'വസ്ത്ര വ്യാപാര മേഖലയെ സംരക്ഷിക്കണം'; സിഗ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsകൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വസ്ത്ര വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
കോവിഡ് വാക്സിൻ വിതരണത്തിന്‍റെ മുൻഗണനപ്പട്ടികയിൽ വസ്ത്ര വ്യാപാരികളെയും തൊഴിലാളികളെയും ഉൾപ്പെടുത്തണമെന്നും സിഗ്മ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നു. വ്യവസായ വകുപ്പ് മന്ത്രി, എറണാകുളം-കോഴിക്കോട് ജില്ലാ കലക്ടർമാർ, ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്‍റർ ജനറൽ മാനേജർമാർ എന്നിവർക്കും നിവേദനത്തിന്‍റെ പകർപ്പുകൾ നൽകി.
ലോക്ഡൗൺ ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യാപാര സ്ഥാപനങ്ങളെ അടച്ചുപൂട്ടലിലേക്ക് എത്തിക്കും. പ്രളയവും മറ്റു പ്രകൃതി ദുരന്തങ്ങളും കാരണം വർഷങ്ങളായി വസ്ത്ര വ്യപാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ നിരവധി പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.
തുടർച്ചയായി മൂന്ന് വർഷത്തിലധികമായി പ്രധാന വ്യാപാര സീസണുകളെല്ലാം നഷ്ടപ്പെട്ടു. വലിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന വ്യാപാര മേഖലയ്ക്ക് അൽപമെങ്കിലും പ്രതിക്ഷ നൽകുന്ന സീസണുകളാണ് വരാൻ പോകുന്നത്. അതിനായി വലിയ രീതിയിലുള്ള തയാറെടുപ്പുകളും ഭൂരിഭാഗം വ്യാപാരികളും നടത്തിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്ത റാലികളും പൊതുയോഗങ്ങളും കോവിഡ് നിയന്ത്രണങ്ങളില്ലാതെ നടത്തുകയും വോട്ടെടുപ്പിന് ശേഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നത് ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന വസ്ത്ര വ്യാപാര മേഖലയെ തകർക്കും. വ്യാപാര സ്ഥാപനങ്ങളുടെ നടത്തിപ്പിനെ ബാധിക്കുന്ന നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ഇത് കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ സാരമായി ബാധിക്കുകയും കോവിഡിനെക്കാൾ വലിയ ആപത്തുകൾക്ക് കാരണമാകുകയും ചെയ്യും.
കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചുകൊണ്ട് കൂടുതൽ സമയം കടകൾ തുറക്കാൻ അനുവദിക്കുന്നതിലൂടെ തിരക്കു കുറച്ചു വ്യാപാരം നടത്തുവാൻ സാധിക്കുമെന്നും ദക്ഷിണേന്ത്യയിലെ നൂറിലധികം ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് അംഗങ്ങളായുള്ള സിഗ്മ നിവേദനത്തിലൂടെ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.