിലേക്ക്; ചരക്കുവില കൂടിത്തുടങ്ങി
text_fieldsകൊച്ചി: രാജ്യത്ത് ഇന്ധനവില ക്രമാതീതമായി വർധിച്ചതോടെ ലോറിവാടക കൂട്ടിയത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലേക്ക് നയിക്കുന്നു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ വരും ദിവസങ്ങളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. അതിനിടെ, മാർച്ച് 15 മുതൽ രാജ്യവ്യാപകമായി അനിശ്ചിതകാലത്തേക്ക് ചരക്കുലോറികളുടെ ഓട്ടം നിർത്തിവെക്കാൻ ഓൾ ഇന്ത്യൻ ട്രാൻസ്പോർട്ടേഴ്സ് വെൽഫെയർ അസോസിയേഷൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി ഫെബ്രുവരി 26ന് സൂചന പണിമുടക്ക് നടത്തും.
ഒട്ടേറെ സ്വകാര്യബസുകളും ചരക്കുലോറികളും ഇതിനകം ഓട്ടം നിർത്തി. ലോറികൾ ഓട്ടം നിർത്തുന്നത് ചരക്കുവരവിനെ ബാധിക്കുകയും ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കുകയും ചെയ്യും. ലോറി വാടകയിൽ രണ്ടായിരം രൂപയുടെ വർധനവുണ്ടായതോടെ പച്ചക്കറി വില കൂടിത്തുടങ്ങിയിട്ടുണ്ട്. ഉള്ളിയുടെ മൊത്തവില 120 രൂപയിലെത്തി. വരും ദിവസങ്ങളിൽ പച്ചക്കറി വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികളും നഷ്ടം സഹിച്ച് സർവിസ് നടത്തേണ്ട അവസ്ഥയിലാണെന്ന് സ്വകാര്യ ബസ് ഉടമകളും ടാക്സി തൊഴിലാളികളും പറയുന്നു.
സമരം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്ക് വരവിനെ കാര്യമായി ബാധിക്കും. അടിക്കടിയുള്ള ഡീസൽ വില വർധനവ്, അമിത ടോൾ നിരക്ക്, അശാസ്ത്രീയമായ സ്ക്രാപ്പിങ് നയം, ഹരിത നികുതിയിലെ വർധന തുടങ്ങിയവ മൂലം ലോറി വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകൾ പറയുന്നു. നേരത്തേ കിലോമീറ്ററിന് 28 രൂപയായിരുന്ന ചെലവ് ഇപ്പോൾ 40 രൂപക്കടുത്തായെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ ആവശ്യങ്ങളിൽ സർക്കാർ അടിയന്തര ചർച്ചക്ക് തയാറാകണമെന്നാണ് ആവശ്യം.
കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപ കടന്നു
അതേസമയം, രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. വെള്ളിയാഴ്ച പെട്രോളിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്. രാജസ്ഥാനിലെ ശ്രീഗംഗ നഗറിലാണ് ഏറ്റവും ഉയർന്ന വില. പെട്രോളിന് 100.82 രൂപയും ഡീസലിന് 92.83 രൂപയും. തുടർച്ചയായി പതിനൊന്നാം ദിവസമാണ് ഇന്ധന വില വർധിക്കുന്നത്.
കേരളത്തിൽ എല്ലാ ജില്ലകളിലും 90 രൂപക്ക് മുകളിലാണ് പെട്രോൾ വില. തിരുവനന്തപുരത്ത് യഥാക്രമം 92.07 രൂപയും 86.62 രൂപയുമാണ്. എക്സ്ട്രാ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് 95.60 രൂപയായി. െകാച്ചിയിൽ പെട്രോളിന് 90.08 രൂപയും ഡീസലിന് 84.70 രൂപയും കോഴിക്കോട് 90.46, 85.10 എന്നിങ്ങനെയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.