വ്യവസായ എസ്റ്റേറ്റുകൾ നവീകരിക്കാൻ സർക്കാർ; പോരായ്മകളിൽ പഠനം
text_fieldsകോട്ടയം: സംസ്ഥാനത്തെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ നവീകരിക്കാൻ വ്യവസായവകുപ്പ് തീരുമാനം. വ്യവസായികവിപ്ലവം ലക്ഷ്യമിട്ട് രൂപംനൽകിയ വ്യവസായ എസ്റ്റേറ്റുകളുടെ നിലവിലെ സ്ഥിതി വേണ്ടത്ര മെച്ചമല്ലെന്ന വിലയിരുത്തലിലാണ് നടപടി. ഇതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ എല്ലാ ജില്ലകളിലും പഠനസംഘങ്ങളെ നിയോഗിക്കും. ഇതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. കൈയേറ്റമടക്കമുള്ളവ കണ്ടെത്താനും നടപടിയുണ്ടാകും. എല്ലാ വ്യവസായമേഖലകളുടെയും സമഗ്രവിവരം ശേഖരിക്കുന്നതിനൊപ്പം സംരംഭകർ നേരിടുന്ന പ്രശ്നങ്ങളും പഠിക്കും. ഓരോ സംരംഭകനെയും നേരിൽ കണ്ട് വിവരം ശേഖരിക്കുന്നതിനൊപ്പം ഇവരുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കും. ഇതിനായി എല്ലാ ജില്ലകളിലും കരാർ അടിസ്ഥാനത്തിൽ എം.ബി.എ യോഗ്യതയുള്ളവരെ നിയമിച്ചുതുടങ്ങിയിട്ടുണ്ട്. ഇവർക്ക് സംസ്ഥാന അടിസ്ഥാനത്തിൽ പരിശീലനക്ലാസും നൽകി. ഇവർ അതത് ജില്ലകളിലെ എസ്റ്റേറ്റുകളുടെ സമഗ്രവിവരങ്ങൾ ശേഖരിച്ച് മൂന്നുമാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. എസ്റ്റേറ്റുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പൊതുവായ നിർദേശങ്ങൾക്കൊപ്പം പ്ലോട്ടുകളുടെ വിശദാംശങ്ങളും ശേഖരിക്കും.
ഇതിനായി പ്രത്യേക സോഫറ്റ്വെയറിനും രൂപം നൽകിയിട്ടുണ്ട്. റോഡ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളിൽ കുറവുണ്ടോയെന്നും പരിശോധിക്കും. ബഹുനിലകെട്ടിടങ്ങൾ നിമിച്ചുനൽകിയിട്ടുള്ള സ്ഥലങ്ങളിൽ ഇവയുടെ അടിസ്ഥാനസൗകര്യങ്ങളും വിലയിരുത്തും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനാണ് വ്യവസായവകുപ്പിന്റെ തീരുമാനം.
ചെറുകിട വ്യവസായ സംരംഭകർക്കായി വൻ പ്രതീക്ഷയോടെ രൂപംനൽകിയ വ്യവസായ എസ്റ്റേറ്റുകളിൽ തുടക്കത്തിലുള്ള സ്ഥാപനങ്ങൾക്ക് പുറമേ, പുതിയതായി സംരംഭകർ എത്തിയിരുന്നില്ല. ഇതോടെയാണ് എസ്റ്റേറ്റുകൾ നവീകരിക്കാൻ തീരുമാനിച്ചത്. ഉൽപാദനം വർധിപ്പിക്കാനുള്ള സാധ്യതകളും പരിശോധിക്കും. വേണ്ടത്ര സജീവമല്ലാത്ത സ്ഥാപനങ്ങളെയും കണ്ടെത്തും. മറ്റ് സംരംഭങ്ങളുടെ സാധ്യതകൾ പരിശോധിക്കാൻ നിർദേശമുണ്ട്.
ഡെവലപ്മെന്റ് എരിയ, പ്ലോട്ട് എന്നിങ്ങനെയായി ജില്ല വ്യവസായ കേന്ദ്രങ്ങൾക്ക് കീഴിൽ സംസ്ഥാനത്ത് 40 എസ്റ്റേറ്റുകളാണുള്ളത്. ചെറുതും വലുതുമായി ഇവയിലാകെ 2635 യൂനിറ്റുകളുണ്ട്. ഇതിൽ 2205 യൂനിറ്റുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.