ആ തകർച്ചക്ക് കാരണം വളച്ചൊടിച്ച വിവരണങ്ങൾ; സ്റ്റോക്ക് വീഴ്ചയിൽ മാധ്യമങ്ങളെ പഴിച്ച് അദാനി
text_fieldsഅദാനി ഗ്രൂപ്പിന്‍റെ ഒാഹരിയിൽ സംഭവിച്ച വൻ വീഴ്ചയിൽ മാധ്യമങ്ങളെ പഴിച്ച് ഗൗതം അദാനി. അശ്രദ്ധവും നിരുത്തരവാദപരവുമായി ചില മാധ്യമങ്ങൾ നടത്തിയ റിപ്പോർട്ടിങ്ങാണ് ഗ്രൂപ്പിന്‍റെ ഒാഹരികളിൽ വൻ വീഴ്ചക്ക് കാരണമായതെന്ന് കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ ഗൗതം അദാനി പറഞ്ഞു.
കഴിഞ്ഞ മാസം അദാനി ഗ്രൂപ്പിന്‍റെ ഒാഹരിനിലവാരം കൂപ്പുകുത്തുകയും ഒറ്റ ദിവസം ഏകദേശം 600 കോടി യു.എസ് ഡോളർ നഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. നാഷനൽ സെക്യൂരിറ്റിസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) അദാനി ഗ്രൂപ്പിലെ ഒാഹരിയുടമകളായ മൂന്ന് വിദേശ നിക്ഷേപ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്നാണ് കമ്പനി കടുത്ത നഷ്ടം നേരിട്ടത്. എൻ.എസ്.ഡി.എലിന്‍റെ നടപടി സംബന്ധിച്ച വാർത്തകൾ അദാനി ഗ്രൂപ്പ് നിഷേധിച്ചിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ തെറ്റാണെന്നായിരുന്നു കമ്പനിയുടെ നിലപാട്.
എന്നാൽ, റെഗുലേറ്റർമാരുടെ ഭരണനടപടികൾ നിരുത്തരവാദപരമായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഒാഹരികൾ ഇടിഞ്ഞതെന്ന് അദാനി വിശദീകരിച്ചു.
വളച്ചൊടിച്ച വിവരണങ്ങൾ കാരണം കമ്പനിയുടെ ചെറു നിക്ഷേപകർ തെറ്റിദ്ധരിച്ചതാണ് ഒാഹരി കൂപ്പുകുത്താൻ കാരണമെന്ന് ഗൗതം അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പിൽ 43,500 കോടി രൂപയുടെ നിക്ഷേപമുള്ള മൂന്ന് കമ്പനികൾക്കെതിരെയാണ് എൻ.എസ്.ഡി.എൽ നടപടി എടുത്തത്. അദാനി എൻറർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയിലായിരുന്നു മൂന്നു വിദേശ കമ്പനികളുടെയും നിക്ഷേപം. അൽബുല ഇൻവെസ് റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ് ഫണ്ട്, എ.പി.എം.എസ് ഇൻവെസ്റ്റ്മെൻറ് ഫണ്ട് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് എൻ.എസ്.ഡി.എൽ മരവിപ്പിച്ചത്. മൊറീഷ്യസ് ആസ്ഥാനമായി രജിസ്റ്റർ ചെയ്തതാണ് ഈ മൂന്നു സ്ഥാപനങ്ങളും. ഇവക്കെല്ലാം ഒരേ വിലാസമാണെന്നും ഇവക്ക് വെബ്സൈറ്റുകളില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.