വീണ്ടും കൂടി സ്വർണം, മൂല്യമിടിഞ്ഞ് രൂപ; ആശങ്ക മാറാതെ എണ്ണ; നേരിയ ഉണർവിൽ ഓഹരി
text_fieldsന്യൂഡൽഹി: എണ്ണ, ചരക്ക് വില വർധന ആഗോള വിപണികളെ പിടിച്ചുകുലുക്കുന്നു. ഇന്ധനവില വർധന ആശങ്കകൾക്കിടെ റെക്കോഡ് നിലയിലെത്തിയ അസംസ്കൃത എണ്ണവില 100 ഡോളറിന് മുകളിൽ തുടരുന്നു.
യൂറോപ്പും, യു.എസും റഷ്യക്കെതിരായ ഉപരോധം കടുപ്പിച്ചിരിക്കെ നിക്ഷേപകർ സുരക്ഷിത ഓഹരികളിൽ കണ്ണെറിയുന്നതിനാൽ ഓഹരി സൂചികകളും അനിശ്ചിതത്വത്തിലാണ്. രൂപയുടെ മൂല്യം താഴ്ന്ന നിലയിൽ തുടരുമ്പോൾ സ്വർണ വില കുതിക്കുകയാണ്.
യുക്രെയ്ൻ സംഘർഷ നിഴലിൽ ബാരലിന് 130 ഡോളർ കടന്ന എണ്ണവില നേരിയ സ്ഥിരത കൈവരിച്ചിട്ടുണ്ട്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡ് 2.43 ഡോളർ ഉയർന്ന് ബാരലിന് 125.64 ഡോളറും യു.എസ് ക്രൂഡ് ബാരലിന് 2.16 ഡോളർ ഉയർന്ന് 121.56 ഡോളറും ആണ്. ചൊവ്വാഴ്ച കൂടുമെന്ന് കരുതിയെങ്കിലും പെട്രോൾ, ഡീസൽ വില വർധിക്കാത്തത് ജനങ്ങൾക്ക് ആശ്വാസമായി. പൊതുമേഖല സ്ഥാപനങ്ങളായ ഐ.ഒ.സി, ബി.പി.സി.എൽ, എച്ച്.പി.സി.എൽ എന്നിവ ഇന്ധന വില പരിഷ്കരിക്കുംമുമ്പ് ഏതാനും ദിവസങ്ങൾ കൂടി അന്താരാഷ്ട്ര സാഹചര്യം നിരീക്ഷിക്കുമെന്ന് കമ്പനി പ്രതിനിധി പറയുന്നു.
തിങ്കളാഴ്ച രാത്രി വൈകി എണ്ണ മന്ത്രാലയ ഉദ്യോഗസ്ഥരുമായി എണ്ണ കമ്പനി പ്രതിനിധികൾ നടത്തിയ ചർച്ചകളെ തുടർന്നാണ് ഈ തീരുമാനം. അന്താരാഷ്ട്ര എണ്ണവിലയിലെ ഇപ്പോഴത്തെ കുതിച്ചുചാട്ടം താൽക്കാലിക പ്രതിഭാസമാണോ തുടരുമോ എന്ന് നിരീക്ഷിക്കുകയാണെന്ന് മുതിർന്ന കമ്പനി പ്രതിനിധി പറഞ്ഞു.
ഡൽഹി, മുംബൈ കൊൽക്കത്ത എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ മാറ്റമില്ലാതെ തുടരുമ്പോൾ ചെന്നൈയിൽ പെട്രോൾ വില 11 പൈസ കുറഞ്ഞ് 101.40 രൂപയായി. ഡൽഹിയിൽ സ്വർണം 10 ഗ്രാമിന് 406 രൂപ ഉയർന്ന് 53,812 രൂപയിലെത്തിയെങ്കിലും 53,406 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. വെള്ളി കിലോക്ക് 70,312 രൂപയിൽനിന്ന് 985 രൂപ വർധിച്ച് 71,297 രൂപയായി.
രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 2010 ഡോളറിലും വെള്ളി ഔൺസിന് 25.99 ഡോളറിലുമാണ് വ്യാപാരം. ചൊവ്വാഴ്ച രൂപയുടെ മൂല്യം യു.എസ് ഡോളറിനെതിരെ 6 പൈസ ഇടിഞ്ഞ് 76.99 രൂപ എന്ന നിലയിലായി. തിങ്കളാഴ്ച ഇത് 77 രൂപയെന്ന റെക്കോഡ് മൂല്യമിടിവിലായിരുന്നു.
ഇന്ധനവില തീരുമാനിക്കുക എണ്ണക്കമ്പനികൾ -മന്ത്രി
ന്യൂഡൽഹി: ഇന്ധനവില എണ്ണക്കമ്പനികൾ തീരുമാനിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. എങ്കിലും ജനതാൽപര്യം സംരക്ഷിക്കാൻ സർക്കാർ ഇടപെടും. ക്രൂഡോയിൽ ക്ഷാമം ഉണ്ടാകില്ല. വേണ്ട ക്രൂഡോയിലിന്റെ 85 ശതമാനവും 55 ശതമാനം ഗ്യാസും ഇറക്കുമതി ചെയ്യുകയാണെങ്കിലും ഊർജ ആവശ്യം നിറവേറ്റപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചതാണെന്നും തെരഞ്ഞെടുപ്പിന് ശേഷം നിരക്ക് വീണ്ടും വർധിപ്പിക്കുമെന്നുമുള്ള ആരോപണം അദ്ദേഹം തള്ളി. എണ്ണവില നിർണയിക്കുന്നത് ആഗോളവില നിലവാരമാണ്. ലോകത്തിന്റെ ഒരുഭാഗത്ത് സംഘർഷ സാഹചര്യമുണ്ടെന്ന വസ്തുത എണ്ണക്കമ്പനികൾ പരിഗണിക്കും.
കോവിഡ് വ്യാപനം തടയാനുള്ള ലോക്ഡൗൺ കാരണം സാമ്പത്തിക ഇടപാടുകൾ നിലച്ചത് ആഗോള എണ്ണവില ഇടിയാൻ കാരണമായി. എന്നാൽ, യുക്രെയ്നിലെ സംഘർഷവും സൈനിക നടപടിയും കാരണം എണ്ണവില ഉയർന്നതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.